ചൈനയില്‍ കൊറോണ വൈറസിനെതിരെ പോരാടുന്നവര്‍ക്ക് സഹായവുമായി ക്രൈസ്തവ സംഘടന

കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ചൈനീസ് ജനതയ്ക്ക് സഹായഹസ്തവുമായി അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധസംഘടനയായ വേള്‍ഡ് വിഷന്‍. ചൈനയിലെ പത്തു പ്രവിശ്യകളിലായി രോഗബാധയെ പ്രതിരോധിക്കുന്നതിനുള്ള ഉപകരണങ്ങളും ഫേസ്മാസ്‌ക്, തെര്‍മോ മീറ്റര്‍, അണുനാശിനികള്‍, സോപ്പ് തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തുവരികയാണ് സംഘടന. ഇതിനോടകം തന്നെ 37 ലക്ഷം ഡോളറാണ് ഇതിനായി വേള്‍ഡ് വിഷന്‍ ചിലവഴിച്ചത്. ഏതാണ്ട് നാലു ലക്ഷത്തോളം ജനങ്ങള്‍ക്ക് വേള്‍ഡ് വിഷന്റെ സഹായം ലഭിച്ചുകഴിഞ്ഞു.

50,000-ഓളം മാസ്കുകളാണ് വേള്‍ഡ് വിഷന്‍ വിതരണം ചെയ്തത്. കൂടാതെ, പ്രാദേശിക പങ്കാളികളുടെ സഹായത്തോടെ വൈറസ് ബാധയ്ക്ക് സാധ്യതയുള്ള മേഖലകളില്‍ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണവും സംഘടന നടത്തിവരുന്നു. വിവിധ പ്രവിശ്യകളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്‌സിനാവശ്യമായ ഗൗണ്‍, കയ്യുറ, കണ്ണട, ശ്വസനസഹായി തുടങ്ങിയവയും സൗജന്യമായി സംഘടന  വിതരണം ചെയ്യുന്നുണ്ട്.