ക്രിസ്തുമസ് വരവായി: 24

റോസിന പീറ്റി

കൊട്ടിയടയ്ക്കപ്പെട്ട വാതിൽ പോലെ മനസ്സിനെ ഭാരപ്പെടുത്തുന്നതായി ഈ ലോകത്തിൽ മറ്റെന്തുണ്ട്? സ്നേഹപാരമ്യമായ ക്രിസ്തുവിന് പിറക്കാൻ വേണ്ടി ജോസഫും മേരിയും വാതിലുകൾ പ്രതീക്ഷയോടെ തന്നെ മുട്ടിനോക്കുന്നുണ്ട്. വാതിലായവനാണ് വാതിലിൽ മുട്ടുന്നത്. മനുഷ്യപുത്രന്റെ രംഗപ്രവേശനത്തിൽ ലോകം നൽകിയ ആദ്യസമ്മാനം – തിരസ്കരണം. ദാഹിച്ചു പരവശനായി വരുന്ന ഒരാൾക്കു മുന്നിൽ, അകത്ത് അന്യർക്ക് പ്രവേശനമില്ല എന്നു കാണുന്ന വാതിൽ തീർക്കുന്ന ദൂരം അല്പമൊന്നുമല്ല.

കൊട്ടിയടയ്ക്കപ്പെട്ട വാതിൽ പലപ്പോഴും അപകടസൂചന തന്നെയാണ്. ആർക്കും പ്രവേശനമില്ലാത്ത വാതായനങ്ങൾ തീർത്ത് സ്വയം സുരക്ഷിതത്വം ഉറപ്പിക്കുന്നവരാണ് നമ്മൾ. കൊട്ടിയടയ്ക്കപ്പെട്ട ഈ വാതായനങ്ങൾ വിനയായി മാറിയത് പ്രളയജലത്തിൽ നമ്മൾ കണ്ടതാണ്. രക്ഷകൻ വെളിയിൽ വന്നുനിൽക്കുമ്പോഴും അവനെ നിഷേധിച്ച് ഉള്ളിലേയ്ക്ക് വീണ്ടും വലിയുന്ന അവസ്ഥ. ഞാൻ അവരെ അടുക്കലേയ്ക്ക് വിളിക്കുന്തോറും അവർ എന്നിൽ നിന്ന് അകന്നുപോവുകയാണ് ചെയ്തത് എന്ന ദൈവത്തിന്റെ പരിഭവം ഹോസിയ പ്രവാചകൻ നമ്മെ അറിയിക്കുന്നുണ്ട് (ഹോസിയ 11:2).

സത്രത്തിൽ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ പോലെ എന്റെ മനോഭാവങ്ങളിലും എന്റെ ഹൃദയകവാടങ്ങളിലും ഞാൻ തഴുതിട്ടു പൂട്ടിയ എത്രയോ സംഭവങ്ങൾ ഓർത്തെടുക്കാനാവും? ഒന്നാം മണിക്കൂറിലും പതിനൊന്നാം മണിക്കൂറിലും ക്രിസ്തു കരുണയോടെ വാതിലിൽ തന്നെ കാത്തുനിൽപ്പുണ്ട്. ഇതാ ഞാൻ പുറത്ത് വാതിലിൽ മുട്ടുന്നു; ആരെങ്കിലും വാതിൽ തുറന്നാൽ ഞാൻ അകത്തു കയറി അവനോടൊത്ത് ഭക്ഷണം കഴിക്കും (വെളി. 3:20) ക്രിസ്തു ഇപ്പോഴും അകത്തൊന്നു പ്രവേശിക്കുവാൻ കാത്തിരിക്കുകയാണ്. വാതിൽ തുറന്നു കിടക്കട്ടെ. ക്രിസ്തു അവതരിക്കട്ടെ.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.