കുട്ടികളുടെ വാക്സിനേഷൻ ഇന്നുമുതൽ, ആറുലക്ഷത്തിലധികം രജിസ്ട്രേഷൻ

പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച തുടക്കംകുറിക്കും. 2007-ലോ മുമ്പോ ജനിച്ചവർക്കാണ് വാക്സിൻ നൽകുക. ഞായറാഴ്ച വൈകുന്നേരംവരെ ആറുലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തു. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം.

വാക്സിനേഷൻ നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി ഡോ. മൻസുഖ് മണ്ഡവ്യ ഞായറാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് നൽകേണ്ടതെന്നും വാക്സിൻ മാറിപ്പോകില്ലെന്നു ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശം നൽകി. കുട്ടികൾക്കായി പ്രത്യേകം വാക്സിൻകേന്ദ്രങ്ങൾ സജ്ജീകരിക്കണം.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധനടപടികളുടെ പുരോഗതിയും യോഗം അവലോകനംചെയ്തു. കോവിഡിനുനേരെ നടത്തിയ ശക്തമായ പോരാട്ടം ഒമിക്രോണിനുനേരെയും വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യസംവിധാനം മെച്ചപ്പെടുത്താൻ കേന്ദ്ര ഫണ്ടുകൾ സംസ്ഥാനങ്ങൾ നന്നായി വിനിയോഗിക്കണം. ആവശ്യത്തിന് വാക്സിനുണ്ടെന്ന് കോവിൻ ഉപയോഗിക്കുന്ന ഗുണഭോക്താക്കളുടെ ജില്ലതിരിച്ചുള്ള കണക്കെടുപ്പിലൂടെ ഉറപ്പുവരുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.