ക്രിസ്തുമസ് ചിന്തകൾ 09: നക്ഷത്രം

ഫാ. സാജന്‍ ജോസഫ്‌

ലോക രക്ഷകനായ യേശുവിന്റെ ജനനം പൗരസ്ത്യ ദേശത്തെ ജ്ഞാനികളെ അറിയിച്ചത് നക്ഷത്രമാണ്. നക്ഷത്രത്തിന്റെ ഭ്രമണപഥം നോക്കി ജ്ഞാനികൾ സഞ്ചരിച്ചു. വഴിതെറ്റി പോകുന്ന സഹജീവിയെ നേരിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട നിയോഗമാണ് ഓരോ ക്രിസ്തുശിഷ്യന്റേതും.

നക്ഷത്രം തൻറെ പ്രകാശം ചൊരിയുന്നത് ഇരുട്ടിലാണ്. ഏത് തിന്മയുടെ മദ്ധ്യേയും നന്മയ്ക്ക് ഉദിച്ചുയരാനാകും. തിന്മയുടെ കൂരിരുട്ടിൽ ജീവിച്ചിരുന്ന ജനതയ്ക്ക് ദൈവീക പ്രകാശം പകർന്നു കൊടുക്കാനായി നീതി സൂര്യനായി അവതരിച്ചവന്റെ കടന്നുവരവ് അറിയിച്ചതും പ്രകാശ രശ്മിയാണ് എന്നത് അവിചാരിതമല്ല.

നക്ഷത്രത്തിന്റെ തിളക്കവും പ്രകാശവും അതിലേക്ക് ദൃഷ്ടി പായിക്കുന്ന ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കും. തെളിഞ്ഞ ആകാശത്തു മാത്രമേ നക്ഷത്രം ദൃശ്യമാവൂ. മേഘങ്ങൾ നിറഞ്ഞ ആകാശം നമ്മുടെ കാഴ്ച്ച മറയ്ക്കും. തെളിഞ്ഞ, പ്രശാന്തമായ, മനസിനും,ശരീരത്തിനും മാത്രമേ യേശുവിനെ ദർശിക്കാനാവൂ. പ്രക്ഷുബ്ധമായ മനസിന് ദൈവസാന്നിധ്യം അന്യമാണ്.

തിന്മയുടെ ആധിപത്യം വ്യാപാരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ദൈവസ്നേഹം ചൊരിയുന്ന നക്ഷത്രമായി നമുക്ക് മാറാം. അപരനെ പ്രകാശിപ്പിച്ചുകൊണ്ട് സ്വയം ശൂന്യമാകാം.

നക്ഷത്രം നമ്മെ ഓർമ്മിപ്പിക്കുന്നു:

1. പ്രകാശം പരത്തി കടന്നുപോവുക.

2. ഇരുളടഞ്ഞ വഴികളിൽ വഴിവിളക്കായി തെളിയുക.

3. യേശുവിലേക്ക് ഓരോരുത്തരെയും എത്തിക്കുക.

4. ഉയർന്ന് പ്രശോഭിക്കുക.

5. പ്രയാസങ്ങളും, വെല്ലുവിളികളും, കഷ്ടതയും, ചതിയും നിറഞ്ഞ ലോകത്തിൽ ഒരു പുഞ്ചിരിയോടെ എന്തും നേരിടുക.

6. കണ്ണുനീർ നിറഞ്ഞ, പ്രതീക്ഷ വറ്റിപ്പോയ ജീവിതങ്ങളിൽ അതിജീവനത്തിന്റെ ഉണർത്തുപാട്ടായി മാറുക.

സാജനച്ചൻ, തക്കല രൂപത