ബെത്ലഹേമിലെ  ക്രിസ്തുമസ്

യേശു ജനിച്ച സ്ഥലം എന്ന് പരമ്പരാഗതമായി വിശ്വസിച്ച് പോരുന്ന ബെത്ലഹേമിൽ ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ഇത്തവണ എത്തിയത് പതിനായിരത്തിലധികം തീർത്ഥാടകരാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് എത്തിയവരായിരുന്നു അവർ. കുറെ കാലത്തിനിടയിലെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ആഘോഷമായിരുന്നു ഇത്തവണത്തേത്.

ജറുസലേമിലെ ലാറ്റിൻ പാട്രിയാർക്കേറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് പിയർബറ്റിസ്റ്റ പിസബല്ലയാണ്, ജറുസലേമിൽ നിന്ന് ബെത്ലഹേമിലെത്തി തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. പാതിരാകുർബാനയിൽ പങ്കെടുത്തവരിൽ പാലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ്, പ്രധാനമന്ത്രി റാമി ഹംദള്ള എന്നിവരും ഉണ്ടായിരുന്നു.

ചെളിയും പൊടിയും പിടിച്ച് മോശമായിരിക്കുന്ന മൊസൈക്ക് കഴുകി വൃത്തിയാക്കി എടുക്കുമ്പോൾ ഉണ്ടാവുന്ന തിളക്കം ചൂണ്ടിക്കാട്ടിയുള്ള ഉപമയിലൂടെയാണ് ആർച്ചുബിഷപ്പ് തിരുപ്പിറവി സന്ദേശം നൽകിയത്. പാലസ്തീൻ ദേശത്തെ അലട്ടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ പ്രശ്നങ്ങളെ ആർച്ചുബിഷപ്പ്, ചെളിയും പൊടിയും പിടിച്ച മൊസൈക്ക് ഫലകത്തോട് ഉപമിച്ചു. ക്രിസ്തുമസ് എന്നാൽ നമ്മുടെ ജീവമതങ്ങളിലെയും സമൂഹങ്ങളിലെയും പൊടിപടലങ്ങളുടെ പാളി തുടച്ചുനീക്കി, ജീവിതത്തിലെ മനോഹര യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊരു സ്വപ്നസാഫല്യമാണെന്നാണ് വിദേശ തീർത്ഥാടകരിൽ പലരും അഭിപ്രായപ്പെട്ടത്. ജീവിതത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇതെന്നും പലരും പറഞ്ഞു. വിശ്വാസത്തിന്റെ നടുവിൽ നിന്നു കൊണ്ട് ക്രിസ്തുമസ് ആഘോഷിക്കാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല. തീർത്ഥാടകർ ഒന്നടങ്കം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.