ക്രിസ്തുമസ് പ്രസംഗം: ക്രിസ്തുമസ് മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ സ്‌നേഹോത്സവം

മിശിഹായില്‍ സ്‌നേഹം നിറഞ്ഞവരേ,

”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം” (ലൂക്കാ 2:14). ”ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11). ഏവര്‍ക്കും ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാളിന്റെ പ്രാര്‍ത്ഥനാമംഗളങ്ങള്‍ സ്‌നേഹപൂര്‍വ്വം ആശംസിച്ചുകൊള്ളുന്നു.

ഒരിക്കല്‍ ആകാശത്തിലൂടെ പറക്കുന്ന വിമാനം കണ്ട് അഞ്ചു വയസ്സുകാരന്‍ മകന്‍ അപ്പനോട് ചോദിച്ചു:

”അപ്പാ അതെന്താണ്?”

അപ്പന്‍ പറഞ്ഞു: ”അതാണ് വിമാനം. മനുഷ്യന് ഏറ്റവും എളുപ്പത്തില്‍ യാത്ര ചെയ്യാനുള്ള വാഹനമാണത്.”

മകന്റെ സംശയം തീര്‍ന്നില്ല. അവന്‍ വീണ്ടും ചോദിച്ചു: ”അപ്പാ ആകാശത്തില്‍ക്കൂടി പറക്കുന്ന വിമാനത്തില്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍ എങ്ങനെ കയറും?”

അപ്പന്‍ പറഞ്ഞു: ”മോനേ, ആളുകളെ മുകളിലേയ്ക്ക് കൊണ്ടുപോകാന്‍ വിമാനം താഴേയ്ക്ക് വരും.”

മണ്ണിലലയുന്ന മനുഷ്യനെ വിണ്ണിലേയ്ക്കുയര്‍ത്താന്‍ ദൈവം തന്നെ മണ്ണിലേയ്ക്കു വന്ന ദിനമാണ് ക്രിസ്തുമസ്. എന്നാല്‍, ക്രിസ്തുമസ് എന്ന പദത്തിന് ഈശോയുടെ ജനനവുമായി ബന്ധമില്ല എന്നത് ശ്രദ്ധേയമാണ്. ക്രിസ്തുമസ് എന്ന പദത്തിന്റെ അര്‍ത്ഥം ക്രിസ്തുവിന്റെ ബലി എന്നാണ്. അതായത്, പാപാന്ധാകാരത്തില്‍ നിന്ന് മാനവകുലത്തെ രക്ഷിക്കാന്‍ ജീവന്‍ തന്നെ ഹോമിക്കുക എന്നതായിരുന്നു ഈശോയുടെ ജനനത്തിന്റെ ലക്ഷ്യം. കാലിത്തൊഴുത്താകുന്ന ഗുഹയില്‍ തുടങ്ങുന്ന ഈശോയുടെ ജനനം അവസാനിക്കുന്നത് ഒലിവുതോട്ടത്തിലെ പാറയില്‍ വെട്ടിയുണ്ടാക്കിയ മറ്റൊരു ഗുഹയിലാണ്.

പ്രശസ്ത വചനപ്രഘോഷകനായിരുന്ന ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ ഇപ്രകാരം പറയുന്നു: ”ആയിരം പുല്‍ക്കൂടുകളില്‍ ഉണ്ണി പിറന്നാലും നമ്മുടെ ഹൃദയത്തില്‍ ഉണ്ണി പിറക്കുന്നില്ലെങ്കില്‍ ക്രിസ്തുമസ് വ്യര്‍ത്ഥമാണ്.” പുല്‍ക്കൂട് നിര്‍മ്മിക്കാനും അതില്‍ ഉണ്ണിയെ പ്രതിഷ്ഠിക്കാനും നാം ഉത്സാഹിക്കുന്നതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയേശുവിന് ജനനം കൊടുക്കുവാന്‍ നാം പരിശ്രമിക്കണം. അതിന്, എന്തിനാണ് ദൈവം ഈ ഭൂമിയില്‍ പിറന്നതെന്നത് നാം മനസ്സിലാക്കണം. അതുപോലെ യേശുവിന്റെ ജനനം നമുക്ക് നല്‍കുന്ന സന്ദേശമെന്തെന്നും തിരിച്ചറിയണം.

ദൈവം എന്തിന് മനുഷ്യനായി?

ഏശയ്യാ പ്രവാചകന്റെ പുസ്തകം 59:1-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല, കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല.”

നമ്മുടെ വേദനകളില്‍, പാപാവസ്ഥകളില്‍, തകര്‍ച്ചകളില്‍ രക്ഷയുടെ കരം നീട്ടി നമ്മെ താങ്ങുന്നവനാണ് നമ്മുടെ ദൈവം. അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയുമെല്ലാം ഇസ്രായേല്‍ ജനത്തിനിടയില്‍ പ്രവര്‍ത്തിച്ച ദൈവം എപ്രകാരമാണ് ഇന്ന് നമ്മുടെ ജീവിതങ്ങളില്‍ ഇടപെടുന്നത് എന്ന് ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനം 1:1-ല്‍ പറയുന്നത് ഇപ്രകാരമാണ്:

”പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു. അതിനുള്ള കാരണം യോഹ. 3:16-ല്‍ പറയുന്നു:

”എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ആ സ്‌നേഹമാണ് പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണീശോ. അങ്ങനെ മനുഷ്യനോടുള്ള അതിരറ്റ സ്‌നേഹത്തെപ്രതി മനുഷ്യനെ ദൈവീകനാക്കാന്‍ ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ പിറന്നു.”

ക്രിസ്തുവിനെ തേടിയുള്ള യാത്ര

തിരുക്കുടുംബം നടത്തേണ്ടിവന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് (ലൂക്കാ 2:1). യേശുവിന്റെ ജനനം ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ഈ ക്രിസ്തുമസ് നമ്മെയും ക്ഷണിക്കുക ഒരു യാത്രയിലേയ്ക്കാ‌ണ്; ബേത്‌ലഹേം തേടിയുള്ള യാത്രയിലേയ്ക്ക്‌. ഇങ്ങനെ രക്ഷകനെ തേടിയിറങ്ങിയവരില്‍ ഒരാളൊഴിച്ച് (ഹെറോദേസ്) ബാക്കിയെല്ലാവരും രക്ഷകനെ കണ്ടെത്തുന്നുണ്ട്. രക്ഷകന് ജന്മം കൊടുക്കുവാനുള്ള യാത്ര മാതാവും യൌസേപ്പിതാവും വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ദൈവദൂതന്‍ രക്ഷകന്റെ ജനനത്തെപ്പറ്റിയുള്ള സദ്വാര്‍ത്ത ആദ്യം അറിയിക്കുന്നത് പാവപ്പെട്ട ആട്ടിടയരെയാണ്. ദൈവദൂതന്റെ ഈ വാക്കുകള്‍ അവരില്‍ ഭയം ഉളവാക്കിയെങ്കിലും അവര്‍ ബെത്‌ലഹേമില്‍ പോയി ദൂതന്‍ അറിയിച്ച ഈ സംഭവം നേരില്‍ കണ്ടു.

അടുത്ത യാത്ര ജ്ഞാനികളുടെയാണ്. കൈനിറയെ കാഴ്ചകളുമായി, നക്ഷത്രത്തിന്റെ വഴിയെ രക്ഷകനെ തേടി അവര്‍ ഇറങ്ങി. അറിവും അധികാരവും ഉണ്ടായിരുന്നവര്‍ അതെല്ലാം മാറ്റിനിര്‍ത്തി, സ്വയം എളിമപ്പെട്ടതുകൊണ്ട് അവര്‍ക്ക് രക്ഷകന്റെ അരികിലെത്തിച്ചേരാന്‍ സാധിച്ചു. എന്നാല്‍, അഹങ്കാരത്തിന്റെയും സ്വാര്‍ത്ഥതയുടെയും മണിമാളികയിലിരിക്കുന്ന ഇസ്രായേലിന്റെ പ്രതിനിധിയായ ഹേറോദിന് രക്ഷകനെ കാണാന്‍ സാധിച്ചില്ല. കാരണം, രക്ഷകനെ തേടിയിറങ്ങണമെങ്കില്‍ ആട്ടിടയന്മാരെപ്പോലെയും ജ്ഞാനികളെപ്പോലെയും മനസ്സില്‍ ലാളിത്യം സൂക്ഷിക്കുന്നവരും അഹങ്കാരചിന്തകള്‍ വെടിയുടുന്നവരുമായിരിക്കണം നമ്മള്‍.

ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചത് സ്വയം എളിമപ്പെടുത്തിക്കൊണ്ടാണ്. ഈയൊരു എളിമപ്പെടുത്തല്‍ വഴി ഒരിക്കല്‍ ഏദേന്‍ തോട്ടത്തില്‍ അടയ്ക്കപ്പെട്ട പറുദീസായുടെ വാതില്‍ തുറക്കപ്പെട്ട രാത്രിയാണ് ക്രിസ്തുമസ് രാത്രി. പുല്‍ക്കൂട്ടിലെ ഉണ്ണിയേശു നമ്മെയും ക്ഷണിക്കുക ഈയൊരു എളിമപ്പെടലിന്റെ മനോഭാവത്തിലേയ്ക്കാണ്. കാരണം, സ്വയം എളിമപ്പെടുന്നവര്‍ക്കാണ് ഉണ്ണിയേശുവിന് ജന്മം കൊടുക്കാനും ഉണ്ണിയേശുവിനെ കണ്ടെത്താനും സാധിക്കുക.

അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്തും സ്ഥലവുമൊക്കെ പ്രളയം അപഹരിച്ചപ്പോള്‍ ജാതി-മതഭേദമന്യേ ഒരു നവകേരളത്തിന്റെ നിര്‍മ്മിതിക്കായി നമ്മള്‍ ഒരുമിച്ചിറങ്ങി. കാരണം, പ്രളയം തകര്‍ത്തത് നമ്മുടെ സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും മതിലുകളെയാണ്. ഒരു പ്രളയത്തിന്റെ ആയുസേ നമ്മുടെ സമ്പാദ്യങ്ങള്‍ക്കുള്ളൂ. അതുകൊണ്ട് നമ്മുടെ സമ്പത്തിലും സമൃദ്ധിയിലും മേന്മ കാണിക്കാതെ ക്രിസ്തുവിന്റെ സ്‌നേഹം ലോകത്തിന് പകര്‍ന്നുനല്കാനാണ് നാം പരിശ്രമിക്കേണ്ടത്.

സ്‌നേഹത്തിന്റെയും വിനയത്തിന്റെയും സന്ദേശം നല്കുന്ന ക്രിസ്തുമസ് ജാതി-മതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ്. ക്രിസ്തുമസ് വിശ്വശാന്തി ദിനമാണ്. ജാതിയുടേയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ഭിന്നതകള്‍ ഉണ്ടാക്കുവാനും അശാന്തിയുടെയും അസമാധാനത്തിന്റെയും വിത്ത് വിതയ്ക്കുവാനും ചില താല്‍പരകക്ഷികള്‍ മുന്നിടുമ്പോള്‍, മാധ്യമ ചര്‍ച്ചകളും മറ്റ് ആശയവിനിമയങ്ങളും അതിനുള്ള വഴികള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ അതില്‍ ജാഗ്രത പുലര്‍ത്തണം. ജാതി – മത – സമുദായിക – രാഷ്ട്രീയ ബന്ധങ്ങള്‍ക്കതീതമായി വ്യക്തികളുടെ മഹത്വം അംഗീകരിക്കാനും നാം തയ്യാറാവണം. അപ്പോഴാണ് സമാധാനത്തിന്റെ ദൂതുമായി ലോകത്തിലേയ്ക്കു വന്ന ഉണ്ണിയേശുവിന് പ്രിയപ്പെട്ട ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളും രൂപാന്തരപ്പെടുക.
ഒരു ദിവസം കൊണ്ട് അവസാനിക്കേണ്ടതല്ല ക്രിസ്തുമസ്. നമ്മുടെ അനുദിനജീവിതത്തില്‍ ക്രിസ്തു മനുഷ്യനായി പിറക്കട്ടെ. നമ്മുടെ വ്യക്തിജീവിതങ്ങളില്‍, കുടുംബങ്ങളില്‍ നാം ആയിരിക്കുന്ന വിവിധ ഇടങ്ങളില്‍ ക്രിസ്തുവിന് ജനിക്കാന്‍, സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും പാതയില്‍ ചരിച്ചുകൊണ്ട് നമ്മുടെ ഇടം ഒരുക്കാം.

ഉണ്ണിയേശു നമ്മെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ, ആമേന്‍.

ഫാ. തോമസ് പാറയ്ക്കല്‍ MST