ചർച്ച് ബിൽ: പ്രതിഷേധ സമ്മേളനം ഇന്ന് കോട്ടയത്ത്

കേരള സംസ്ഥാന സർക്കാരിന്റെ നിയമപരിഷ്‌ക്കരണ കമ്മീഷൻ തയ്യാറാക്കി സർക്കാർ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചർച്ച് ബിൽ 2019, ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സംഘടനകളുടെ സഹകരണത്തോടെ ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം തിരുനക്കര മൈതാനിയിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുന്നു. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്യും.

കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സമിതി പ്രസിഡന്റ് ബിജു പറയന്നിലം അദ്ധ്യക്ഷത വഹിക്കും. കമ്മീഷൻ ഏകപക്ഷീയമായി തയ്യാറാക്കിയിട്ടുള്ള ബിൽ സർക്കാരുമായി ആലോചിച്ചിട്ടില്ലെന്നും ബിൽ നടപ്പിലാക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന്റെ പശ്ചാത്തലത്തിൽ കമ്മീഷൻ ഈ ബിൽ സംബന്ധിച്ചുള്ള തുടർനടപടികൾ നിർത്തിവയ്ക്കണമെന്നും സർക്കാർ സൈറ്റിൽ നിന്നും നീക്കം ചെയ്യണമെന്നുമുള്ള ആവശ്യം ചെയർമാൻ ജസ്റ്റീസ് കെ.ടി.തോമസ് അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളനത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.  കത്തോലിക്കാ കോൺഗ്രസ് ബിഷപ് ലെഗേറ്റും താമരശേരി രൂപതാധ്യക്ഷനുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ അനുഗ്രഹപ്രഭാഷണം നടത്തും. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മുണ്ടകത്തിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, പാലാ രൂപതാ വികാരി ജനറാൾ ഡോ. ജോസഫ് കുഴിഞ്ഞാലിൽ, കോതമംഗലം രൂപതാ വികാരി ജനറാൾ മോൺ. ജോർജ്ജ് ഓലിയപ്പുറം, കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. ജിയോ കടവി, കേരള കാത്തലിക് ഫെഡറേഷൻ പ്രസിഡന്റ് പി.കെ. ജോസഫ്, മാതൃവേദി പ്രസിഡന്റ് റീത്താമ്മ ജെയിംസ്, കെ.എൽ.സി.എ ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, എസ്.എം.വൈ.എം സംസ്ഥാന ട്രഷറർ ജോസ്‌മോൻ.കെ. ഫ്രാൻസിസ്, ഭാരവാഹികളായ ടോണി പുഞ്ചക്കുന്നേൽ, പി.ജെ.പാപ്പച്ചൻ, പ്രൊഫ. ജോയി മുപ്രാപ്പള്ളി, സാജു അലക്‌സ്, സെലിൻ സിജോ, തോമസ് പീടികയിൽ, പ്രൊഫ. ജാൻസൻ ജോസഫ്, സ്റ്റീഫൻ ജോർജ്, വർഗീസ് ആന്റണി, രാജീവ് കൊച്ചുപറമ്പിൽ, ഐപ്പച്ചൻ തടിക്കാട്ട്, രാജേഷ് ജോൺ തുടങ്ങിയവർ പ്രസംഗിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.