ക്രിസ്തുമസ് ചിന്തകൾ 03: പരിശുദ്ധ കന്യകാ മറിയം

ഫാ. സാജന്‍ ജോസഫ്‌

ദൈവവചനത്തെ ഉദരത്തിൽ വഹിച്ചവളാണ് പരിശുദ്ധ അമ്മ. ദൈവപുത്രന്റെ അമ്മയാകാൻ ഭാഗ്യം സിദ്ധിച്ച കന്യകാരത്നം. തന്റെ ജീവിതം മുഴുവൻ ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ട് ലോകത്തിന് മുഴുവൻ അമ്മയായി മാറിയവൾ.

ലോക ചരിത്രത്തിൽ തന്നെ ഒരു പക്ഷേ തന്റെ കുഞ്ഞിന് ജന്മം നല്കാനായി ഒരിടം തേടി അലയേണ്ടി വന്നവൾ. ഓരോ വാതിലും മുട്ടേണ്ടി വന്നവൾ. അവസാനം കാലിത്തൊഴുത്തിലെ പുൽത്തൊട്ടിയിൽ ഈശോയ്ക്ക് ജന്മം നല്കിയവൾ.

ദാരിദ്ര്യത്തിന്റെയും, അലച്ചിലിന്റെയും, കഷ്ടനഷ്ടങ്ങളുടെയും, ഒറ്റപ്പെടലിന്റെയും, പരിഹാസങ്ങളുടെയും വേദന മട്ടോളം കുടിക്കേണ്ടി വന്നവൾ. നസ്രത്ത് എന്ന പട്ടണത്തിൽ ആരാലും അറിയപ്പെടാതെ ഒതുങ്ങി ജീവിച്ചിരുന്നവൾ ലോകം മുഴുവന്റെയും അമ്മയായത് ദൈവഹിതമായിരുന്നു. ശ്രവിച്ച വചനങ്ങൾ മുഴുവൻ ഹൃദയത്തിൽ സംഗ്രഹിച്ചവൾ ആദ്യത്തെ സക്രാരിയായി മാറി. പുതിയ നിയമത്തിലെ വാഗ്ദാന പേടകമാണ് പരിശുദ്ധ അമ്മ.

അപഹാസ്യങ്ങളുടെയും, കളിയാക്കലുകളുടെയും, അടക്കം പറച്ചിലുകളുടെയും, അപമാനങ്ങളുടെയും, മുനവച്ചുള്ള നോട്ടങ്ങളുടെയും, പരിഹാസങ്ങളുടെയും മുൻപിൽ വചനത്തെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ചു മുന്നോട്ട് ചരിച്ചവൾ. വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ ഗർഭവതിയാകുക കല്ലെറിഞ്ഞു കൊല്ലപ്പെടാൻ മാത്രം ഗൗരവമുള്ള തെറ്റ്. പരിശുദ്ധാത്മാവിനാലാണ് താൻ ഗർഭവതിയായതെന്ന് മാലോകരെ ബോദ്ധ്യപെടുത്താൻ എന്ത് മാത്രം അമ്മ പണിപ്പെട്ടിട്ടുണ്ടാകും.

“ദൈവ കൃപ നിറഞ്ഞവളെ സ്വസ്തി; കർത്താവ് നിന്നോട് കൂടെ” എന്ന ദൈവദൂതന്റെ അഭിവാദന സ്വരം കേട്ട് അസ്വ്സ്ഥയായവൾ ദൈവവചനത്തെ പൂർണ്ണമായും ഹൃദയത്തിൽ സ്വീകരിച്ചുകഴിഞ്ഞപ്പോൾ “ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെയെന്ന്” പ്രത്യുത്തരിച്ചു. പരിശുദ്ധ അമ്മയുടെ ജീവിതം ദൈവത്തിന്റെ ഹിതത്തിനനുസൃതമായിരുന്നു. ഒരിക്കൽപ്പോലും ദൈവവചനത്തെ സംശയിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല പരിശുദ്ധ അമ്മ.

പരിശുദ്ധ അമ്മ തന്റെ ജീവിതം വഴിയായി നമ്മേയും പഠിപ്പിക്കുന്നു:

1. ദൈവവചനത്തെ മുറുകെ പിടിക്കുക.

2. ദൈവഹിതത്തിന് പൂർണ്ണമായും വിട്ടുകൊടുക്കുക.

3. സഹനങ്ങളുടെ പാത മാത്രമേ രക്ഷയിലേക്ക് നയിക്കുന്നുള്ളൂ.

4. ദൈവവചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുക.

5. മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ യാതൊരു പ്രതിഫലവും തിരിച്ചു പ്രതീക്ഷിക്കാതെ സഹായിക്കുക.

6. കുറവുകൾ നിറഞ്ഞ അപരന്റെ ജീവിതത്തിൽ നിറവായി നീ സ്വയം മാറുക.

7. എപ്പോഴും പ്രസന്ന വദനരായിരിക്കുക.

8. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ ശാന്തത കൈവെടിയരുത്.

9. ഈശോയോടൊപ്പം എപ്പോഴും ആയിരിക്കുക.

10. പരിശുദ്ധ ആത്മാവിനാൽ എപ്പോഴും നിറയപ്പെടുക.

സഹരക്ഷകായ പരിശുദ്ധ മാതാവേ ഇപ്പോഴും എപ്പോഴും പാപികളായ ഞങ്ങൾക്കായി നിന്റെ സുതനോട് പ്രാർത്ഥിക്കേണമേ.

സാജനച്ചൻ, തക്കല രൂപത