ക്രിസ്തുമസിന് ഒരുക്കമായുള്ള നൊവേന: നാലാം ദിനം

ജനനം മുതൽ ഈശോ നയിച്ച എളിയ ജീവിതം

വിചിന്തനം

ലോക രക്ഷകൻ ഭൂമിയിൽ പിറന്നപ്പോൾ മാലാഖമാർ ആട്ടിടയന്മാർക്കു നൽകിയ അടയാളം അവന്റെ എളിയ ജനനത്തേക്കുറിച്ചു സൂചന നൽകുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം. പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. (ലൂക്കാ 2: 12) വേറൊരു നവജാത ശിശുവും ഇതുപോലുള്ള ഒരു സാഹചര്യത്തിൽ പിറവി എടുത്തട്ടില്ല. സ്വർഗ്ഗത്തിന്റെ രാജകുമാരൻ ദൈവപുത്രൻ എളിയ സാഹചര്യത്തിൽ പിറന്നതു മനുഷ്യനെ നാശത്തിലേക്കു നയിക്കുന്ന അഹങ്കാരത്തെ ചിതറിച്ചു കളയാനാണ്. പ്രവാചകന്മാർ പറഞ്ഞതുപോലെ നമ്മുടെ രക്ഷകനോടു വളരെ ഹീനമായിട്ടാണ് ഭൂമിയിൽ മറ്റുള്ളവർ പെരുമാറിയത്. മനുഷ്യനു വേണ്ടി എത്രമാത്രം സഹനങ്ങളാണ് അവൻ സഹിച്ചത്. അപമാനങ്ങളാണ് ഏറ്റുവാങ്ങിയത്. അവനെ മദ്യപനും മതനിന്ദകനും ദൈവദൂഷകനുമായി ചിത്രീകരിച്ചു. പീഡാനുഭവ വേളയിൽ എത്രമാത്രം മാനഹാനി ആണ് അവൻ സഹിച്ചത്! അവന്റെ സ്വന്തം ശിഷ്യന്മാർ അവനെ ഉപേക്ഷിച്ചു. ഒരാൾ മുപ്പതു വെള്ളിനാണയങ്ങൾക്കു അവനെ ഒറ്റികൊടുത്തു, മറ്റൊരാൾ അവനെ തള്ളിപ്പറഞ്ഞു. ഒരു കുറ്റവാളിയെപ്പോലെ തെരുവോരങ്ങളിൽ അവൻ പ്രദർശന വസ്തുവായി, അടിമയെപ്പോല ചാട്ടവാറടിയേറ്റു, വിഡ്‌ഢിയെപ്പോലെ കൂക്കിവിളിക്കപ്പെട്ടു, മുൾ കീരീടം ധരിപ്പിച്ചു രാജാവായി അവരോധിച്ചു, രണ്ടു കള്ളന്മാർക്കു നടുവിൽ ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയെപ്പോലെ തൂക്കിലേറ്റി. ഏറ്റവും അമൂല്യമായ വ്യക്തിയെ ഏറ്റവും ഹീനമായി ചിത്രീകരിച്ചു. നിന്നോടു എത്ര ഹീനമായി ഞാൻ പെരുമാറിയോ, അതിനപ്പുറം നീ എന്നെ സ്നേഹിച്ചു. ഈശോ നിന്നെ ഓരോ തവണ കാണുമ്പോഴും നിന്നെ അപമാനിച്ചതിനെ ഓർത്ത് ലജ്ജകൊണ്ടു എന്റെ ശിരസ്സു താണുപോകുന്നു.

പ്രാർത്ഥന

ഓ എന്റെ പ്രിയപ്പെട്ട രക്ഷകാ, എന്നോടുള്ള സ്നേഹത്തെ പ്രതി വളരെയധികം ക്രൂരതകൾ നീ സ്വയം സ്വീകരിച്ചെങ്കിലും അപമാനത്തിന്റെ ഒരു വാക്കു പോലും മുറുമുറുപ്പു കൂടാതെ സ്വീകരിക്കാൻ ഞാൻ തയ്യാറായില്ല. നിന്റെ മുമ്പിൽ നിൽക്കാൻ എനിക്കു ലജ്ജ തോന്നുന്നു. എത്ര അഹങ്കാരിയായ മനുഷ്യനാണു ഞാൻ.

നിന്റെ മുമ്പിൽ നിൽക്കാൻ യോഗ്യതയില്ലങ്കിലും ഒരിക്കലും നീ എന്നെ പുറന്തള്ളുകയോ അവഗണിക്കുകയോ ചെയ്യുന്നില്ല. എളിമയും അനുതാപവും ഉള്ള ഹൃദയത്തെ ഒരിക്കലും തള്ളിക്കളയുകയില്ല എന്നു നീ പറഞ്ഞിട്ടുണ്ടല്ലോ. എന്റെ ഈശോയെ എന്നോടു ക്ഷമിക്കണമേ, ഞാൻ വീണ്ടും നിന്നെ ദ്രോഹിക്കുകയില്ല.

എന്നോടുള്ള സ്നേഹത്താൽ നിരവധി മുറിവുകൾ നീ ഏറ്റുവാങ്ങി, ഇനി മുതൽ നിന്നോടുള്ള സ്നേഹത്താൽ നിനക്കു വേണ്ടി ഞാൻ മുറിവുകൾ സഹിക്കാം. ഓ ഈശോയെ എന്നെ വെറുക്കുന്നവരെയും നിനക്കു വേണ്ടി ഞാൻ സ്നേഹിക്കാം. എല്ലാ വ്യക്തികളെക്കാളും വസ്തുക്കളെക്കാളും ഉപരിയായി ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ എപ്പോഴും സ്നേഹിക്കുവാനും എല്ലാ അപമാനങ്ങളും സഹിക്കുവാനും എനിക്കു കൃപ നൽകണമേ.

ഓ ദൈവ മാതാവേ, നിന്റെ പ്രിയപുത്രനു എന്നെ ഭരമേല്പിക്കണമേ, എനിക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ. ആമ്മേൻ.