ഇത്ര വിമർശിക്കാൻ മാത്രം ചർച്ച് ബിൽ 2019- ന് എന്താണ് കുഴപ്പം?

അഡ്വ.  മനു ജെ. വരാപ്പള്ളി M.A, LLB

കേൾക്കുമ്പോൾ ഇമ്പമുള്ളതും ശരിയെന്ന് തോന്നുന്നതുമായ വാക്കുകളാണ് ചർച്ച് ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടുള്ളവ. ‘മധുരമനോഹരമായ കിനാശ്ശേരി’ എന്ന പ്രയോഗം പോലെ “എല്ലാം ശരിയാക്കാൻ” ഇത് നടന്നേ പറ്റൂ എന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാല്‍ അതാണോ സത്യം? യതൊരു ചട്ടങ്ങളും ഇല്ലാതെയാണോ സഭയുടെ പ്രവർത്തങ്ങൾ? രാജ്യനിയമങ്ങൾ സഭയ്ക്ക് ബാധകമല്ലേ? എവിടെയാണ് സാമ്പത്തിക നഷ്ടമുണ്ടാക്കിയ സംഭവങ്ങൾ ഉണ്ടായത്?

“ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26(d) പ്രകാരം എല്ലാ മതവിഭാഗങ്ങൾക്കും നിയമാനുസൃതം വസ്തുവകകൾ കൈകാര്യം ചെയ്യുന്നതിന് അവകാശമുണ്ട്. നിലവിൽ ക്രൈസ്തവ ദേവാലയങ്ങളുടെ വിവിധ മതവിഭാഗങ്ങളുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. വിവിധ മാർഗ്ഗങ്ങളിലൂടെ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങൾ വൻതോതിൽ വസ്തുവകകൾ ആർജ്ജിച്ചിട്ടുണ്ട്. ഈ വസ്തുക്കളെല്ലാം കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകൾ ഇല്ലാതെ വസ്തുവകകൾ വകമാറ്റം ചെയ്തും പണയപ്പെടുത്തിയും ദേവാലയങ്ങൾക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വിശ്വാസികളുടെ മനോവീര്യത്തെ തകർക്കുന്നു. നിലവിൽ ഇത്തരം വിഷയങ്ങളിൽ പരാതി നൽകാനുള്ള സംവിധാനം ഇല്ല.അതിനാൽ അത്തരത്തിൽ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സർക്കാർ കരുതുന്നതുകൊണ്ടാണ് ഈ കരട് നിയമം അവതരിപ്പിക്കുന്നത്”. സർക്കാർ പുറത്തിറക്കിയ ‘The Kerala Church (Properties and Institutions) bill 2019‘ ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടുള്ള വാക്കുകളാണിവ.

നിലവിലെ നിയമവും സഭാചട്ടങ്ങളും

ക്രൈസ്തവസഭകളുടെ സ്വത്തുക്കൾ സംബന്ധിയായ തർക്കം പരിഹരിക്കാൻ ഇപ്പോൾ യാതൊരു നിയമവും ഇല്ല എന്നുപറയുന്ന നിയമപരിഷ്കണവാദികൾ സിവിൽ നടപടി നിയമവും വസ്തുകൈമാറ്റ നിയമവും മറ്റ് ഭൂനിയമങ്ങളും ക്രൈസ്തവസഭയ്ക്ക് ബാധകമല്ല എന്ന തെറ്റിദ്ധാരണ പരത്തുന്നതിന് ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. ഓർത്തഡോക്സ് – യാക്കോബായ സ്വത്തുതർക്കവും, പരിഷ്കരണവാദികൾ സമീപകാലത്ത് കത്തോലിക്കാസഭയെ  നാണംകെടുത്തുക എന്ന ഉദ്ദേശത്തോടെ ബോധപൂർവ്വം കൊടുത്ത ഭൂമികൈമാറ്റ കേസുകളും എല്ലാം ഇന്ത്യയിലെ നിലവിലെ നിയമവ്യവസ്ഥ അനുസരിച്ചല്ലായിരുന്നോ കൈകാര്യം ചെയ്തത്? അപ്പോൾ അവശ്യനിയമങ്ങളുടെ അഭാവമല്ല മറ്റെന്തോ ഗൂഢലക്ഷ്യമാണ് സർക്കാരിനെ ഇതിലേക്ക് നയിച്ചത് എന്ന് വ്യക്തം.

കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഇടവക വികാരി, ഇടവകയുടെ അധികാരി ആയിരിക്കുമ്പോൾ തന്നെ, ഇടവക കൈക്കാരന്മാരും പള്ളിക്കമ്മിറ്റിക്കാരും പള്ളി പൊതുയോഗവും ആണ് വികാരിക്കൊപ്പം ചേർന്ന് ഇടവകയുടെ സ്വത്ത് സംബന്ധിയായ കാര്യകർതൃത്വങ്ങൾ നടപ്പിലാക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. സീറോ മലബാർ സഭയുടെ പള്ളിയോഗ നടപടിക്രമം 40.9 വകുപ്പ് പ്രകാരം, വികാരിക്കും കൈക്കാരന്മാർക്കും കൂട്ടായ തീരുമാനപ്രകാരം ഇടവകയ്ക്കായി ചിലവാക്കാവുന്ന തുക എന്ന് പറയുക 50,000/- രൂപ മാത്രമാണ്. പള്ളിയുടെ വാർഷിക വരുമാനത്തിന്റെ നാലിൽ ഒന്ന് 50,000/- രൂപയ്ക്ക് താഴെയാണെങ്കിൽ വാർഷിക വരുമാനത്തിന്റെ 25% തുക മാത്രമേ ചിലവഴിക്കാനാകൂ എന്നും ആ വകുപ്പ് പറയുന്നു. ആ തുക പോലും അനുദിന ആരാധനയ്ക്കും, വിശ്വാസ പരിശീലനത്തിനും, അത്യാവശ്യഘട്ടങ്ങളിൽ പള്ളിയിലെ മേശ, കസേര മുതലായ അവശ്യോപകരണങ്ങൾ വാങ്ങുന്നതിനും പള്ളിവക സ്വത്ത് അടിയന്തിരമായി സംരക്ഷിക്കേണ്ട അവസരങ്ങളിലും മാത്രമാണ് ഇടവക പ്രതിനിധി യോഗത്തിന്റെ തീരുമാനമില്ലാതെ ചിലവഴിക്കാനാകൂ എന്ന് പള്ളിയോഗ നടപടി ക്രമം 59, 59.1 വകുപ്പുകളിലും പറയുന്നു.

പള്ളിയോഗ നടപടിക്രമം 60 വകുപ്പ് പ്രകാരം ഇടവക വികാരിക്കും കൈക്കാരന്മാർക്കും കൂടി കൂട്ടായി കയ്യിൽ വയ്ക്കാവുന്ന തുക എന്ന് പറയുക പള്ളിയുടെ ഒരാഴ്ച്ചത്തെ ദൈനംദിന ചിലവുകാശ് മാത്രമാണ്. അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓരോ നിർമ്മാണ പ്രവർത്തനത്തിനും ഇടവക പൊതുയോഗത്തിന്റെയും രൂപതാദ്ധ്യക്ഷന്റെയും അനുവാദവും ആവശ്യമാണ് . ഇതുകൂടാതെ പള്ളിയോഗ നടപടിക്രമം 51 വകുപ്പ് പ്രകാരം ഇടവകയുടെ കണക്കുകൾ നാൾവഴി (ജേർണൽ), പേരേട് (ലെഡ്ജർ) , ആണ്ടുതിരട്ട് (വാർഷിക കണക്ക്), മാസ തിരട്ട് (മാസക്കണക്ക്) തുടങ്ങിയവ കൃത്യമായി എഴുതി ബില്ലും വൗച്ചറും സഹിതം സൂക്ഷിക്കാനുള്ള ബാധ്യത കൈക്കാരന്മാർക്കും വികാരിക്കും ഉണ്ട്. 52 വകുപ്പ് പ്രകാരം, നഷ്ടത്തിന് ഉത്തരവാദികളിൽ നിന്നും നഷ്ടം ഈടാക്കണം എന്നും പള്ളിയോഗ നടപടിക്രമം പറയുന്നു.

പള്ളിയോഗ തീരുമാനങ്ങളിൽ പരാതി ഉണ്ടായാൽ അതിനെതിരെ രൂപതാ കേന്ദ്രത്തിൽ പരാതി ബോധിപ്പിക്കാനും പള്ളിയോഗ നടപടിക്രമം വ്യവസ്ഥകൾ ഒരുക്കിയിട്ടുണ്ട്.  ഇടവകയുടെ കണക്കുകൾ പൊതുയോഗം, നിശ്ചയിക്കുന്ന ഓഡിറ്റേഴ്സിനെ കൊണ്ട് ഓഡിറ്റ് ചെയ്ത് പൊതുയോഗം പാസാക്കിയ ശേഷമാണ് രൂപതാ കേന്ദ്രത്തിൽ ഏൽപ്പിക്കുക. ഈ കണക്കുകൾ ഗവൺമെന്റ് നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം ക്രമീകരിച്ച് ഓഡിറ്റ് ചെയ്ത് നിയമാനുസൃതമുള്ള സർക്കാർ സംവിധാനങ്ങളിൽ സമർപ്പിക്കുകയും ചെയ്യുന്നു. കത്തോലിക്കാസഭയുടെ സ്വത്ത് കൈകാര്യ രീതി ഇത്ര സുതാര്യവും നിയമാസൃതവും ആണെന്നിരിക്കെ ഇതിനെതിരെയുള്ള പ്രചാരണങ്ങൾ ഗൂഢലക്ഷ്യങ്ങളോടെയെന്ന് വ്യക്തമാണ്.

രൂപതാ തലത്തിലും ഇടവകതലത്തിൽ എന്നപോലെ തന്നെ വിവിധതരം സമതികളിൽ തീരുമാനമെടുത്താണ് കാര്യങ്ങൾ നടപ്പിലാക്കുക. മാത്രമല്ല, ഇടവക വികാരിയോ, കൈക്കാരനോ, ബിഷപ്പോ ഒന്നുംതന്നെ സ്വത്ത് കൈകാര്യം ചെയ്യുന്നതും മേടിക്കുന്നതും വ്യക്തിപരമായ നിലയിലല്ല; സഭയെ പ്രതിനിധീകരിക്കുന്ന നൈയാമിക വ്യക്തിത്വം (Jurisdictional Person) എന്ന നിലയിലാണ്. അതായത്, പേര് ആരുടേതാണങ്കിലും സ്വത്തുക്കൾ സഭാസമൂഹത്തിന്‍റെതാണ് എന്ന് ചുരുക്കം.

പള്ളി പ്രതിനിധി യോഗത്തിലേക്കും (പ്രതിപുരുഷ യോഗം) കമ്മറ്റികളിലേക്കും ഒക്കെയുള്ള തിരഞ്ഞെടുപ്പുകൾ നടക്കുക ഇടവകയിലെ കുടുംബങ്ങളുടെ എണ്ണത്തിനനുസരിച്ച് കുടുംബ കൂട്ടായ്മകളിൽ നിന്നോ പള്ളി പൊതുയോഗത്തിൽ നിന്നോ ആണ്. ഈ തിരഞ്ഞെടുപ്പിൽ തന്നെ യുവജനങ്ങൾക്കും വനിതകൾക്കും ദളിത് കത്തോലിക്കർക്കും എല്ലാം കൃത്യമായ അനുപാതവും പ്രാതിനിദ്യവും പള്ളിയോഗ നടപടിക്രമം ഉറപ്പ് തരുന്നുണ്ട്.

വസ്തുതകൾ ഇതായിരിക്കെ, പള്ളിയിലോ പള്ളി പൊതുയോഗത്തിലോ കുടുംബ കൂട്ടായ്മയിലോ പോകാതെ കലുങ്കുകളിലും AC മുറിയിലും ഇരുന്ന് വിമർശനങ്ങൾ അഴിച്ചുവിടുന്നവരോട് നിങ്ങളും ഇടവക ദൈവലായത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് മറ്റ് ഇടവാകാംഗങ്ങളുടെ പിന്തുണയോടെ ഭരണസമതികളിൽ അംഗമായി ‘എല്ലാം ശരിയായി’ നടത്താൻ പറയാനേ സാധിക്കൂ. അല്ലാതെയുള്ള ജല്പനങ്ങൾ നിരീശ്വരവാദികളുടെയും യുക്തിചിന്തകരുടെയും ‘കൊതിക്കെറുവ്’ എന്നേ വിശേഷിപ്പിക്കാനാകൂ.

സഭയുടെ സ്വത്ത് കൈകാര്യ രീതി ക്രൈസ്തവസഭയുടെ പാരമ്പര്യത്തിൻറെയും സംസ്‍കാരത്തിൻറെയും ഭാഗം

സഭയുടെ സ്വത്ത് കൈകാര്യ രീതി, നിയമങ്ങളുടെ വെറും നടപ്പിലാക്കൽ മാത്രമല്ല ആദിമ ക്രൈസ്തവസമൂഹത്തിന്റെ പാരമ്പര്യത്തിൻറെയും സംസ്‍കാരത്തിൻറെയും കൈമാറലും തുടർച്ചയുമാണ് എന്നുള്ളതാണ് സത്യം. ആദിമ ക്രൈസ്തവസമൂഹം തങ്ങൾക്കുള്ളതെല്ലാം പൊതുവായിക്കരുതി ആവശ്യാനുസരണം പങ്കുവച്ച് ഏകമനസ്സോടെ ഹൃദയത്തിലും വിശ്വാസത്തിലും ഒന്നായ ഒരു സമൂഹമായി മാറി. ആ സമൂഹം വളർന്ന് വിവിധ രാജ്യങ്ങളിലായി പടർന്നപ്പോഴും ആദിമ ക്രൈസ്തവസമൂഹത്തിന്റെ പാരമ്പര്യവും സംസ്കാരവും നശിക്കാതെ സഭ കാത്തുസൂക്ഷിച്ചു. സഭയിലെ സന്യാസ സമൂഹങ്ങൾ സ്വകാര്യസ്വത്ത് സമ്പാദ്യമില്ലാതെ തങ്ങൾക്കുള്ളതെല്ലാം പൊതുവായിക്കരുതി പങ്കുവച്ച് ആദിമ ക്രൈസ്തവസമൂഹത്തിന്റെ അതേ തനിമയിൽ ജീവിക്കുമ്പോൾ, ഇടവക ജനങ്ങൾ തങ്ങളുടെ സ്വത്തിൽ ഒരു ഭാഗം ദശാംശമായി സഭയുടെ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രൂപതകളിലെ കേന്ദ്രീകൃത സംവിധാനം വഴി ധനസ്ഥിതിയില്ലാത്ത ഇടവകസമൂഹത്തിന്റെ പ്രവർത്തനങ്ങൾക്കും മറ്റും നൽകുന്നു.

പങ്കുവയ്ക്കലിന്റെ ആദിമ ക്രൈസ്തവസമൂഹചൈതന്യം നമ്മുടെ സാംസ്കാരിക തനിമയാക്കി സഭ, തലമുറകളിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നു. ‘കാനോൻ’ നിയമവും സഭയുടെ ഭരണക്രമവും പൊതുവായ സ്വത്ത് കൈകാര്യ രീതിയും എല്ലാം ക്രൈസ്തവജീവിതത്തിൽ ആദിമ ക്രൈസ്തവസമൂഹ പാരമ്പര്യവും സംസ്കാരവും കൈമോശം വരാതെ കാത്തുപരിപാലിക്കാനുള്ള മാർഗ്ഗമാണ് എന്ന് കാണാനാകും. ഇങ്ങനെ നോക്കുമ്പോൾ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ചർച്ച് ബിൽ, ന്യൂനപക്ഷ സമൂഹത്തിന്റെ സാംസ്കാരിക തനിമയിലേക്കുള്ള കടന്നുകയറ്റവും ഇന്ത്യൻ ഭരണഘടനയുടെ 29 അനുഛേദം ഉറപ്പുതരുന്ന ന്യൂനപക്ഷ സംസ്കാരം കാത്തുസൂക്ഷിക്കാനുള്ള മൗലിക അവകാശത്തിലേക്കുള്ള കടന്നുകയറ്റവുമാണ്.

ക്രൈസ്തവ സമൂഹത്തിലേയ്ക്കുള്ള കടന്നുകയറ്റ ശ്രമങ്ങൾ

ക്രൈസ്തവ സമൂഹത്തിലേക്കുള്ള കടന്നുകയറ്റശ്രമവും സഭാസംവിധാനങ്ങളെ തകർക്കുവാനുള്ള ശ്രമവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സമൂഹത്തിന്റെ ഒഴുക്കിനെതിരെ നിലനിൽക്കുന്ന മാറ്റത്തിന്റെ ശബ്ദമായ സഭയെ നിശബ്ദമാക്കാനും സഭയിലെ വ്യക്തികളുടെ കുറവിനെ സഭയുടെ കുറവായി പർവ്വതീകരിച്ചുകാട്ടി ഒറ്റപ്പെടുത്താനും വിശ്വാസഹൃദയങ്ങളിൽ ചഞ്ചലത വളർത്തി കെട്ടുറപ്പുകൾ ഇല്ലാതാക്കാനും നിയമം മൂലം കടന്നുകയറാനും നിരീശ്വരവാദം വളർത്താനുമുള്ള ശ്രമങ്ങൾ എന്നും നടന്നിട്ടുണ്ട്.

മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലും 1972-ലെ കോളേജ് ബില്ലും 2006-ലെ സ്വാശ്രയ നിയമവും ഇടതു-വലതു മുന്നണി വ്യത്യാസമില്ലാതെയുള്ള കടന്നുകയറ്റ ശ്രമങ്ങളുടെ ഭാഗമായിരുന്നു. 2009-ന് ശേഷം വിദ്യാഭ്യാസ മേഖലയിലൂടെ മാത്രമുള്ള കടന്നുകയറ്റം എന്ന രീതി മാറ്റി ‘ഇടയനെ അടിച്ച് അജഗണത്തെ ചിതറിക്കുക’ എന്ന രീതിയിലേക്ക് കടന്നുകയറ്റ തന്ത്രങ്ങൾ മാറ്റപ്പെട്ടു. 2009-ലെ ചർച്ച് ബിൽ ഈ തന്ത്രത്തിന്റെ ആദ്യ പരീക്ഷണ ശാലയായിരുന്നു എന്നു പറയാം. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ എല്ലാം ക്രിസ്ത്യാനി എന്ന് നിർവ്വചിച്ച് പള്ളികളെയും സഭാസ്ഥാപനങ്ങളെയും എല്ലാം ട്രസ്റ്റുക്കളാക്കി ഇലക്ഷൻ നടത്തി ഭരണവും സ്വത്തിന്റെ കാര്യകർതൃത്വവും നടത്തണം തുടങ്ങിയ നിർദ്ദേശങ്ങളുമായി അവതരിപ്പിച്ച 2009-ലെ ബിൽ, ക്രൈസ്തവ സഭയിൽ ഒന്നും ശരിയല്ല എന്ന ‘പ്രൊപ്പഗാന്തയുടെ’ ആരംഭമായിരുന്നു. ‘നികൃഷ്ടജീവി’ പ്രയോഗത്തിലൂടെ സഭയെ വരുതിയിൽ വരുത്താൻ തങ്ങൾ ആരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ഇല്ലാതാക്കാൻ  ശ്രമിക്കുന്നതെന്നും അവർ പറയാതെ പറഞ്ഞു.

ഇടയന്റെ വിശ്വാസികളുടെ ഇടയിലെ വിശ്വാസ്യത തകർത്താൽ ക്രൈസ്തവസമൂഹത്തിന്റെ കെട്ടുറപ്പില്ലാതാക്കാം എന്ന ചിന്തയോടെ നടന്ന പ്രവർത്തനങ്ങളായിരുന്നു പിന്നീട് കണ്ടത്. ചർച്ച് ആക്ട് കൗൺസിൽ, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ തുടങ്ങി വിഘടനവാദികളുടെയും രാഷ്ട്രീയ ഏറാൻമൂളികളുടെയും സംഘങ്ങളെ ഗൂഢമായി വളർത്തി ഇവരുടെ അഞ്ചും ആറും പേരുള്ള പ്രകടനങ്ങളെപ്പോലും മാധ്യമ-നവ മാധ്യമരംഗത്തെ പിണിയാളുകളുടെ സഹായത്തോടെ മഹാസംഭവങ്ങളാക്കി മാറ്റി ക്രൈസ്തവ വിരുദ്ധ ‘പ്രൊപ്പഗാന്ത’ വളർത്തിക്കൊണ്ടു വന്നതിന് നാം സാക്ഷിയാണ്. നിർഭാഗ്യവശാൽ സഭയുടെ ഭാഗമായ ചില വ്യക്തികളുടെ വീഴ്ച്ചകൾ ഈ പ്രചരണത്തിന് ആക്കവും കൂട്ടി എന്ന് പറയാം.

കസ്തൂരിരംഗൻ വിഷയത്തിലും മറ്റും സഭ, ജാതി-മത വ്യത്യാസമില്ലാതെ കുടിയേറ്റ കർഷകന്റെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ടപ്പോൾ തീവ്രകമ്മ്യൂണിസ്റ്റ്  ചിന്താഗതിക്കാരായ ചില പരിസ്ഥിതിവാദികളും തങ്ങളുടെ മേഖലയിലെ സഭയുടെ ഇടപെടൽ ഇഷ്ട്ടപ്പെടാത്ത ചില മതമൗലികസംഘങ്ങളും ഇടതുപക്ഷം തുറന്നുവിട്ട ഈ ‘പ്രൊപ്പഗാന്ത’യുടെ ഭാഗമായി. നിശബ്ദമായി നിന്ന് വലതുപക്ഷവും ഇതിന് പിന്തുണയേകി എന്നു പറയാതെ വയ്യ. ഭാരതത്തിൽ നിന്ന് ക്രൈസ്തവഉന്മൂലനം സ്വപ്നം കാണുന്ന സംഘപരിവാർ ഈ ‘പ്രൊപ്പഗാന്തയെ’ ക്രൈസ്തവസമൂഹം മറ്റുള്ളവർക്ക് അർഹതപ്പെട്ടത് തട്ടിയെടുത്തു എന്ന ചിന്ത വളർത്താനുള്ള അവസരമായാണ് ഉപയോഗിച്ചത്. പല പതിറ്റാണ്ടുകളായി കുരിശിന്റെ വഴി നടക്കുന്ന കുരിശുമലകളെപ്പറ്റി തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിൽ നടത്തിയ സമരങ്ങൾ ഇതിന് തെളിവാണ്.

ഇടതടവില്ലാതെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന സഭാവിരുദ്ധ വാർത്തകളും കേരളത്തിലെ യുക്തിവാദസംഘങ്ങൾ അടുത്തിടെയായി യാതൊരു യുക്തിയും ഇല്ലാതെ ബൈബിളിനും ക്രൈസ്തവ വിശ്വാസത്തിനും എതിരെ പടച്ചുവിടുന്ന  കഥകളും (മിഖായേലിന്റെ സുവിശേഷം എന്ന പുതിയ സുവിശേഷം വരെ അവർ ബൈബിളിൽ കണ്ടുപിടിച്ച് കഴിഞ്ഞു) ചേർത്തു വായിക്കുമ്പോഴേ ഇപ്പോൾ കൊണ്ടുവന്ന ഈ ചർച്ച് ബിൽ കൃത്യമായ ആസൂത്രണത്തിന്റെ ഉപോൽപ്പന്നം ആണെന്ന് മനസ്സിലാകൂ.

‘ഇടയനെ അടിച്ച് അജഗണത്തെ ചിതറിക്കാം’ എന്ന തിയറി ഒരു പരിധി വരെ അവർ നടപ്പിലാക്കിക്കഴിഞ്ഞു. സി.ബി.എസ്.ഇ. സ്കൂളിന്റെയും എഞ്ചിനീയറിങ്ങ് കോളേജിന്റെയും കടന്നുകയറ്റത്തിൽ ആത്മാവബോധമില്ലാതെ സ്മാർട്ട് ഫോണുകളെയും ഫേസ്ബുക്ക് ഗ്രൂപ്പുകളെയും ഓൺലൈൻ വാർത്തകളെയും ട്രോളുകളെയും മാത്രം വിശ്വസിച്ചു വളർന്ന ക്രൈസ്തവ പുതുതലമുറ സഭാവിരുദ്ധരുടെ പ്രവർത്തനങ്ങളെ എളുപ്പമാക്കി. ഏതാനും വർഷങ്ങളായി കത്തോലിക്കാസഭയുടെ വിവിധ പേരുകളിൽ വ്യാജ ഐഡി അഡ്മിമിന്മാരും സഭാനവോത്ഥാന ഗ്രൂപ്പുകളും തുടങ്ങിയ ‘തുറന്ന ചർച്ച’ എന്ന പേരിൽ സഭാവിരുദ്ധതയും പുരോഹിതവിരുദ്ധതയും മാത്രം പറയുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളും ട്രോൾ ഗ്രൂപ്പുകളും ക്രൈസ്തവവിരുദ്ധ-സഭാ വിരുദ്ധ ‘പ്രൊപ്പഗാന്ത’യുടെ ഭാഗമാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഒന്നുറപ്പാണ് നിലമൊരുക്കിയിട്ടാണ് ചർച്ച് ബിൽ എന്ന വിത്ത് വിതറിയിരിക്കുക. ശബരിമല വിഷയത്തിൽ കിട്ടിയ ചീത്തപ്പേര്,  തങ്ങൾ ‘എല്ലാരെയും ശരിയാക്കും’ എന്ന നല്ല പേരാക്കി മാറ്റാനും ചർച്ച് ബിൽ ചർച്ചയാക്കി മാറ്റുന്നതുവഴി ഉദ്ദേശിക്കുന്നുണ്ട്. ചർച്ച് ബില്ലിൽ നേരിട്ട് പറയുന്നതിലുപരി പറയാതെ പറയുന്നതാണ് അപകടകരം എന്ന് വ്യക്തം.

ചർച്ച് ബിൽ കാണാപ്പുറങ്ങൾ

ഒരു നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളിലും (Statement of Object and Reasons) പ്രാരംഭത്തിലും (Preface) നിന്നാണ് നിയമത്തിന്റെ ഹൃദയം എന്തെന്ന് മനസ്സിലാകുക. കരട് ബില്ലിന്റെ പ്രാരംഭത്തിൽ വ്യത്യസ്ത ക്രൈസ്തവസഭകളുടെ വസ്തുവകകളുടെയും, പണത്തിന്‍റെ ശുദ്ധവും സുതാര്യമായ ഭരണനിർവ്വഹണത്തിനായും, ക്രമരഹിതമായ തെറ്റായ ഭരണം ഇല്ലാതാക്കാനുമായി നിയമം ഒരു ആവശ്യം എന്നും അതിനായി നിയമം ഉണ്ടാക്കിയിരിക്കുന്നു എന്നും പറഞ്ഞിരിക്കുന്നു. ഉദ്ദേശലക്ഷ്യങ്ങളിൽ നിലവിൽ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ ഭരണത്തിന് നിയമങ്ങളില്ലന്ന തെറ്റായ കാര്യവും വൈദികരും ബിഷപ്പുമാണ് എല്ലാ വസ്തുവകകളും  കൈകാര്യം ചെയ്യുന്നതെന്നും പലപ്പോഴും ഒരു ആലോചന പോലുമില്ലാതെ തന്നിഷ്ടപ്രകാരം വസ്തുവകകൾ കൈമാറ്റം ചെയ്യുന്നുവെന്നും അതിനാൽ അത് നിയന്ത്രിക്കാൻ നിയമം അത്യാവശ്യമാണ് എന്നും പറഞ്ഞിരിക്കുന്നു.

അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ബില്ലിന്റെ പിന്നിലെ ഉദ്ദേശം എന്നത് സഭയുടെ വസ്തുവകകൾ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും നിയന്ത്രണത്തിലും സ്വാധീനത്തിലും കൊണ്ടുവരിക എന്നതും സഭയിലെ നിലവിലുള്ള പാരമ്പര്യങ്ങളും ആദിമസഭാ ചൈതന്യവും ഹയരാർക്കികളും തകർക്കുക എന്നതുമാണ് എന്ന് പകൽ പോലെ വ്യക്തം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സർവ്വതും സ്റ്റേറ്റിന്റെ അധീനതയിൽ ആയിരിക്കണം എന്ന കമ്യൂണിസ്റ്റ് തത്വത്തിലേക്കുള്ള ഒരു കാൽവെപ്പാണ് ഈ നിയമം. നിലവിൽ, കരട് ബില്ലിൽ എന്ത് ചേർത്തിരിക്കുന്നു എന്നതിലുപരി ബിൽ നിയമമാക്കിയാൽ ഭാവിയിൽ ഉദ്ദേശലക്ഷ്യ പൂർത്തികരണത്തിനായ് എന്തുതരം ഭേദഗതികളും (Amendment) നടത്താനുള്ള സാധ്യതയാണ് ബില്ലിൽ തുറന്നിട്ടിരിക്കുക.

അതുകൊണ്ടു തന്നെ ബില്ലിൽ നാലാം വകുപ്പിൽ ഓരോ ക്രൈസ്തവ വിഭാഗങ്ങൾക്കും അവരവരുടെ കീഴിലുള്ള പള്ളിയുടെയും സഭയുടെയും ഭരണത്തിനായി ചട്ടങ്ങൾ ഉണ്ടാക്കാം എന്ന് മാത്രം പറഞ്ഞിരിക്കുന്നു. അതായത്, സ്വത്ത് കൈകാര്യ കർതൃത്വം ഭരണത്തിന്റെ ഭാഗമായി ബില്ലിൽ പ്രത്യേകമായി എടുത്തുപറയാത്തതു കാരണം, ഭാവിയിൽ വകുപ്പുകളോ ചട്ടങ്ങളോ ഉണ്ടാക്കി ആർക്കുവേണമെങ്കിലും സഭയുടെ വസ്തുവകകളുടെയും സമ്പത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കാവുന്ന വിധത്തിൽ നിയമപരമായ സൗകര്യം ഒരുക്കിയിട്ടിരിക്കുന്നു എന്ന് കാണാൻ സാധിക്കും.

അതുപോലെ തന്നെ ആരാണ് ക്രിസ്ത്യാനി എന്ന നിർവ്വചനത്തിൽ, ബൈബിളിൽ വിശ്വസിക്കുകയും ക്രിസ്തുവിനെ ദൈവത്തിൻറെ ഏകപുത്രനായി കരുതുകയും ഓരോ വിഭാഗത്തിൻറെയും നിയമം അനുസരിച്ച് മാമ്മോദീസാ മുങ്ങുകയും ചെയ്തവർ ഉൾപ്പെടുന്നു എന്നാണ് പറഞ്ഞിരിക്കുക. ക്രിസ്ത്യാനി എന്ന നിർവ്വചനത്തിൽ  ഉൾപ്പെടാൻ ഈ മൂന്നു കാര്യങ്ങളും ഒരുപോലെ ആവശ്യമാണോ എന്ന്  വ്യക്തമാക്കിയിട്ടില്ല. അതായത്, ഇതിൽ ഏതെങ്കിലും ഒരു കാര്യം മാത്രമേ ക്രിസ്ത്യാനി ആകാൻ ആവശ്യമുള്ളു എങ്കിൽ മാമ്മോദീസാ മുങ്ങിയശേഷം പിന്നീട് നിരീശ്വരവാദിയായവർക്കും പള്ളിയിൽ കയറാതെ വിമർശനം തൊഴിലാക്കിയവർക്കും എല്ലാം ക്രിസ്ത്യാനി എന്ന പേരിൽ കേസും പുക്കാറും ആയി എന്നും ഇടവകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധിക്കും എന്ന് ചുരുക്കം.

‘Denomination’ എന്തെന്ന് നിർവ്വചിച്ചിടത്ത് ഏതെങ്കിലും സഭാദ്ധ്യക്ഷനോടോ സിനഡിനോടോ കൗൺസിലിനോടോ വിധേയപ്പെട്ടിരിക്കുന്നവരെ ഒരു ഡിനോമിനേഷൻ എന്നുപറയും എന്ന് പറഞ്ഞിരിക്കുന്നു. പല സംസ്ഥാനങ്ങളിലായി കിടക്കുന്ന രൂപതകൾക്കോ, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും രൂപതാദ്ധ്യക്ഷമാരെ ഉൾക്കൊള്ളുന്ന സിനഡിനോ, അതിൻറെ കീഴിൽ വരാത്ത സന്യാസ സമൂഹത്തിനോ ഈ നിയമം എങ്ങനെ ബാധകമാകും എന്ന് ബില്ലിൽ വ്യക്തത വരുത്തിയിട്ടില്ല. മാത്രമല്ല, സന്യാസ സമൂഹങ്ങളെ പ്രത്യേക നയാമിക വ്യക്തിത്വം ആയി പരിഗണിക്കാതെ സിനഡ് നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമായിത്തന്നെ കരുതിയാണ് ബിൽ തയ്യാറാക്കിയിക്കുക. അതായത്, രാജ്യത്തെ സിവിൽ നിയമങ്ങൾ നൽകിയിരിക്കുന്ന അധികാരവകാശങ്ങളെ കവർന്നെടുത്ത് സഭയ്ക്കുള്ളിലെ സ്വയംഭരണ സംവിധാനങ്ങളെ തകർക്കാനുള്ള ബോധപൂർമായ ശ്രമവും ബിൽ ഉന്നംവെയ്ക്കുന്നു.

ബില്ലിലെ മൂന്നാം വകുപ്പിൽ ഓരോ ഡിനോമിനേഷനും വസ്തുക്കളും സമ്പത്തും കൈകാര്യം (To Hold) ചെയ്യുന്നതിനുള്ള അവകാശം മാത്രമാണ് നല്കിയിരിക്കുക. അതായത്, സഭയ്‌ക്ക് പൊതുവായി വസ്തുക്കൾ വാങ്ങുന്നതിനോ സ്ഥാപനങ്ങൾ തുടങ്ങുന്നതിനോ ഉള്ള അധികാരം നൽകിയിട്ടില്ല. ഭരണഘടനയുടെ 26 അനുച്ഛേദം അനുസരിച്ച് വസ്തുക്കൾ ആർജ്ജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിലുമുള്ള മൗലികാവകാശത്തിൽ ഉള്ള കടന്നുകയറ്റമാണിത്. വസ്തുക്കളാർജ്ജിക്കുന്നതിൽ നിയമപരമായ നിയന്ത്രണങ്ങളാകാം എന്ന് ഭരണഘടന പറയുന്നുണ്ട് എങ്കിലും അതൊരിക്കലും സ്വത്ത് ആർജ്ജിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കലല്ല. ബില്ലിലെ തന്നെ ഏഴാം വകുപ്പിൽ, പള്ളികൾക്ക് സ്വത്ത് ആർജ്ജിക്കാനുള്ള അവകാശം പ്രധാനം ചെയ്തപ്പോൾ ഒന്ന് വ്യക്തമാണ്. കേന്ദ്രീകൃത സ്വഭാവത്തോടു കൂടിയുള്ള ക്രൈസ്തവഭരണ പാരമ്പര്യത്തെയും സേവനരീതികളെയും ഇല്ലാതാക്കാൻ ഈ ബിൽ ശ്രമിക്കുന്നു. സഭയുടെ പൊതുവായ സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അധികാരം മാത്രം നൽകുന്നതുവഴി ആ സ്വത്തുക്കൾ മറ്റാരുടെയോ ആണ് എന്ന ധ്വനിയും ബിൽ കൊണ്ടുവരുന്നുണ്ട്. കേന്ദ്രീകൃത രീതിയിലുള്ള സ്ഥാപനങ്ങളെ വരുതിയിലാക്കാനും പിടിച്ചെടുക്കാനും ഇതിൻറെ മറവിൽ നാളെ മറ്റ് നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്നാലും അത്ഭുതപ്പെടാനില്ല.

ബില്ലിലെ എട്ടാം വകുപ്പിൽ, ചർച്ച് ട്രിബ്യുണലിൻറെ രൂപീകരണം ആണ് പറഞ്ഞിരിക്കുക. ഏകാംഗ ട്രിബ്യുണലോ മൂന്നംഗ ട്രിബുണലോ ഉണ്ടാക്കാം എന്നും ജില്ലാ ജഡ്ജിയുടെ പദവിയിൽ ഇരിക്കുന്നതോ ഇരുന്നതോ ആയ ഒരു ജഡ്ജി ആയിരിക്കണം ഏകാംഗ ട്രിബുണൽ എന്നും മൂന്നംഗ ട്രിബുണൽ ആണെങ്കിൽ ജില്ലാ ജഡ്ജിയുടെ പദവിയിൽ ഇരിക്കുന്നതോ ഇരുന്നതോ ആയ ഒരു ജഡ്ജി അധ്യക്ഷ്യം വഹിക്കണം എന്നും പറയുന്നു. മറ്റ് അംഗങ്ങൾ എന്ന് പറയുക, ജില്ലാ ജഡ്ജി ആകാൻ യോഗ്യതയുള്ള വ്യക്തിയോ ഗവൺമെൻറ് സെക്രട്ടറി ആയിരുന്ന വ്യക്തിയോ ആകണം എന്നും നിഷ്കർഷിച്ചിരിക്കുന്നു. ട്രിബുണൽ ആയതിനാൽ നിയമനങ്ങൾ തീരുമാനിക്കുക, ഭരിക്കുന്ന ഗവൺമെൻറ് ആയിരിക്കും. രാഷ്ട്രീയ നിലപാടുകൾ നിയമനത്തിൽ സ്വാധീനിക്കപ്പെടും എന്നത് തർക്കമില്ലാത്ത കാര്യമാണ്. മാത്രമല്ല, ട്രിബുണലിൻറെ ഉത്തരവ് അന്തിമമായിരിക്കും എന്നും ഒരു ഡിനോമിനേഷനിലെ ഏതൊരു വ്യക്തിക്കും യോഗങ്ങളിൽ ഉണ്ടായ തീരുമാനം തൃപ്തികരം അല്ലാതെ വന്നാൽ ട്രിബുണലിനെ സമീപിക്കാം എന്നും ഒൻപതാം വകുപ്പ് പറയുന്നു. അതായത് ഒരു യോഗത്തിലെ ഭൂരിപക്ഷ അഭിപ്രായത്തെപ്പോലും ചോദ്യം ചെയ്യാവുന്ന, ജനാധിപത്യപ്രക്രിയ പോലും ചോദ്യം ചെയ്യാവുന്ന അധികാരമാണ് ഓരോ വിഭാഗത്തിലെയും ഓരോ വ്യക്തികൾക്കും നല്കിയിരിക്കുക. സഭാവിരോധിയായ ഒരാളോ വ്യക്തിപരമായ വിദ്വേഷം വച്ചുപുലർത്തുന്ന ഒരാളോ വിചാരിച്ചാൽ ഒരു ഇടവകയെ മുഴുവൻ ബുദ്ധിമുട്ടിക്കാവുന്ന അവസ്ഥയിലേക്ക് എത്തും കാര്യങ്ങൾ.

നിയമത്തിൻറെ ഉപജ്ഞാതാക്കൾ പരിശോധിച്ചു കഴിഞ്ഞാൽ നാളിതുവരെയായും വിരലിലെണ്ണാവുന്ന തർക്കങ്ങൾ മാത്രമാകും കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം കോടതിയിൽ എത്തിയിരിക്കുക എന്ന് ബോധ്യമാകും.  ഈ സ്വസ്ഥമായ അന്തരീക്ഷം  മാറ്റി എന്നും സഭാവിരോധികൾക്കും രാഷ്ട്രീയക്കാർക്കും സഭാനടപടികളിൽ തടസ്സങ്ങൾ ഉണ്ടാക്കാവുന്ന സാഹചര്യമാണ് ബില്ല് പ്രധാനം ചെയ്യുക. ട്രിബുണലിൻറെ വിധി അന്തിമമായിരിക്കും എന്ന വ്യവസ്ഥ, സിവിൽ കോടതികളിൽ നിന്ന് ക്രൈസ്തവസമൂഹത്തിനു കിട്ടേണ്ട നിയമപരമായ സംരക്ഷണങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് നിസ്സംശയം പറയാം. ഭരണഘടന ഉറപ്പുനൽകുന്ന നിയമപരമായ സംരക്ഷണത്തിൽ നിന്നും നിയമസംഹിതകളിലും നിന്നുമുള്ള മാറ്റിനിറുത്തൽ ഒരു സമൂഹത്തെ രണ്ടാംതരം  പൗരന്മാരാക്കലും വിവേചനവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക്  വിരുദ്ധവും ആണ്.

ബില്ലിൻറെ പ്രധാന പോരായ്മ, ബില്ല് പലയിടങ്ങളിലും അവ്യക്തവും ഗോപ്യവുമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു എന്നതാണ്. പ്രത്യക്ഷത്തിൽ കുഴപ്പമില്ല എന്ന് ദ്യോതിപ്പിച്ച് രഹസ്യ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ട പഴുതുകൾ ഇട്ടാണ് ബില്ല് തയാറാക്കിയിരിക്കുക. നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങൾ പ്രസിദ്ധീകരിക്കാത്തതു വഴി ഇഷ്ടമുള്ള വിധത്തിൽ ചട്ടങ്ങൾ നിർമ്മിച്ച് നിയമങ്ങൾ നടപ്പിലാക്കാനുള്ള വിപുലമായ അധികാരമാണ് ഗവണ്മെന്റിന് കൈവന്നിരിക്കുക. 2009-ൽ ആദ്യം കൊണ്ടുവന്ന ചർച്ച് ബില്ലിൽ പള്ളികൾ ട്രസ്റ്റ് ആക്കി മാറ്റി, വോട്ടെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടത്തി ഭരണം നടത്തണം എന്നും, ഒരിക്കൽ  ക്രിസ്ത്യാനി ആയാൽ പിന്നീട് നിരീശ്വരവാദിയായി മാറിയാലും പള്ളി ഭരിക്കാൻ അവകാശമായി എന്നും നിലപാടെടുത്ത ഒരു സർക്കാരിൽ നിന്ന് സഭയ്ക്ക് മധുരിതമായത് ഒന്നും ചട്ടങ്ങളുടെ നിർമ്മാണത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൂടാ. സമകാലിക സംഭവങ്ങൾ നൽകുന്ന അനുഭവവും ഇതാണ്.

ഒന്നുറപ്പിക്കാം മധുരത്തിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ഈ വിഷം ഒരു കാപട്യം (Hypocricy) ആണ്. ഈ ബില്ലിൻറെ പുറമേ പറയുന്നതല്ല ഉള്ളിലുള്ളത്. കേൾക്കുന്നവരെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും ന്യായാന്യായങ്ങൾ ധാരാളം ഉണ്ടാകാം. പക്ഷെ, യഥാർത്ഥ ലക്ഷ്യം അനുവാചകരിൽ നിന്ന് ബുദ്ധിപൂർവം മറച്ചുവെച്ചിരിക്കുന്നു.

വാൽകഷണം: ക്രൈസ്തവസമൂഹത്തെ നന്നാക്കാൻ നടക്കുന്ന രാഷ്ട്രീയ പാർട്ടികൾ എന്തുകൊണ്ട് സ്വയം നന്നാകുന്നില്ല? ബക്കറ്റു പിരിവുകളും നമ്പറില്ലാ കൂപ്പൺ പിരിവും നിർത്തലാക്കി, എല്ലാം പിരിവുകളും അക്കൗണ്ടഡ് ആകണ്ടേ ? പാർട്ടിക്കുള്ളിൽ നീതി നിഷേധിക്കപ്പെട്ടവർക്കായി പരാതി പരിഹാര ട്രിബ്യുണൽ വേണ്ടേ? പീഢനതീവ്രത അളക്കുന്ന ഉപകരണങ്ങളുടെ വിധിയിൽ തളർന്ന, വനിതാ പ്രവർത്തകരുടെ സംരക്ഷണത്തിനായി ഒരു നിയമം കൊണ്ടുവരണ്ടേ???

അഡ്വ.  മനു ജെ. വരാപ്പള്ളി M.A, LLB

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.