ക്രിസ്മസ് ധ്യാനം: 3. മെഴുകുതിരി

വെളിച്ചം നല്‍കും തോറും ഇല്ലാതാകുന്നു ഒരു മെഴുകുതിരി. നല്‍കുക-ധന്യമാവുക എന്ന ക്രിസ്തീയ ആത്മീയതയുടെ പ്രതിബിംബമാണ് കത്തിനില്‍ക്കുന്ന തിരികള്‍. എരിഞ്ഞുതീരുന്ന മെഴുകുതിരികള്‍ ക്രിസ്തുമസ്സിന്റെ മാത്രം പ്രത്യേകതയല്ല. എങ്കിലും പുല്‍ക്കൂടിനു മുമ്പില്‍ കത്തി നില്‍ക്കുന്ന മെഴുകുതിരികള്‍ അവയെക്കുറിച്ചുള്ള ഒരു ധ്യാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

‘അനുഭവങ്ങള്‍ മേച്ചില്‍പ്പുറങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ ഷെവലിയാര്‍ കെ.സി ചാക്കോ ഒരു സംഭവം വിവരിക്കുന്നുണ്ട്. നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ.സി ചാക്കോയാണ് അദ്ധ്യക്ഷന്‍. അദ്ധ്യക്ഷ പ്രസംഗത്തിന് സമയമായപ്പോള്‍ വളരെ രഹസ്യമായി മാസ്റ്റര്‍ സ്വിച്ച് ഉപയോഗിച്ച് ഓഡിറ്റോറിയത്തിലെ വൈദ്യുതി ദീപങ്ങളെല്ലാം അണച്ചു. ചുറ്റും അന്ധകാരം വ്യാപിച്ചു. ഈ സമയം അദ്ധ്യക്ഷന്‍ തന്റെ കൈയിലിരുന്ന മെഴുകുതിരി കത്തിച്ചു. ഭീതി തളം കെട്ടിനില്‍ക്കുന്ന ഒരു രാത്രിയിലെ പ്രത്യാശ പകരുന്നൊരു നക്ഷത്രം പോലെ ആ കൊച്ചുമെഴുകുതിരി ഇരുട്ടില്‍ തെളിഞ്ഞു നിന്നു. ആ മെഴുകുതിരി വെളിച്ചത്തില്‍ തിളങ്ങുന്ന കണ്ണുകളെ നോക്കി അദ്ദേഹം ഷേക്‌സ്പിയറിന്റെ ഒരു ഗാനശകലം പാടി. ”ഒരു ചെറു മെഴുകുതിരിയുടെ വെളിച്ചം എത്രദൂരം പ്രസരിക്കുന്നുവോ അത്രയും ദൂരം തന്നെ വികൃതി നിറഞ്ഞ ഈ ലോകത്തില്‍ നല്ല പ്രവൃത്തിയുടെ പ്രകാശം പരത്തുന്നു”. സദസ്സിന് ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായിരുന്നു അത്. തുടര്‍ന്ന് അദ്ധ്യക്ഷന്‍, സദസ്യരുടെ കൈകളിലുള്ള സിഗരറ്റ് ലൈറ്റര്‍ കത്തിച്ച് ഉയര്‍ത്തിപിടിക്കാന്‍ പറഞ്ഞു. ലൈറ്റര്‍ കൈവശം ഉണ്ടായിരുന്നവരെല്ലാം പറഞ്ഞതുപോലെ ചെയ്തു. ഓഡിറ്റോറിയം മുഴുവന്‍ ചെറുവെട്ടങ്ങളുടെ പ്രഭയില്‍ വിളങ്ങി നിന്നു.

ക്രൈസ്തവ ആത്മീയതയുടെ ഏറ്റവും നല്ല പ്രതീകമാണ് മെഴുകുതിരി എന്നു തോന്നുന്നു. ചുറ്റുവട്ടത്തെ പ്രകാശിപ്പിക്കുക മാത്രമല്ല, തെളിച്ചു വയ്ക്കുന്നവരുടെ വികാരത്തിന്റെ ഒരു പരി ച്ഛേദനം കൂടിയായ് അതു മാറുന്നു. കൃതജ്ഞതാസൂചകമായി ഒരാള്‍ തെളിക്കുമ്പോള്‍ ആനന്ദത്തിന്റെ കണ്ണീരും, ഹൃദയം നുറുങ്ങിയ പ്രാര്‍ത്ഥനകളോടെ തെളിക്കുമ്പോള്‍ ദുഃഖാശ്രുക്കളും അതു പൊഴിക്കുന്നു. സന്താപത്തിലും സന്തോഷത്തിലും കൂടെ നിന്ന് മനുഷ്യരുടെ ഹൃദയങ്ങളില്‍ പ്രകാശം പരത്തുന്ന ചെറുമെഴുകുതിരികളാവേണ്ടതാണ് ഓരോ ക്രൈസ്തവനും.

ഏറെ ലളിതവും ദുര്‍ബലവുമാണ് മെഴുകുതിരിയും അതിന്റെ വെട്ടവും. പക്ഷേ, എത്ര കൂരിരുളിനേയും അത് സ്വര്‍ണ്ണാഭമാക്കുന്നു. ഒരു മെഴുകുതിരിയുടേതുപോലെ ചില മങ്ങിയ വെട്ടങ്ങളാണ് ചില മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്. മെഴുകുതിരി വെട്ടങ്ങള്‍ പലപ്പോഴും ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’യെപ്പോലെ തീരെ ഋജുവായ ഇടപെടലുകളായിരിക്കാം മനുഷ്യരുടെ ജീവിതത്തില്‍ നടത്തുന്നത്. പക്ഷേ ആ ഇടപെടലുകള്‍ ഒരാളെ ആത്മഹത്യയുടെ മുനമ്പില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു നടത്തിയേക്കാം. ഹൃദയപൂര്‍വ്വമായ ചില ഇടപെടലുകള്‍ മനുഷ്യരില്‍ സൃഷ്ടിക്കാവുന്ന മാന സാന്തരങ്ങളെകുറിച്ചുള്ള തിരിച്ചറിവാണ് ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’യെ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കഥകളില്‍  ഒന്നായി അവരോധിച്ചത്. നിരാശയിലേക്ക് കൂപ്പു കുത്തിപ്പോയ ജീവിതങ്ങളില്‍ ഒരു ചെറുമെഴുകുതിരിയുടെ പ്രസക്തിയേയും ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വെളിച്ചം, അതെത്ര ചെറുതാണെങ്കിലും ജീവിതത്തെ ചൈതന്യവത്താക്കുന്നു. പ്രകാശം പതിയാത്ത ജീവിതങ്ങള്‍ ശൂന്യവും രൂപരഹിതവുമാവുന്നു. വെളിച്ചമില്ലാതിരുന്ന പ്രപഞ്ച ത്തെക്കുറിച്ച് വേദഗ്രന്ഥകാരന്‍ എഴുതുന്നത് ‘അത് രൂപരഹിതവും ശൂന്യവുമായിരുന്നു’ എന്നാണ്. അതുകൊണ്ടാണ് ദൈവം പ്രപഞ്ചത്തിന്റെ രൂപരാഹിത്യവും ശൂന്യതയുമകറ്റാന്‍ വെളിച്ചത്തെ സൃഷ്ടിച്ചത്. വെളിച്ചമില്ലായിരുന്നെങ്കില്‍ ഭൂമിയും അതിലെ സര്‍വ്വതും അചേതനമായി തുടര്‍ന്നേനെ.

പ്രകാശം പ്രതീകാത്മകമായിട്ടു മാത്രമല്ല വസ്തുതാപരമായും മനുഷ്യാഹ്ലാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകാശത്തിന് മനുഷ്യന്റെ സന്തോഷവും, മാനസികാരോഗ്യവുമായിട്ടുള്ള ബന്ധം പല പഠനങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് തണുപ്പുരാജ്യങ്ങളിലെ ശൈത്യകാലത്തെ ഉയര്‍ന്ന തോതിലുള്ള ആത്മഹത്യാനിരക്ക് മനഃശാസ്ത്രജ്ഞരുടെ സവിശേഷമായ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മഞ്ഞുകാലത്തിന്റെ ദൈര്‍ ഘ്യം കൂടുന്നതനുസരിച്ച് ആത്മഹത്യകളുടെ എണ്ണവും കൂടുന്നത് ആ ദിവസങ്ങളുടെ പകലുകളുടെ ദൈര്‍ഘ്യം കുറയുന്നതും, ലഭ്യമായ പകല്‍ തന്നെ വെളിച്ചം മങ്ങിയതുമായതുകൊണ്ടാണ്. വെളിച്ചത്തിന്റെ അഭാവം മനുഷ്യരില്‍ വിഷാദാത്മകതയും അര ക്ഷിതാവസ്ഥയും സൃഷ്ടിക്കുകമാത്രമല്ല, ദുര്‍ബല ഹൃദയരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.

പ്രകാശത്തിന്റെ മനുഷ്യജീവിതത്തിലുള്ള ഏറ്റവും വലിയ പ്രസക്തി അത് അവന് ജീവിക്കാനുള്ള പ്രത്യാശ നല്‍കുന്നുവെന്നുള്ളതാണ്. ക്രിസ്തു കടന്നുവരുമ്പോള്‍ ഒരാളുടെ ജീവിതം പ്രകാശപൂര്‍ണ്ണമാകുന്നത് അങ്ങനെയാണ്. ക്രിസ്തു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്  ”ഞാന്‍ ലോകത്തിന്റെ പ്രകാശമാകു ന്നു” എന്നാണ്. ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിന്റെ ജനനവും മരണവും വെളിച്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതും ഏറെ കൗതുകകരമാണ്. അവന്‍ ജനിച്ചപ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടു. മരണമടഞ്ഞപ്പോള്‍ സൂര്യന്‍ ഇരുണ്ടുപോയി.

ഭൂമിയിലായിരുന്നപ്പോള്‍ അവന്‍ മനുഷ്യരെ കീഴടക്കിത് സൗമ്യമായൊരു ദീപമായ് അവരുടെ ജീവിതത്തെ പ്രകാശിപ്പിച്ചുകൊണ്ടാണ്. നിനച്ചിരിക്കാതെ അതിഥികള്‍ക്കായു ള്ള വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ ആഘോഷങ്ങളുടെ വെളിച്ചം അണഞ്ഞുപോയ ഗൃഹനാഥന്റെ ഹൃദയത്തെ, ലാസറിന്റെ മരണത്തോടെ ആഹ്ലാദങ്ങളുടെ വിളക്കണഞ്ഞുപോയ മാര്‍ത്തയു ടേയും മറിയത്തിന്റേയും കുടുംബത്തെ, മകന്റെ മരണത്തോടെ ഇരുളിലായിപ്പോയ വിധവയുടെ ജീവിതത്തെ, അങ്ങനെ നിരാശയുടെ നിഴല്‍ വീണുപോയ എണ്ണിയാലൊടുങ്ങാത്ത ജീവിതങ്ങളെ തെളിച്ചമുള്ളതാക്കിക്കൊണ്ടാണ് അവിടുന്ന് വെളി ച്ചത്തിന്റെ ഉപമയായ് മാറിയത്.

ഭൂമിയില്‍ തന്റെ പ്രകാശവര്‍ഷത്തിന് സമാപനമായി എന്ന് തോന്നുമ്പോള്‍ അവന്‍ പറയുന്നു: ”നിങ്ങളും ലോകത്തിന്റെ പ്രകാശമാകുന്നു”. എരിഞ്ഞടങ്ങാന്‍ തുടങ്ങുന്ന സൂര്യന്‍ തന്റെ പ്രകാശം ചെറുദീപങ്ങളിലേക്ക് പകരുകയാണ്. ആ പ്രകാശത്തി ന്റെ കിരണങ്ങള്‍ ഏറ്റുവാങ്ങിയ ചെറുമെഴുകുതിരികളാണ് ക്രിസ്തുവിനെ സ്‌നേഹിക്കുന്നവരെല്ലാം. ആ ചെറുവെട്ടത്തെ പറയുടെ കീഴിലല്ല, പീഠത്തിനു മുകളിലാണ് തെളിച്ചു വയ്‌ക്കേണ്ടത്. നിസ്സാരങ്ങളെങ്കിലും അവ ജീവിതം കൈമോശം വന്ന ഒത്തിരിപേര്‍ക്ക് വെളിച്ചത്തിന്റെ സുവിശേഷമാകും.

ജീവിതത്തിന്റെ ഇത്തിരി വെട്ടം കൊണ്ട് അനേകരെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന അടൂര്‍ സ്വദേശിയായ ആന്‍സണ്‍ തോമസും ക്രിസ്തുവിന്റെ വെളിച്ചം ഉള്ളില്‍കൊണ്ടു നടക്കുന്ന നല്ല സമരിയാക്കാരന്‍ തന്നെയാണ്. 2010 ലെ മലയാള മനോരമയുടെ ക്രിസ്തുമസ് സപ്ലിമെന്റിന്റെ കവര്‍‌സ്റ്റോറി ആന്‍സണിനെക്കുറിച്ചായിരുന്നു. ബോംബെയിലെ ചുവന്ന തെരുവിന്റെ ക്രൗര്യത്തിലേക്ക് ക്രിസ്തുവിന്റെ പ്രകാശവുമായ് ഒരു ക്രിസ്തുമസ് രാത്രി യില്‍ കടന്നു ചെല്ലാന്‍ കാണിച്ച ആന്‍സണിന്റെ ധൈര്യമാണ് സപ്ലിമെന്റിന്റെ പ്രമേയം.

ബോംബെയിലെ ജമുന മാന്‍ഷന്‍ എന്ന കെട്ടിടത്തില്‍ ലോകത്തിന്റെ വെളിച്ചം കാണാനാകാത്തവിധം കുടുങ്ങിപ്പോയ ഏറെ പെണ്‍കുട്ടികളുണ്ടെന്ന് ആന്‍സണിന് അറിയാമായിരുന്നു. അവരുടെ സങ്കടങ്ങള്‍ നേരില്‍ മനസ്സിലാക്കണമെന്നയാള്‍ക്കു തോന്നി. അധോലോകത്തിന്റെ കഴുകന്‍ കണ്ണുകള്‍ സംരക്ഷണം തീര്‍ക്കുന്ന അഞ്ചുനില മെഴുകുതിരി

ഫാ. പീറ്റര്‍ തോമസ് കപ്പൂച്ചിന്‍

പ്രാര്‍ത്ഥന:
ദൈവമേ, ഒരുപാട് ദേവാലയങ്ങളില്‍ എണ്ണമറ്റ മെഴുകുതിരികള്‍ ഞാന്‍ കത്തിച്ചിട്ടുണ്ട്. പുല്‍ക്കൂടിനു മുമ്പില്‍ കത്തിനില്‍ക്കുന്ന മെഴുകുതിരികള്‍ എന്നില്‍ ആനന്ദം പകര്‍ന്നിട്ടുമുണ്ട്. എങ്കിലും മറ്റുള്ളവര്‍ക്ക് വെളിച്ചമാവുക എന്ന മെഴുകുതിരിയുടെ യഥാര്‍ത്ഥ ആത്മീയത ജീവിതത്തിലാക്കാന്‍ എനിക്കിതുവരെ സാധിച്ചിട്ടില്ല. ഒപ്പമുള്ളവര്‍ക്ക് അല്‍പമെങ്കിലും പ്രകാശം നല്‍കുന്ന ഒരു കൊച്ചുതിരിയായി എന്റെ ജീവിതം മാറ്റണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.