‘സൈലന്റ് നൈറ്റ്’: ലോകത്തിന്റെ ക്രിസ്മസ് താരാട്ടിനു 200 വയസ്സ്

ലോകത്തെ ഏറ്റവും പ്രശസ്തമായ ക്രിസ്തുമസ് കരോള്‍ ഗാനം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. ‘സൈലന്റ് നൈറ്റ്’ എന്ന് തുടങ്ങുന്ന ഓസ്ട്രിയന്‍ ഈണം തന്നെ.1818 ഡിസംബര്‍ 24 നു ചിട്ടപ്പെടുത്തിയ ഈ ഗാനത്തിനു 2018 ഡിസംബര്‍ 24 നു  200 വര്‍ഷം തികയുന്നു. 200-ല്‍ അധികം ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെടുകയും ലോകമെങ്ങും ആലപിക്കപ്പെടുകയും ഇന്നും ഹൃദയങ്ങളെ കീഴടക്കുകയും ചെയ്യുന്ന മറ്റൊരു ഗാനം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ ഗാനത

kirchenorgel-1ഓസ്ട്രിയ എന്ന കൊച്ചു രാജ്യത്തെ അതിമനോഹരമായ പട്ടണങ്ങളിലൊന്നായ സാല്‍സ്ബര്‍ഗിലെ ഓബേണ്‍ഡോര്‍ഫില്‍ നിന്നാണ് ഈ വിശ്വപ്രശസ്ത ഗാനത്തിന്റെ പിറവി. 1818-ലെ ഒരു ഡിസംബര്‍ സായാഹ്നത്തില്‍ ഓബേണ്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ പള്ളിയിലെ കൊച്ചച്ചന്‍ ജോസഫച്ചന്‍ (ജോസഫ് ഫ്രാന്‍സ് മോര്‍, 1792 -1848 ) ഒരു കഷ്ണം കടലാസില്‍ എന്തോ കുത്തിക്കുറിച്ചു ഫ്രാന്‍സീസ് മാഷിന്റെ വീട്ടിലേയ്ക്കു ഓടിച്ചെല്ലുന്നു. (ഫ്രാന്‍സ് ഗ്രൂബെര്‍, 1787 – 1863) ഫാന്‍സീസ് മാഷാണ് ഗ്രാമത്തിലെ സ്‌കൂളില്‍ സംഗീത വാദ്യാര്‍. ”മാഷേ ഈ വരികള്‍ ഒന്ന് നോക്കൂ, ഇതൊന്നു ചിട്ടപ്പെടുത്തണം, പറ്റുമെങ്കില്‍ ഈ ക്രിസ്മസ് പാതിരാവിലെ പിറവിക്കുര്‍ബാനയ്ക്കു പാടാന്‍ നമ്മുടെ ഗായക സംഘത്തെ ഒന്ന് ഒരുക്കണം. പോരാത്തതിന് നമ്മുടെ പള്ളിയിലെ ഓര്‍ഗല്‍ കേടായിരിക്കുന്നു. (KIRCHENORGEL- യൂറോപ്പിലെ എല്ലാ പള്ളികളിലെയും അവിഭാജ്യ സംഗീത ഉപകരണം. പള്ളികളുടെ ശബ്ദശാസ്ത്രത്തിനനുസരിച്ച് (Acoustics) പള്ളിയുടെ പിന്‍ഭാഗത്തോ വശങ്ങളിലോ അള്‍ത്താരയോട് ചേര്‍ന്നു തന്നെയോ നിര്‍മിച്ചിരിക്കുന്ന ഈ വലിയ സംഗീത ഉപകരണം ഇവിടുത്തെ സംസ്‌കാരത്തിന്റെ ഭാഗമാണ്). ഈ വര്‍ഷം ഗിറ്റാര്‍ മാത്രമേ ഉള്ളൂ,” അകമ്പടി സംഗീതമായി. ജോസെഫച്ചന്റെ ആവശ്യം കേട്ട് വരികള്‍ വാങ്ങിയ ഫ്രാന്‍സീസ് മാഷിന് ആ വരികള്‍ ചിട്ടപ്പെടുത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.

1818 ഡിസംബര്‍ 24 നു തന്നെയാണ് ഇത് ചിട്ടപ്പെടുത്തിയതെന്നും പറയുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പേ (1816 -ല്‍ തന്നെ ) ജോസഫച്ചന്‍ എഴുതിയ വരികള്‍ 1818 – ല്‍ വീണ്ടും ചില മിനുക്കു പണികള്‍ നടത്തി ചിട്ടപ്പെടുത്താന്‍ കൊടുത്തു എന്ന് പറയുന്ന ചരിത്രകാരന്മാരും ഉണ്ട്. എന്തുതന്നെയായാലും 1818 -ലെ ഡിസംബറിലെ ഓസ്ട്രിയായുടെ മഞ്ഞു പൊതിഞ്ഞ ഒരു ക്രിസ്തുമസ് രാവിന്റെ നിശബ്ദതയ്ക്കു ഈണമൊരുക്കിയ സൈലന്റ് നൈറ്റ് (Stille Nacht – originally written in German language) എന്ന ഗാനം ഇന്ന് ലോകത്തിനു മുഴുവന്‍ സ്വന്തം. ആത്മാവിനെ തൊടുന്ന ഈണവും വരികളും. ദൈവകുമാരന് താരാട്ടൊരുക്കാന്‍ ദൈവം തന്നെ ജോസെഫച്ചന്റെ കൈകള്‍ പിടിച്ചെഴുതിച്ച വരികള്‍ ഒപ്പം ഫ്രാന്‍സീസ് മാഷിന്റെ ഹൃദയത്തിലേക്ക് സ്വര്‍ഗം പകര്‍ന്ന ഈണം. ലോകം മുഴുവന്‍ ഹൃദയത്തിലേറ്റിയ ക്രിസ്മസ് താരാട്ടുഗീതം.

ഈ ഗാനത്തിന്റെ സ്വഭാവം ഒരു താരാട്ടു പാട്ടിന്റേതു തന്നെയാണ്. ആദ്യ സ്റ്റാന്‍സായിലെ വരികള്‍ നോക്കൂ – എല്ലാവരും ഉറങ്ങുന്നു, നിശബ്ദമായ ഈ രാവില്‍ സ്വര്‍ഗീയ ഉണ്ണീ, നീയും ഉറങ്ങൂ .. ശാന്തമായി ഉറങ്ങൂ… സ്വര്‍ഗീയ നിശബ്ദതയില്‍ ഉറങ്ങൂ … സ്വര്‍ഗീയമായ ആ ഈണത്തിലേയ്ക്ക് സന്നിവേശിപ്പിയ്ക്കപ്പെട്ട സൈലന്റ് നൈറ്റ് (Stille Nacht – German word) എന്ന ആ പദം തന്നെ നമുക്ക് സ്വര്‍ഗീയ അനുഭൂതി സമ്മാനിയ്ക്കുന്നുണ്ട്. ഒരു വെറും വാക്കിലുമപ്പുറത്തേയ്ക്ക് വളര്‍ന്ന് അനേകം പദങ്ങളും അര്‍ത്ഥതലങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു ആ ഒരൊറ്റ വാക്കില്‍ തന്നെ. എല്ലാറ്റിനുമുപരി ഒരമ്മയുടെ ഹൃദയസ്പന്ദനം ആ വരിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ലോകത്തെ ഏറ്റവും സുന്ദരമായ താരാട്ട് ഗാനങ്ങളിലൊന്ന് തന്നെയാണിത്.

‘സൈലന്റ്‌നൈറ്റ്’ നെ ക്കുറിച്ചുചിന്തിച്ചപ്പോള്‍ മനോഹരമായ മറ്റൊരു താരാട്ടു ഗാനം ഓര്‍മയിലേക്ക് വരുന്നു – ഓമന തിങ്കള്‍ കിടാവോ …അതിനുചില കാരണങ്ങളുണ്ട് . ഉണ്ണിയായ സ്വാതി തിരുനാള്‍ മഹാരാജാവിനെ പാടിയുറക്കാന്‍ സ്വന്തം അമ്മാവനും കൊട്ടാര സംഗീതജ്ഞനും കൂടിയായ ഇരയിമ്മന്‍തമ്പി രചിച്ച ‘ഓമനത്തിങ്കള്‍ കിടാവോ.. നല്ല കോമള താമരപ്പൂവോ’ എന്ന് തുടങ്ങുന്ന മനോഹരമായ താരാട്ടു ഗാനം കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും ഒന്ന് മൂളാത്തവരോ ആയ മലയാളിയുണ്ടാവില്ല. 29 -മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിനു ജന്യമായ നീലാംബരി’എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കരുണ, ഭക്തി, വാത്സല്യം തുടങ്ങിയ രസങ്ങള്‍ തുളുമ്പി നില്‍ക്കുന്നു സ്വര്‍ഗീയ രാഗമാണ് നീലാംബരി. ഊഞ്ഞാല്‍ പാട്ടുകളും താരാട്ട് പാട്ടുകളും ചിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്നു എന്നതിലുപരി നമ്മുടെ ഭാരതത്തില്‍ ക്ഷേത്രങ്ങളില്‍ രാത്രിയില്‍ ദേവനെ പാടിയുറക്കുന്നതിനും ഈ രാഗം ആലപിക്കപ്പെടുന്നു എന്ന് പറയുമ്പോള്‍ ഭക്തിയും സംസ്‌കാരവുമായി എത്രമാത്രം ആഴത്തിലുള്ള ബന്ധമുണ്ട് ഈ രാഗത്തിനെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. വിളംബകാലത്തിലാണ് (very slow tempo) ഈ രാഗം പാടുക. ഒന്ന് മൂളിയാല്‍ പോലും മനസ്സിനെ ശാന്തമാക്കാന്‍ കഴിവുള്ള ഈ രാഗത്തിന്റെ സാധ്യതകള്‍ പഠിക്കുകയും മാനവകുലത്തിനാകെ പ്രയോജനപ്പെടുത്തേണ്ടതുമാണ് (Music therapy).

നീലാംബരി എന്ന ഈ രാഗത്തിന്റെ ജനകരാഗമായ ശങ്കരാഭരണത്തിലാണ് (Dur/ Major scale)) സൈലന്റ് നൈറ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത് – രണ്ടിലും താരാട്ടിന്റെ വാത്സല്യഭാവമുണ്ട്. ഒപ്പം രണ്ടും പാടുന്നത് വിളംബകാലത്തിലാണ്. ലാളിത്യത്തിന്റെ സൗന്ദര്യം എന്നാണ് സൈലന്റ് നൈറ്റ് എന്ന ഗാനത്തെ ചില സംഗീതജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഈ രണ്ടു താരാട്ടുഗീതങ്ങളും സംഗീതലാളിത്യത്തിന്റെ സുന്ദരനിതാന്തങ്ങളാണ് എന്നതില്‍ സംശയമില്ല. മറ്റൊരു സാമ്യം കൂടി ഇവതമ്മില്‍ ഉണ്ട് – രണ്ടും പിറന്നിരിക്കുന്നതു 19-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ്.

1818 – ല്‍ ജോസെഫച്ചന്റെ കൊച്ചുഗ്രാമത്തിലെ ഫ്രാന്‍സീസ് മാഷും ഗായകസംഘവും സൈലന്റ് നൈറ്റ് ഗീതം ആലപിച്ചുവെങ്കിലും വീണ്ടും ഏറെ വര്‍ഷങ്ങള്‍ വേണ്ടിവന്നു ഈ പാട്ടിന്റെ പ്രശസ്തി ലോകമെങ്ങും വ്യാപിക്കാന്‍. 1832 -ല്‍ സില്ലര്‍ താഴ്‌വരയിലെ ഒരു കൂട്ടം ഗായകര്‍ ഈ ഗാനം അല്പം മാറ്റം വരുത്തി പാടുകയും അവരുടെ സംഗീത പരിപാടിയിലെ ഒരു സ്ഥിരം ഗാനമായി ഉള്‍ക്കൊള്ളിക്കുകയും ചെയ്തത് ഈ ഗാനത്തിന്റെ പ്രശസ്തി വ്യാപിക്കാനിടയായി. യുനെസ്‌കോയുടെ സംരക്ഷിക്കപ്പെടേണ്ട സാംസ്‌കാരിക പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച ഗാനമാണിത് (Intangible cultural heritage) ഭാരത സംഗീത രീതിയില്‍ നിന്നും വിഭിന്നമായി നാല് ഭാഗങ്ങളോ (Four parts/ Partitur) അതില്‍ കൂടുതലോ ഒരേസമയം ഒന്ന് ചേരുമ്പോളുണ്ടാവുന്ന സ്വരമേള ഐക്യം (Harmony) പുതിയ ഭാവതലങ്ങളിലേയ്ക്ക് ശ്രോതാക്കളെയും ഗായകരെയും ഒരുപോലെ നയിക്കുമെന്നതില്‍ സംശയമില്ല. ഒരിക്കലെങ്കിലും ഈ ഗാനം പാടാത്ത പ്രശസ്ത ഗായകര്‍ ഉണ്ടാവില്ല. വിശ്വഗായകരുടെ ഇഷ്ടഗാനമായി ഇത് മാറിയത്തിനൊരു കാരണം ഈ ഗാനത്തിന്റെ ഹാര്‍മണി- യുടെ സൗന്ദര്യമാണ്. ഗായകരിലും ഗായകസംഘാംഗങ്ങളിലും സംഗീത വിദ്യാര്‍ത്ഥികളിലും ഹാര്‍മണി അവബോധം (Harmony sense) സൃഷ്ടിക്കാന്‍ ഈ ഗാനത്തിന്റെ ശ്രവണവും ആലാപനവും ഒപ്പം അപഗ്രഥനവും (Harmony analysis) സഹായകരമാവും.

വിൽസൺ മേച്ചേരിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.