ഓസ്ട്രേലിയയിലെ ക്രിസ്തുമസ് ആഘോഷം 

ഓസ്ട്രേലിയയിലെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 25-ന് ആണ്. ഈശോയുടെ ജനനം ആഘോഷിക്കുന്ന അന്നേദിവസം അവര്‍ വീടുകളില്‍ പ്രത്യേക ഭക്ഷണം തയ്യാറാക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും പുല്‍ക്കൂട് ഉണ്ടാക്കുകയും ചെയ്യുന്നു. അക്രൈസ്തവരും അങ്ങനെ തന്നെ ചെയ്യുന്നു എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

ഓസ്ട്രേലിയയില്‍ ഡിസംബര്‍ 25, 26 തീയതികള്‍ പൊതു അവധിയാണ്. അന്നേദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും എല്ലാം അടഞ്ഞുകിടക്കും. ആളുകള്‍ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടുമൊപ്പം ഒന്നിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദിവസങ്ങളിലൊന്നാണ് ക്രിസ്തുമസ്.

ക്രിസ്തുമസിന് ഒരാഴ്ച്ച മുന്നേ ഓസ്ട്രേലിയക്കാര്‍ വീടുകള്‍ അലങ്കരിച്ചുതുടങ്ങും. പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും ഒക്കെ നിര്‍മ്മിക്കും. ക്രിസ്തുമസ് ട്രീയില്‍ അലങ്കാരങ്ങളും നക്ഷത്രവും ബള്‍ബുകളുമൊക്കെ സ്ഥാപിക്കുന്നതിലും മനോഹരമാക്കുന്നതിലും ഇവിടുത്തുകാര്‍ മത്സരിക്കുന്നത് ഒരു പതിവാണ്. കൂടാതെ, സാന്താക്ലോസിന്റെ വരവിനെ അനുസ്മരിപ്പിച്ചുകൊണ്ട് കുട്ടികള്‍ക്കായി ചെറിയ സമ്മാനങ്ങള്‍ ക്രിസ്തുമസ് ട്രീയില്‍ ഒളിച്ചുവയ്ക്കുന്നതും കുട്ടികളെക്കൊണ്ടു തന്നെ അവ കണ്ടെടുപ്പിക്കുന്നതും ഇവിടെ പതിവാണ്.

കൂടാതെ, ക്രിസ്തുമസ് ദിനം ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി കര്‍മ്മങ്ങളുണ്ട്. ക്രിസ്ത്യാനികള്‍ അന്നേദിവസം പാതിരാകുര്‍ബാനയ്ക്ക് പങ്കെടുക്കുകയും പരസ്പരം ആശംസകള്‍ നേരുകയും ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.