ക്രൈസ്തവ മൂല്യങ്ങളെ അവഹേളിക്കുന്നതിനെതിരെ തൃശൂരില്‍ ഓഗസ്റ്റ് അഞ്ചിന് വിശ്വാസികളുടെ സംഗമം

തൃശൂര്‍: കത്തോലിക്കാ വിശ്വാസത്തേയും വിശ്വാസികളേയും സഭാനേതൃത്വത്തേയും അവഹേളിക്കുന്ന പ്രവര്‍ണതകള്‍ക്കെതിരേ വിശ്വാസികള്‍ സംഗമിക്കുന്നു. തൃശൂര്‍ അതിരൂപതയാണു സംഗമം വിളിച്ചുകൂട്ടിയിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 ന് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നടക്കുന്ന കൂട്ടായ്മയില്‍ എല്ലാ ഇടവകകളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കും.
ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ സഭ മതപീഡനത്തിന്റെ പിടിയിലാണെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, അതുരസേവനം, രാഷ്ട്രനിര്‍മിതി എന്നീ മേഖലകളില്‍ നിസ്വാര്‍ഥമായ സേവനം കാഴ്ചവച്ച ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന പ്രവണത വര്‍ധിക്കുന്നു. കുമ്പസാരം, പൗരോഹിത്യം തുടങ്ങിയ കൂദാശകളെ നികൃഷ്ടമായി അവതരിപ്പിച്ച് ക്രൈസ്തവ വിശ്വാസം ജനങ്ങളില്‍നിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സഭയിലെ നന്മയുടെ പ്രതീകങ്ങളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് വിശുദ്ധ മദര്‍ തെരേസയെപ്പോലും ഒരു കൂട്ടര്‍ തെറ്റായി ചിത്രീകരിക്കുന്നത്.

സത്യത്തിന്റെ ആവിഷ്‌കാരമാകേണ്ടവര്‍ അസത്യത്തിന്റെ അവതരണമാകുമ്പോള്‍ യഥാര്‍ഥ മാധ്യമധര്‍മംതന്നെ നഷ്ടപ്പെടും. രാഷ്ട്രീയ, വാണിജ്യ, സാമ്പത്തിക, വര്‍ഗീയ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണു വ്യാജവാര്‍ത്തകളും നിഷേധാത്മക വാര്‍ത്തകളും പ്രചരിപ്പിക്കുന്നത്. നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ ജനം വിശ്വസിക്കുമെന്ന നാസി ചിന്തയ്‌ക്കെതിരേ എല്ലാവരും ജാഗരൂകരായി ഉണര്‍ന്നെഴുന്നേല്‍ക്കണം.

തെറ്റിനെ ഒരിക്കലും ന്യായീകരിക്കാന്‍ പാടില്ല. സഭാംഗങ്ങളില്‍ ആരു തെറ്റു ചെയ്താലും സഭാ നിയമങ്ങളനുസരിച്ചും രാജ്യത്തിന്റെ നിയമമനുസരിച്ചും നടപടികള്‍ക്കു വിധേയരാകണം. എന്നാല്‍ വിശ്വാസത്തേയും സഭയേയും അടച്ചാക്ഷേപിച്ചു വിശ്വാസികളെ ചിതറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകതന്നെ വേണം. ആര്‍ച്ച്ബിഷപ് സര്‍ക്കുലറില്‍ പറഞ്ഞു. സര്‍ക്കുലര്‍ ഇന്നലെ അതിരൂപതയിലെ പള്ളികളില്‍ വായിച്ചു.

സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു മനസിലാക്കാനും എങ്ങനെ ക്രിസ്തീയമായി നേരിടണമെന്നു ചിന്തിക്കാനും പ്രാര്‍ഥനയ്ക്കുമായാണ് വിശ്വാസികളുടേയും വൈദികരുടേയും പ്രതിനിധി സമ്മേളനം വിളിച്ചുകൂട്ടുന്നത്. എല്ലാ ഇടവകയിലേയും സംഘടനാ, കുടുംബകൂട്ടായ്മ ഭാരവാഹികള്‍, പ്രതിനിധിയോഗാംഗങ്ങള്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മതാധ്യാപകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അതിരൂപത വക്താവ് ഫാ. നൈസണ്‍ ഏലന്താനത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.