ആഗോള രോഗപ്രതിരോധ വാരത്തില്‍ സഭകളുടെ ആഗോള കൂട്ടായ്മയുടെ പ്രസ്താവന

ഏപ്രില്‍ 24 മുതല്‍ 30 വരെ തീയതികളില്‍ ലോകാരോഗ്യ സംഘടന ആചരിക്കുന്ന ആഗോള രോഗപ്രതിരോധ വാരത്തില്‍ ഇറക്കിയ പ്രസ്താവനയില്‍, മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ഭൂമിയേയും മനുഷ്യകുലത്തേയും രക്ഷിക്കുവാനും വൈറസ് ബാധ മൂലം പരസ്പരം അകന്നിരിക്കുന്ന കുടുംബങ്ങളുടേയും സമൂഹങ്ങളുടേയും രാജ്യങ്ങളുടേയും കൂട്ടായ്മ പുനസ്ഥാപിക്കുവാനാകണമെങ്കില്‍ എല്ലാവരും കോവിഡ് 19-നെതിരായ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കണമെന്ന് സഭകളുടെ ജനീവ കേന്ദ്രത്തില്‍ നിന്നും ഇറക്കിയ പ്രസ്താവന ആഹ്വാനം ചെയ്തു.

അനുവര്‍ഷം ഏപ്രില്‍ മാസത്തിന്റെ അവസാന വാരത്തിലാണ് ലോകാരോഗ്യ സംഘടനയും യുനിസെഫും കൈകോര്‍ത്ത് ലോകജനതയുടെ പൊതുവായ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക വാരം ആചരിക്കുന്നത്. മനുഷ്യകുലത്തെ വിനാശകരമായ രോഗബാധയില്‍ നിന്ന് രക്ഷിക്കുന്നതിനും ഭൂമിയുടെ സമഗ്രത നിലനിര്‍ത്തുന്നതിനുമുള്ള പരിശ്രമത്തിന്റേയും ഭാഗമാണ് ഈ ആഗോള പ്രതിരോധ വാരം. ലോകത്തെ കൊറോണ വൈറസ് ബാധ ഗ്രസിച്ചതോടെ പൊതുവായ ആരോഗ്യപരിപാലനയ്ക്കായി കുട്ടികള്‍ക്ക് നിശ്ചിതസമയത്ത് നല്‍കിയിരുന്ന പോളിയോ, മഞ്ഞപ്പിത്തം മുതലായ രോഗപ്രതിരോധ കുത്തിവയ്പുകള്‍ നിര്‍ത്തലാക്കാതെ തുടരണമെന്ന് സഭകളുടെ കൂട്ടായ്മ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

ഈ മഹാമാരിക്കാലത്ത് സര്‍ക്കാരുകളും ചില സന്നദ്ധസംഘടനകളും ലഭ്യമാക്കുന്ന കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് സഭകളുടെ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്രചാരത്തിനായി പരിശ്രമിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.