ക്രിസ്തുമസ് – ഇമ്മാനുവേല്‍ അനുഭവം

വിശുദ്ധ മത്തായുടെ സുവിശേഷം 1:23-ാം വാക്യം ‘ദൈവം നമ്മോടുകൂടെ’ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്നവന്‍ വിളിക്കപ്പെട്ടു.

എങ്ങും ക്രിസ്തുമസ്സിനായുള്ള ഒരുക്കങ്ങളാണ്. പള്ളികളിലും വീടുകളിലും കടകളിലും ഒക്കെ പലവര്‍ണ്ണത്തിലുള്ള നക്ഷത്ര വിളക്കുകള്‍ മിന്നിത്തെളിയുന്നു. 25 ദിവസത്തെ നോമ്പാചരണത്തിലൂടെ നമ്മള്‍ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നു. ‘ആഗമനകാലം’ ക്രിസ്തുവിന്റെ ജനനത്തിനായുള്ള ഒരുക്കത്തിന്റെ കാലമാണ്. ‘ദൈവം നമ്മോടുകൂടെ’ എന്ന അനുഭവത്തിനായ് നാം ഒരുങ്ങുന്നു.

ക്രിസ്തുവിന്റെ ജനനത്തിലൂടെ ദൈവം നമ്മുടെ ഇടയിലുണ്ട് എന്ന എമ്മാനുവേല്‍ അനുഭവമാണ് ദൈവം നമ്മള്‍ക്കായി കാണിച്ചുത്തന്നത്. ഈ അനുഭവം ഉണ്ടായവരാണ് ഉണ്ണീശോയെ സന്ദര്‍ശിച്ച ആട്ടിടയന്മാരും പൂജരാജാക്കന്മാരും. സന്തോഷവും സമാധാനവും നിറഞ്ഞ പുതിയ ഒരു ജീവിതമാണ് അവര്‍ക്കുണ്ടായത്.  ‘ദൈവം നമ്മോടുകൂടെ’ എന്ന ചിന്തയാണ് ഉണ്ണീശോയെ കൈകളിലെടുത്തപ്പോള്‍ പ്രവാചകനായ ശിമയോനും ഉണ്ടായത്. അവരെപ്പോലെ ഈ ‘ഇമ്മാനുവേല്‍’ അനുഭവം നമ്മുടെ ജീവിതത്തിലും ഈ ക്രിസ്തുമസ്സ് കാലത്ത് ഉണ്ടാകണം. നമ്മുടെ വ്യക്തി ജീവിതത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും ബൈബിള്‍ വായനക്കും സമയം കണ്ടെത്തിയാല്‍, കുടുംബത്തിലും സമൂഹത്തിലും നമ്മുടെ തൊഴില്‍ മേഖലയിലും ദൈവം ‘നമ്മോടൊപ്പം’ ഉണ്ട് എന്ന അനുഭവം ഉണ്ടായാല്‍ നമ്മുടെ ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാകും. ഈ മാറ്റത്തിലേക്ക് നമ്മളെ എത്തിക്കുവാന്‍ സഹായിക്കുന്നതായിരിക്കണം നമ്മുടെ ‘നോമ്പാചരണങ്ങളും’ പ്രാര്‍ത്ഥനകളും.

ഇന്നത്തെ പല കുടുംബങ്ങളും വ്യക്തി ജീവിതങ്ങളും ബുദ്ധിമുട്ടുകളിലൂടെയും വിഷമങ്ങളിലൂടെയും കടന്നുപോകുന്നവരാണ്. പല കുടുംബങ്ങളിലും പരസ്പരം ബുദ്ധിമുട്ടുകളും വേദനകളും പങ്കുവക്കാത്തവരും പരസ്പരം സംസാരിക്കാത്തവരും അഥവാ സംസാരിക്കുവാന്‍ സമയം തികയാത്തവരും ആണ്. മാതാപിതാക്കളുടെ അറിവില്ലായ്മകളും ബലഹീനതകളും മറന്ന് അവരോട് ചേര്‍ന്നുനില്‍ക്കുന്ന മക്കളിലൂടെ, മക്കളുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അവരെ തങ്ങളോട് ചേര്‍ത്തുനിര്‍ത്തുന്ന മാതാപിതാക്കളിലൂടെ, സഹോദരങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചും സഹായിച്ചും കൂടെ നില്‍ക്കുന്ന സഹോദരങ്ങളിലൂടെ നമ്മുടെ കുടുംബങ്ങളില്‍ ‘ദൈവം നമ്മോടൊപ്പം’ ഉണ്ട് എന്ന അനുഭവം യാഥാര്‍ത്ഥ്യമാകും. ഇങ്ങനെ നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലും ഈ ഇമ്മാനുവേല്‍ – ദൈവം നമ്മോടുകൂടെ അനുഭവം ഉണ്ടാകുമ്പോള്‍ ഈ ക്രിസ്തുമസ് ദൈവാനുഗ്രഹവും സമാധാനവും നിറഞ്ഞ ഒരു പുതുജീവിതമായിരിക്കും.

‘ദൈവം നമ്മോടൊപ്പം’ എന്ന അനുഭവം ജീവിതത്തിലുടനീളവും ചുറ്റുമുള്ളവരിലേക്കും എത്തിച്ചവരാണ് നമ്മള്‍ വണങ്ങുന്ന എല്ലാ വിശുദ്ധരും ആധുനിക ജീവിതത്തിന്റെ തിരക്കിലാകുന്ന നമ്മള്‍ ഈ ക്രിസ്തുമസ് കാലത്ത്, നമ്മുടെ ചുറ്റിലും ഉള്ള വേദനിക്കുന്ന വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും നമ്മളാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ചെയ്തുകൊണ്ടും അല്ലെങ്കില്‍ സന്തോഷവും നന്മയും നിറഞ്ഞ നമ്മുടെ സാന്നിദ്ധ്യം കൊണ്ടും നമ്മളിലൂടെ ‘ദൈവം നമ്മോടൊപ്പം’ ഉണ്ട് എന്ന അനുഭവം മറ്റുള്ളവരില്‍ എത്തിക്കുവാന്‍ ശ്രമിക്കണം. ഇത് വരും തലമുറക്കും പ്രചോദനമാകും.

അങ്ങനെ ദൈവം നമ്മോടുകൂടെ എന്ന അനുഭവം ഉണ്ടാകുമ്പോഴാണ് ക്രിസ്തുമസ്സിന്റെ സന്ദേശം പൂര്‍ണ്ണമാവുക. ഈ ‘ഇമ്മാനുവേല്‍’ അനുഭവം നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോള്‍ നമ്മുടെ മനോഭാവത്തിനും ചിന്തകള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും അപ്പോള്‍ നമ്മളിലൂടെ കുടുംബവും സമൂഹവും ദൈവം നമ്മോടൊപ്പം എന്ന അനുഭവത്തിലേക്കു വളരും.

‘ദൈവം നമ്മോടുകൂടെ’ എന്ന അനുഭവം ഉണ്ടാകുമ്പോഴൊക്കെ നമ്മുടെ ജീവിതത്തില്‍ ക്രിസ്തുമസ്സ് വന്നണയുന്നു. പാതിരാ കുര്‍ബാനയും കരോളും നോമ്പുവിടലും കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നുള്ള വെറും ഒരു ആഘോഷമായി മാത്രം ക്രിസ്തുമസ് മാറാതെ അത് ‘നമ്മള്‍ക്ക’ ‘ദൈവം നമ്മോടു കൂടെ’ എന്ന അനുഭവമാകണം.

”ഉണ്ണീശോക്കു വന്നു പിറക്കാന്‍ ഉതകുന്ന

പുല്‍കൂടുകളാവട്ടെ നമ്മുടെ ഹൃദയങ്ങള്‍.”

രമ്യാ മാത്യു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.