പൈതലാം യേശുവേ…

ഓരോ ക്രിസ്തുമസ്സും ദൈവത്തിന്റെ പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കുക. പ്രളയകാലങ്ങള്‍ക്കുശേഷം ചക്രവാളത്തില്‍ തെളിയുന്ന ഒരു മഴവില്ല് പോലെയാണത്. മറന്നു മരവിച്ച സ്‌നേഹബന്ധങ്ങള്‍ക്ക് ഊഷ്മളത പകരാനും അടച്ച വാതിലുകള്‍ തുറന്നിടാനും അണയുന്ന കരിന്തിരിക്ക് എണ്ണ പകരാനും കഴിയുന്ന ദിനം. അപരിമേയന്‍ പരിമിതനാവുകയും ചരിത്രാധീനന്‍ ചരിത്രത്തിലിറങ്ങുകയും ചെയ്യുന്ന ദിനം.

മനുഷ്യനു മുകളില്‍ സിംഹാസനസ്ഥനായിരിക്കുന്ന ഒരു ദൈവത്തെ നിരൂപിക്കാന്‍ മനുഷ്യമനസ്സ് വെമ്പുമ്പോള്‍, പൂല്‍ക്കൂട്ടിലെ ഉണ്ണിയേശു മണ്ണിന്റെ മലിനത ഉള്‍ക്കൊള്ളാന്‍ കളിയുവോളം താഴ്ന്ന് നമ്മിലൊരുവനായി ജനിക്കുന്നു. വിണ്ണിലിരുന്നുറങ്ങുന്ന, കരയാനറിയാത്ത, ചിരിക്കാനറിയാത്ത ഒരു ദൈവത്തെയല്ല നാം ഇവിടെ കാണുക. മാസം ധരിച്ച വചനത്തെ, മണ്ണിന്റെ മക്കളോടൊപ്പം ജീവിച്ച ഒരു ദൈവത്തെ, മനുഷ്യനോടു പൊറുത്ത ഒരു ദൈവത്തെ, അവരെ ഒരിക്കലും മറക്കാത്ത ഒരു ദൈവത്തെ – അതാണ് എമ്മാനുവേല്‍ – ദൈവം നമ്മോടു കൂടെ.

തിരുപ്പിറവിയെക്കുറിച്ച് വി. അഗസ്റ്റിന്‍ പറയുന്നത് ‘മനുഷ്യനെ ദൈവമാക്കി മാറ്റാന്‍ ദൈവം മനുഷ്യനായി അവതരിച്ചു’ എന്നാണ്. വിണ്ണിലിരുന്നവന്‍ മണ്ണിലേയ്ക്കിറങ്ങി; മണ്ണിലുള്ളവരെ വിണ്ണിലേയ്ക്കു കയറ്റാന്‍. ദൈവപുത്രന്‍ മനുഷ്യപുത്രനായി; മനുഷ്യപുത്രരെ ദൈവപുത്രരാക്കാന്‍. ദൈവത്തിന്റെ മാനവകുലത്തോടുള്ള സ്‌നേഹം അണപൊട്ടി ഒഴുകിയപ്പോള്‍ അത് ക്രിസ്തുമസ്സിന് വഴിമാറി.

വന്‍കാര്യങ്ങള്‍ക്കു വേണ്ടി ദൈവം തെരഞ്ഞെടുക്കുക എളിയവരെയാണ്. ആരാലും ശ്രദ്ധിക്കാതിരുന്ന ഒരു കൊച്ചുഗ്രാമമായ ബെത്‌ലഹേം, മിണ്ടാപ്രാണികളുടെ കാലിത്തൊഴുത്ത്, ഗ്രാമീണപെണ്‍കുട്ടിയായ മറിയം, പാവപ്പെട്ട ആട്ടിടയന്മാര്‍… ഇനിയും ചരിത്രത്തിലെ ദൈവത്തിന്റെ തെരഞ്ഞെടുപ്പും എളിയവയെന്ന് നാം കാണുന്നു. അചഞ്ചലമായ വിശ്വാസത്തിന്റെയും ആഴമായ വിനയത്തിന്റെയും അത്ഭുതാവഹമായ ത്യാഗസന്നദ്ധതയുടെയും നിഷ്‌കര്‍ഷമായ പ്രാര്‍ത്ഥനയുടെയും അരൂപിയാണ് ആവശ്യം. ‘അന്ധകാരത്തില്‍ വസിച്ചിരുന്നവരുടെ മേല്‍ പ്രകാശം വന്നു’ (ഏശയ്യാ 9:1-8). അന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്കും ഇടവഴിയില്‍ പതറിവീണവര്‍ക്കും ജീവിതയാത്രയുടെ നാല്‍ക്കവലകളില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നവര്‍ക്കും ഉണ്ണീശോ പുത്തന്‍ പ്രതീക്ഷയായി. ഇവിടെ വഴിനടത്താന്‍ നക്ഷത്രമുണ്ട്, സീയോനില്‍ സംഗീതമാലപിക്കാന്‍ മാലാഖമാരുണ്ട്, കണ്ണീര് മായ്ക്കന്‍ മറിയമുണ്ട്, കരുത്തേകാന്‍ യൗസേപ്പുണ്ട്, അധികാരത്തിന്റെയും ആര്‍ഭാടത്തിന്റെയും കോട്ടകളിലല്ല ഇന്നും അവന്‍ പിറക്കുന്നത്. അവനെ തേടി നാം യാത്രയാകേണ്ടത് പുല്‍ക്കൂട്ടിലേയ്ക്കു തന്നെ.

എന്നെ വലുതാക്കാന്‍ ചെറുതായവനാണ് ഉണ്ണീശോ. ഒന്നുമല്ലാത്തവരും ഒന്നുമില്ലാത്തവരുമായ അഗതികള്‍ക്കുള്ളതാണ് ക്രിസ്തുമസ്. ദൈവാലയത്തില്‍ മാത്രം ഗതി കണ്ടെത്തിയ അവരെ ദൈവത്തിന്റെ ഷാലോം നല്‍കി ഉണ്ണീശോ അനുഗ്രഹിക്കുന്നു. സമ്പത്ത് കൊണ്ടോ, സാമര്‍ത്ഥ്യം കൊണ്ടോ ഉണ്ണീശോയെ നേടാനാവില്ല. അതിന് തുറവിയുടെ മനഃസാക്ഷിയും നിഷ്‌കളങ്കതയുടെ വിവേകവും ആര്‍ദ്രതയുടെ വിനയവും വേണം.

വേദനയുടെ ശൈത്യം അനുഭവിച്ചിരുന്നവര്‍ക്ക് രക്ഷയുടെ വസന്തവും ആനന്ദത്തിന്റെ ശാലീനതയുമാണ് ക്രിസ്തുമസ്. ക്രിസ്തുമസ് നാളുകളിലെ തിരുവചന വായനകളെല്ലാം ഈ സത്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അമ്മയുടെ വേര്‍പാടില്‍ വിഷമിച്ചിരിക്കുന്ന ഇസഹാക്കിന്റെ ജീവിതത്തിലേയ്ക്ക് പുതിയ വസന്തമായി റബേക്ക കടന്നുവരുന്നു, മക്കളില്ലാത്തതിന്റെ വേദനയില്‍ ഹൃദയം നൊന്തുകരഞ്ഞ ഹന്നായ്ക്ക് സാമുവേലിനെ നല്‍കി വസന്തം വിരിയിക്കുന്നു… ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ മക്കളാകുവാനും അന്ധകാരത്തിന്റെ ശൈത്യത്തെ മറികടക്കുവാനും വി. പൗലോസ് ഉദ്‌ബോധിപ്പിക്കുന്നു. പൂജാരാജാക്കന്മാരുടെ സമര്‍പ്പണം വെറും വസ്തുക്കളുടെ ഒരു സമര്‍പ്പണം മാത്രമായിരുന്നില്ല. അവര്‍ നല്‍കിയത് തങ്ങളുടെ ഉള്ളും ഉള്ളതുമാണ്. ചിലര്‍ ഉണ്ണീശോയ്ക്ക് ഉള്ളതു നല്‍കും; ഉള്ള് നല്‍കില്ല. അവര്‍ക്ക് ഉണ്ണീശോയെ ഹൃദയത്തില്‍ വഹിക്കാനാവില്ല. ചിലര്‍ ഉള്ള് നല്‍കും; ഉള്ളതു നല്‍കില്ല. നാം രണ്ടും നല്‍കണം. നല്ലൊരു ക്രിസ്തുമസ് ആഘോഷിക്കാന്‍.

വസ്തുലോകത്തെക്കൊണ്ട് ഉള്ള് നിറച്ചാല്‍ രക്ഷകന് പിറക്കാന്‍ സ്ഥലമുണ്ടാവില്ല. ഉണ്ണീശോയ്ക്കു പിറക്കാന്‍ ‘ശൂന്യത’ വേണം – കാലിത്തൊഴുത്ത്. സ്വന്തം ഇച്ഛകള്‍ക്കനുസരിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഉണ്ണീശോ പ്രതിയോഗിയാണ്, ഹേറോദേസിനെപ്പോലെ. എത്ര തിന്നാലും തീരാത്ത വിശപ്പും എത്ര കുടിച്ചാലും തീരാത്ത ദാഹവും എത്ര ഭരിച്ചാലും തീരാത്ത അധികാരജ്വരവുമൊക്കെ പേറുന്നവര്‍ ‘ശൂന്യത’യുടെ വഴിയിലെത്തിച്ചേരാന്‍ എത്ര കാതം സഞ്ചരിക്കേണ്ടിവരും? നാം ശൂന്യരായാല്‍ ക്രിസതുവിനായി ഇടം നല്‍കാന്‍ നമുക്കാവും. ജീവിതത്തിലെ വിപരീതാനുഭവങ്ങളും ഏകാന്തമായ നൊമ്പരങ്ങളും മുറിവേല്‍പ്പിക്കുന്ന ഓര്‍മ്മകളുമെല്ലാം പുല്‍ക്കൂട്ടിലെ ഉണ്ണീശോയ്ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നത് എത്രയോ ആശ്വാസകരമാണ്.

ശൂന്യമാക്കുന്ന വലിയൊരു തപസ്യ ഇവിടെ എനിക്കാവശ്യമാണ്. മറ്റുള്ളവരെ സമ്പന്നരാക്കാന്‍ ഞാന്‍ ചെയ്യുന്ന ശൂന്യമാക്കലാണിത്. ഉണ്ണീശോയ്ക്ക് ഇടം നല്‍കാന്‍ ഞാനൊരുക്കുന്ന ശൂന്യമാക്കല്‍. പിതാവായ ദൈവത്തിന് തന്റെ ഉണ്മയുടെ പങ്കുവയ്ക്കലാണ് ക്രിസ്തുമസ്സെങ്കില്‍, എന്നെയും എനിക്കുള്ളതും പുല്‍ക്കൂട്ടിലെ ജാതനും സമൂഹത്തിന്റെ പുറമ്പോക്കില്‍ പിറന്നുവീഴുന്ന ഹതഭാഗ്യരായ ഉണ്ണീശോമാര്‍ക്കും പങ്കുവയ്ക്കുന്നതാകണം എന്റെ ക്രിസ്തുമസ്.