കോവിഡ് 19: അമേരിക്കയില്‍ മാത്രം ഒരു ലക്ഷം രോഗബാധിതര്‍

കൊറോണ ലോകത്തില്‍ ഭയാനകമായ രീതിയില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികളുള്ള അമേരിക്കയിൽ ന്യൂയോർക്കിൽ മാത്രം രോഗികൾ അരലക്ഷത്തോടടുക്കുന്നു. ജനസംഖ്യയുടെ പകുതിയിലേറെ വീട്ടിലടച്ചിരിക്കുന്നു.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. ആകെ 1,400 പേരാണ് രോഗികൾ. 2 മാസത്തിലേറെയായി അടച്ചിട്ട, വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാൻ നഗരം തുറന്നു. പാസഞ്ചർ ട്രെയിനുകൾ ഓടി. കടകൾ തുറന്നു. രാജ്യത്ത് ഇന്നലെ 3 മരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. പുതിയതായി 54 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.

ബ്രിട്ടനില്‍ ആകെ രോഗികൾ 17,000. മരണം 1,000 കടന്നു. ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്, സ്കോട്ടിഷ് മന്ത്രി അലിസ്റ്റർ ജാക്ക് എന്നിവർക്കു കൂടി രോഗം ബാധിച്ചു. ഇറ്റലിയില്‍ കൊറോണ സംഹാരതാണ്ഡവം ആടുകയാണ്. മരണം 10,023. രോഗികൾ 86,000 കവിഞ്ഞു. ഇന്നലെ മാത്രം ആയിരത്തോളം രോഗികൾ. ഇറാനിലും സ്ഥിതി ഗുരുതരമാവുകയാണ്. രോഗികൾ 35,000. ഒരു ദിവസം 139 മരണം. ആകെ മരണം 2517. ഇന്നലെ മാത്രം 3,000 രോഗികൾ.

ജര്‍മ്മനിയില്‍ ഇന്നലെ മാത്രം 6,000 രോഗികൾ. ആകെ രോഗികൾ അരലക്ഷമാകുന്നു. മരണം 433. സ്പെയിനിലും കാര്യങ്ങള്‍ അതീവഗുരുതരമായ സാഹചര്യത്തിലേയ്ക്കാണ് നീങ്ങുന്നത്. ഇന്നലെ മാത്രം ഇവിടെ മരിച്ചത് 832 പേരാണ്.

ലോകത്താകെ രോഗം ബാധിച്ചവർ 6,16,161 പേരാണ്. ഇതില്‍ 30,851 മരണമടഞ്ഞു. 23,997 ഗുരുതരാവസ്ഥയിലാണ്. 1,37,336 പേര്‍ക്ക് രോഗം ഭേദമായി എന്നത് നേരിയ ആശ്വാസം പകരുന്നു.