തുർക്കിയുടെ ആക്രമണങ്ങളിൽ വലഞ്ഞ് കുർദ്ദിസ്ഥാനിലെ ക്രിസ്ത്യൻ ഗ്രാമങ്ങൾ

തുർക്കിയുടെ അതിർത്തിയിലുള്ള ഇറാഖി കുർദ്ദിസ്ഥാനിലെ ക്രിസ്ത്യാനികൾ ഭയാശങ്കയിലാണ്. ഈ വർഷം തുടക്കം മുതൽ നിരവധി ആക്രമണങ്ങളാണ് ക്രിസ്ത്യൻ ഗ്രാമങ്ങൾക്കുമേൽ നടന്നത്. തുടർച്ചയായ ബോംബ് വർഷവും കലാപങ്ങളും ഇരുപത്തിയഞ്ചോളം ഗ്രാമങ്ങളെ ശൂന്യമായ അവസ്ഥയിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്.

ദുഹോക്കിന് വടക്ക് പ്രവിശ്യയിലെ ഗ്രാമങ്ങളിലെ പി.കെ.കെ. (കുർദിഷ് വർക്കേഴ്സ് പാർട്ടി) അഭയാർഥികളെ ലക്ഷ്യമാക്കി അങ്കാറയുടെ വ്യോമസേന നടത്തിയ കനത്ത ആക്രമണത്തിൽ തകർന്നടിയുന്നത് ഒരു ജനതയുടെ സ്വപ്‍നങ്ങളാണ്.

“നിയന്ത്രിത പ്രദേശങ്ങൾക്ക് സമീപമുള്ള നിരവധി സാധാരണ ജനങ്ങളെ ഒരു കാരണവും കൂടാതെ അവർ കൊലപ്പെടുത്തി. ചില അവസരങ്ങളിൽ ഇത്തരം ബോംബുകൾ സാധാരണക്കാരുടെ വീടുകളിലും പതിച്ചിട്ടുണ്ട്. ക്രൈസ്തവ ഗ്രാമമായ അരഡനു സമീപം സന്നദ്ധപ്രവർത്തങ്ങൾക്കായി പോയ ഒരു കാർ ആക്രമിക്കുകയും ചെയ്തു” – എനിഷ്കെയിലെ ഇടവക വൈദികൻ ഫാ. സമീർ പറയുന്നു.

ഐഎസ് ഭീകരരുടെ ആധിപത്യത്തെ തുടർന്ന് 2014-ൽ മൊസൂളിൽ നിന്നും നീനെവേ സമതലത്തിൽ നിന്നും പലായനം ചെയ്ത നൂറുകണക്കിന് ക്രിസ്ത്യാനികൾ ഈ പ്രദേശത്ത് ഇപ്പോഴും ജീവിക്കുന്നുണ്ട്. ഇവിടെയുള്ള ക്രിസ്ത്യൻ ഗ്രാമങ്ങൾക്കുനേരെ അതിരൂക്ഷമായ ആക്രമണമാണ് തുർക്കികൾ നടത്തുന്നത്. ഈ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ആളുകൾ വീടുകൾ വിട്ട് ഓടിപ്പോകുന്നു. ഈ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തുർക്കിക്കെതിരായി ബാഗ്ദാദ് സർക്കാർ നടത്തുന്ന ശക്തമായ പ്രതികരണമാണ് ഇനിയുള്ള ഏക പ്രതീക്ഷയെന്നും ഫാ. സമീർ പറയുന്നു.

ഇറാഖിലെ പി‌കെ‌കെ താവളങ്ങൾക്കെതിരായ അങ്കാറ വ്യോമാക്രമണം ഒരു പുതിയ കാര്യമല്ല. സമാനമായ ആക്രമണങ്ങൾ 2007-ലും 2018-ലും ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ചാലിക്ക്, ബെർസിവേ, ശരണിഷ് എന്നീ ക്രിസ്ത്യൻ ഗ്രാമങ്ങളാണ്. ഈ സൈനിക നടപടികളുടെ ലക്ഷ്യം തുർക്കി താവളങ്ങൾ സൃഷ്ടിക്കുന്നതിനായി ഈ പ്രദേശങ്ങളിൽ നിന്ന് ഇവിടെയുള്ള നിവാസികളെ പലായനം ചെയ്യിക്കുക എന്നതാണ്. ഇവിടെ നടക്കുന്ന ബോംബാക്രമണങ്ങളിൽ ഇവരുടെ കൃഷിസ്ഥലങ്ങളും വീടുകളും ഉണ്ടായിരുന്നവയെല്ലാം കത്തിനശിച്ചു. 2020-ന്റെ ആരംഭം മുതലുള്ള ആക്രമണങ്ങളിൽ വടക്കൻ ഇറാഖിലെ 25-ഓളം ക്രിസ്ത്യൻ ഗ്രാമങ്ങൾ ആകെ തകർന്നടിഞ്ഞ അവസ്ഥയിലാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.