ബ്രസീലിലെ യേശുവിന്‍റെ മണമുള്ള ക്രിസ്തുമസ് അനുഭവം 

സി. സൗമ്യ DSHJ

“ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ നിന്നും അപ്പോഴും വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. കുര്‍ബാന ചൊല്ലുവാന്‍ നിന്ന സ്ഥലം ആളുകള്‍ ചവിട്ടി ചെളി നിറഞ്ഞ സ്ഥലമായി മാറിയിരുന്നു.” ബ്രസീലില്‍ സേവനം ചെയ്യുന്ന ഫാദര്‍ റ്റിജു പൊട്ടംപ്ലാക്കല്‍ എംസിബിഎസ് ഗോത്ര വര്‍ഗക്കാരുടെ ഇടയിലെ സേവനത്തിലൂടെ ലഭിച്ച വേറിട്ട ക്രിസ്തുമസ് അനുഭവം ലൈഫ് ഡേയുമായി പങ്കുവെയ്ക്കുന്നു.

ബ്രസീലിലെ ബോറു എന്ന രൂപതയുടെ കീഴില്‍ അവായി എന്ന സ്ഥലത്ത് സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളിയിലാണ് റ്റിജു അച്ചന്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ സേവനം ചെയ്യുന്നത്. ഈ പള്ളിയുടെ ഭാഗമായി വ്യത്യസ്ത ജീവിത ശൈലിയില്‍ ജീവിക്കുന്ന നാല് ഗോത്ര വിഭാഗങ്ങള്‍ ഇവിടെയുണ്ട്. അവരെ ആത്മീയ കാര്യങ്ങളില്‍ സഹായിക്കുന്നതും ഫാദര്‍ റ്റിജു തന്നെയാണ്. അവരുടെ ഇടയില്‍ നടന്ന ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. വ്യത്യസ്തമായ ആചാരങ്ങളും മനോഭാവങ്ങളും സംസ്കാരവുമുള്ള ആളുകള്‍… ശൈലികള്‍.

വിദേശികള്‍ക്ക് വിലക്കുള്ള പ്രദേശം 

വിദേശികള്‍ ആയ ആളുകള്‍ക്ക് ഈ ഗോത്രക്കാര്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കുവാന്‍ അനുവാദമില്ല. എന്നാല്‍ റ്റിജു അച്ചന് പ്രത്യേക അനുവാദം ലഭിച്ചിട്ടുണ്ട്. ഇവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫുണായി എന്ന സംഘടനയുടെ കമ്മീഷണറുടെ അനുവാദപ്രകാരം ബ്രസീലില്‍ തന്‍റെ ഇടവകയുടെ കീഴിലുള്ള നാല് ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ സേവനം ചെയ്യാനുള്ള പ്രത്യേക അനുവാദം. മറ്റ് വിദേശിയരായ ആളുകള്‍ക്ക് ലഭിക്കാത്ത ഒരു ആനുകൂല്യമാണിത്. അതിനാല്‍ തന്നെ അതിനെ വലിയ ദൈവാനുഗ്രഹമായിട്ടാണ് റ്റിജു അച്ചന്‍ കാണുന്നതെന്ന് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാകുമായിരുന്നു.

പരമ്പരാഗതമായ രീതികളും വേഷവിധാനങ്ങളും സ്വാഭാവ രീതികളും ഇവരുടെ ഇടയില്‍ ഇന്നും സജീവമാണ്. എന്നാല്‍ ചില രീതികള്‍ക്ക് മാത്രം അല്പം മാറ്റം വന്നിട്ടുണ്ട് എന്നുമാത്രം. എല്ലാ മാസവും ഇവരുടെ കൂടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പുറമേനിന്ന് നോക്കുമ്പോള്‍ സാധാരണ ആളുകളെപ്പോലെ തന്നെയാണ് എങ്കിലും ഇവരുടെ ജീവിതരീതി വളരെ വ്യത്യസ്തമാണ്. ഇവര്‍ക്ക് വേണ്ടി പ്രത്യേക സ്കൂളുകള്‍ തന്നെയുണ്ട്. ഇവരുടെ ആചാരരീതികള്‍ തുടര്‍ന്നുകൊണ്ട് പോകാന്‍ ഗവണ്‍മെന്‍റ്റ് എല്ലാവിധ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നുമുണ്ട്. എന്നാല്‍ ഇവരുടെ സാമ്പത്തിക അവസ്ഥയും ജീവിത നിലവാരവും വളരെ തഴേക്കിടയിലാണ്.

മഴ തോല്പിച്ചു കളഞ്ഞ പ്രതീക്ഷ 

സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടേ ഈ ഗോത്ര നിവാസികളുടെ ഇടയില്‍ ക്രിസ്തുമസ് ആഘോഷിക്കാം എന്ന റ്റിജു അച്ചന്റെ തീരുമാനം വലിയ അനുഭവങ്ങള്‍ തനിക്ക് സമ്മാനിക്കുമെന്ന് അച്ചന്‍ പോലും കരുതിയിരുന്നില്ല. കാരണം, ഇല്ലായ്മയിലെ ആ ആഘോഷം ആത്മീയമായി വളരെ സമ്പത്ത് പ്രധാനം ചെയ്യുന്നതായിരുന്നു. വളരെ ദരിദ്രമായ ജീവിത സാഹചര്യങ്ങളാണ് അവര്‍ക്ക് ഉള്ളത്. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുപോലും ചെറിയ ഷെഡില്‍ ആണ്. ക്രിസ്തുമസ് ആഘോഷത്തിനു പോയപ്പോള്‍ എല്ലാവിധ ഒരുക്കത്തോടെയുമാണ് ഇവര്‍ പോയത്. കുട്ടികള്‍ക്ക് ചെറിയ കളിപ്പാട്ടങ്ങളും ഒപ്പം ചെറിയ വിരുന്നിനു വേണ്ടിയുള്ള സജ്ജീകരണങ്ങളും ഇവര്‍ കൈയില്‍ കരുതിയിരുന്നു.

“മഴയുള്ള സമയത്ത് ഇവിടെ ആരും പുറത്തിറങ്ങി നടക്കാറില്ല. അതിനാല്‍ ഞങ്ങളുടെ കൂടെയുള്ളവര്‍ പറഞ്ഞു. ആരും തന്നെ വരുവാന്‍ സാധ്യതയില്ല. എങ്കിലും കൊന്ത ചൊല്ലി അവര്‍ക്ക് കൊടുക്കേണ്ട സാധനങ്ങളും കൈയില്‍ കരുതി ഞങ്ങള്‍ യാത്ര തിരിച്ചു. കനത്ത മഴയെ അവഗണിച്ച് ആറുമണി ആയപ്പോഴേക്കും ഞങ്ങള്‍ അവിടെ എത്തി. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. അവര്‍ പറ്റുന്ന രീതിയില്‍ അലങ്കരിച്ചിരുന്നു. അവയെല്ലാം കനത്ത മഴയിലും കാറ്റത്തും  ആകെ അലങ്കോലപ്പെട്ടിരുന്നു. ഹാള്‍ നിറയെ ചെളി. വെള്ളം എല്ലായിടത്തും ചോര്‍ന്നോലിക്കുന്നു. അതിലും വിഷമിപ്പിക്കുന്നത് 15 പേരോളം ആളുകള്‍ മാത്രമേ അവിടെ വന്നിരുന്നുള്ളൂ എന്നതായിരുന്നു.” അച്ചന്റെ വാക്കുകളില്‍ നിന്നും ആ നിസഹായത വായിച്ചെടുക്കുവാന്‍ സാധിക്കുമായിരുന്നു.

ഒന്നുമില്ലായ്മയില്‍ പിറന്ന ക്രിസ്തുവിനെ കണ്ടെത്തിയ നിമിഷം 

7.30 ആയിട്ടും ഞങ്ങള്‍ പ്രതീക്ഷിച്ചവര്‍ ആരും എത്തിയില്ല. തികച്ചും വിഷമവും ദേഷ്യവും തോന്നി. 7. 45 ആകുമ്പോഴേക്കും കുര്‍ബാന തുടങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒപ്പം അവര്‍ക്ക് കൊടുക്കുവാന്‍ കൊണ്ടുവന്ന സാധനങ്ങള്‍ വന്നവര്‍ക്ക് വീതം വെച്ചു കൊടുക്കാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ക്ക് എത്തേണ്ടി വന്നു. അച്ചന്‍ തുടര്‍ന്നു.

അപ്പോള്‍ അതാ, ദൂരെനിന്നു ഒരു വെട്ടം. കൂട്ടം ആള്‍ക്കാര്‍ ഈ കാറ്റത്തും മഴയത്തും വളരെ ദൂരം താണ്ടി വരുന്നു. ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് ജോസഫും മേരിയും ഈജിപ്തിലേക്ക് പലായനം ചെയ്തതിനെ അനുസ്മരിപ്പിക്കുന്ന കാഴ്ച.  ചെളിപിടിച്ച വഴിയില്‍ കൂടി തങ്ങളുടെ മക്കളെയും കൈയില്‍ എടുത്ത് കഷ്ട്ടപ്പെട്ട് നടന്നു വരുന്ന ആളുകള്‍. ഇതുകണ്ടപ്പോള്‍ റ്റിജു അച്ചന്റെ ദേഷ്യവും വിഷമവും എല്ലാം അല്ലിഞ്ഞില്ലാതായി. ക്രിസ്തുമസിന്റെ യഥാര്‍ത്ഥ മണം അവടെനിന്നും അനുഭവിക്കുവാന്‍ പറ്റിയെന്ന് അച്ചന്‍ പറയുന്നു. ഇല്ലായ്മയിലും ദാരിദ്രത്തിലും പിറന്ന യേശുവിന്‍റെ അനുഭവം ഇതാ കണ്മുന്‍പില്‍ യാഥാര്‍ത്ഥ്യമാകുന്നു.

എട്ടുമണി ആയപ്പോഴേക്കും അവര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ അവിടെ എത്തി. അവരുടെ ദരിദ്രമായ അവസ്ഥയില്‍ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ ചൈതന്യം അനുഭവിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. തങ്ങളെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ ഒരു ചെറിയ പുല്‍ക്കൂടും അവര്‍ നിര്‍മ്മിച്ചിരുന്നു. ഇവിടുത്തെപ്പോലെ തോരണങ്ങളോ മിന്നിത്തിളങ്ങുന്ന ബള്‍ബുകളോ ഒന്നും ഇല്ലാതെ…കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം അവര്‍ക്ക് വിതരണം ചെയ്തു. ഇല്ലായ്മയുടെ നടുവിലും അസൗകാര്യങ്ങള്‍ക്ക് മധ്യത്തിലും ചെളി നിറഞ്ഞ അവസ്ഥയിലും ചോര്‍ന്നൊലിക്കുന്ന ഷെഡിലും യഥാര്‍ത്ഥ ക്രിസ്തുമസിന്റെ അനുഭവം കണ്ടെത്തുവാന്‍ സാധിച്ചു. ഇല്ലായ്മയ്ക്ക് നടുവിലെ ആ ക്രിസ്തുമസ് ആഘോഷം മനസ്സില്‍ വലിയ നിറവ് സമ്മാനിച്ചു. അച്ചന്‍ പറയുന്നു.

മിന്നിത്തിളങ്ങുന്ന ബള്‍ബുകളോ നക്ഷത്രങ്ങളോ അവിടെ ഇല്ലായിരുന്നു. ആര്‍ഭാടമോ ആഡംബരമോ ആരവമോ അവിടെ ഇല്ല. ഉണ്ടായിരുന്നത് ദാരിദ്ര്യവും കുറെ നല്ല മനുഷ്യരുടെ കഷ്ടപ്പാടും മാത്രം. ക്രിസ്തു പിറക്കുന്നത് മനുഷ്യന്റെ കുറവുകളിലേക്കാണ്. അവന്‍റെ കുറവുകളെ നിറവുകളാക്കാന്‍. പ്രതീക്ഷയുടെ വെളിച്ചം ഈ ക്രിസ്തുമസിലൂടെ നമ്മുടെ ഉള്ളില്‍ പ്രവേശിക്കട്ടെ. അങ്ങനെ നമ്മള്‍ കുറവുകളെ സ്നേഹിക്കാന്‍ പഠിക്കട്ടെ.

സി. സൗമ്യ DSHJ