‘ചൈനാക്കാരനായ’ ഈശോ

ചൈനീസ് ചിത്രകാരന്മാര്‍ യേശുവിനെ വരയ്ക്കുമ്പോള്‍ യേശുവിന് ചൈനീസ് മുഖം 

ലോക ചരിത്രത്തിലിന്നോളം യേശു എന്ന മഹാരാധ്യ പുരുഷനെ കലയില്‍ വിവിധ രീതികളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ലോകരാജ്യങ്ങളില്‍ ഒക്കെ തന്നെ തങ്ങളുടേതായ പ്രത്യേകതകളിലും, നിറത്തിലും തനിമയിലും ഒക്കെ ബൈബിളില്‍ നിന്നുള്ള ഏടുകള്‍ കലാകാരൻമാർ ചിത്രവിഷയമാക്കിയിട്ടുണ്ട്‌.

അക്കൂട്ടത്തില്‍പ്പെടുന്നതാണ് ഇന്ത്യന്‍ രീതിയില്‍ വസ്ത്രധാരണം ചെയ്ത യേശുവും മാതാവും ശിഷ്യന്മാരും. അതുമല്ലെങ്കില്‍ ആഫ്രിക്കയില്‍ നിന്നുള്ള കറുത്ത യേശുവും മാതാവും ഒക്കെ. ഇപ്രകാരമുള്ള ചിത്രങ്ങളുടെ പിറവിക്കു പിന്നിലെ കാരണം യേശു ലോക രക്ഷകനാണെന്നും, എല്ലാവര്‍ക്കും വേണ്ടി ഭൂമിയില്‍ അവതരിച്ചവനുമാണെന്ന സത്യമാണ്.

എന്നാല്‍ ക്രിസ്തീയന്‍ കലകളുടെ ഉറവിടം യൂറോപ്പായതിനാല്‍, അതുമായി ബന്ധപ്പെട്ട ചിത്രങ്ങളില്‍ വ്യക്തികള്‍ക്കും മിന്നിമറയുന്ന കഥാപാത്രങ്ങള്‍ക്കും വെള്ളക്കാരന്റെ പ്രത്യേകതകളും നിറവും കൊടുത്തു വരുന്നത് സ്വഭാവികമായിരുന്നു. പക്ഷേ ലോകരക്ഷനായ യേശു സര്‍വ്വജനത്തിനും വേണ്ടിയുള്ളവനാണെന്ന അറിവ്, ലോകത്തെമ്പാടും യേശുവിനെ അവരവരുടെ കാഴ്ചപ്പാടിലും രീതികളിലും ചിത്രീകരിക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് സത്യം. ഈ രീതിയുടെ ഒരു തുടര്‍ച്ചയാണ് ചൈനയില്‍ നിന്നുമുള്ള ഏതാനും ചില കലാകാരന്മാരുടെ സൃഷ്ടികൾ.

ചൈനയുടെ പരമ്പരാഗത ചിത്രരചനാ നിയമങ്ങള്‍ ആണ് ഇത്തരം ചിത്രങ്ങളിലൂടെനീളം ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം, ചിത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുo ദൃശ്യങ്ങളും വേറിട്ട ഒരു കാഴ്ചാനുഭവം തന്നെ ആസ്വാദകർക്ക് സമ്മാനിക്കണം എന്നതുമായിരുന്നു ഇത്തരം ചിത്രരചനയ്ക്കു പിന്നില്‍. ഈ വിധ ചിത്രരചനാ രീതികള്‍ അവലംബിച്ച ചൈനീസ് ചിത്രകാരന്മാരുടെയെല്ലാം ലക്ഷ്യം സഭയുടെ ബൈബിളിലൂന്നിയ പഠനങ്ങളെ ചിത്രങ്ങളുടെ സഹായത്തോടെ, ചൈനീസ് ചിത്രകലയുടെ ചുവടുപിടിച്ചുകൊണ്ട് തന്നെ ജനങ്ങളില്‍ എത്തിക്കുകയും, അങ്ങനെ ചൈനക്കാര്‍ക്ക് ദൈവത്തെ കൂടുതല്‍ അറിയാന്‍ അവസരമൊരുക്കുകയും ആയിരുന്നു.

ഇത്തരത്തിലുള്ള ചിത്രരചന നടത്തിയ നിരവധി ചൈനീസ് ചിത്രകാരന്മാരുണ്ടായിരുന്നു. അവരില്‍ എടുത്തു പറയേണ്ട കലാകാരനാണ് ലു ഹോങ്ങ്‌നിയന്‍ (LU HONG NIAN).

ചിത്രകാരനായ ലു ഹോങ്ങ്‌നിയന്‍

1914 ല്‍ ചൈനയിലെ ജിയാങ്‌സു (Jiangsu) പ്രവിശ്യയിലെ തായ്കാങ്ങ് (Taicang) ല്‍ ആണ് ലു ജനിച്ചത്. ചെറുപ്പം മുതല്‍ വരയ്ക്കുന്നതില്‍ തല്‍പരനായിരുന്നു. ഒരു കലാകാരന്‍ എന്ന രീതിയില്‍ പേരും പ്രശസ്തതിയും നേടിയെടുത്ത ലുവിനെക്കുറിച്ച് മാധ്യമങ്ങളും ധാരാളം പുകഴ്ത്തിയിരുന്നു. ഒരിക്കല്‍ The China Recorder എന്ന പത്രമാധ്യമത്തില്‍ നിന്നും ഒരു മാധ്യമ പ്രവര്‍ത്തകന്‍ ലു എന്ന കലാകാരന്റെ അമ്മയുമായി നടത്തിയ അഭിമുഖസംഭാഷണമധ്യേ- അമ്മ പറഞ്ഞത്, അവന്‍ ചെറുപ്പം മുതല്‍ വീടിന്റെ ഭിത്തികളില്‍ നിറയെ ചിത്രം വരയ്ക്കുമായിരുന്നുവെന്നും, കൈ കൈഴുകാനായി വഴക്കു പറഞ്ഞ് ഓടിച്ചാലും, കൈകഴുകാനുള്ള സോപ്പില്‍ പോലും ചിത്രങ്ങള്‍ കോറിയിട്ടിരുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുമുണ്ട് എന്നാണ്.

ലു ഹാങ്ങ്‌നിയന്‍ പറയുന്നത് താന്‍ മതപരമായ ചിത്രങ്ങളിലേക്ക് തിരിയാന്‍ കാരണം- ഞായറാഴ്ചകളില്‍ ഏതാനും കൂട്ടുകാര്‍ തന്റെ അമ്മയ്ക്കു നല്‍കിയ ചില കാര്‍ഡു ചിത്രങ്ങളുടെ ശേഖരം തന്നെയാണ് എന്നാണ്. എന്നെങ്കിലും ഒരുനാള്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ താനും വരയ്ക്കും എന്ന് ലു സ്വപ്‌നം കണ്ടിരുന്നു.

ഒരിക്കല്‍ ലു  അമ്മയോട് തന്റെ കുഞ്ഞുമനസ്സിലെ ഒരു സംശയം ചോദിച്ചു. ”യേശു എല്ലാ മനുഷ്യരേയും സ്‌നേഹിച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് ഈ ചിത്രങ്ങളിലൊന്നും യേശുവിനൊപ്പം ചൈനക്കുട്ടികളെ കാണാത്തത്?” അതിനു മറുപടിയായി അമ്മ പറഞ്ഞത്- ”യേശു എല്ലാവരേയും സ്‌നേഹിച്ചിരുന്നുവെങ്കിലും കല ഉത്ഭവിച്ചത് യൂറോപ്പിൽ നിന്നുമായതിനാലാണ് യൂറോപ്യന്‍ ജനങ്ങള്‍ ചിത്രങ്ങളില്‍ സ്ഥാനം പിടിക്കുന്നത്” എന്നാണ്.

അന്ന് കുഞ്ഞു ലു ഒരു തീരുമാനമെടുത്തു. ഒരു കലാകാരനാകണമെന്നും മതപരമായ ചിത്രങ്ങള്‍ ധാരാളം വരയ്ക്കണമെന്നും, അതില്‍ ചൈനകുട്ടികളേയും ഉള്‍പ്പെടുത്തണമെന്നും.

ലു തന്റെ ചിത്രങ്ങളിലൊക്കെ തന്നെ ചൈനക്കാരുടെ ശരീരഭാഷയോടും, വേഷവിതാനങ്ങളോടും കൂടി വരച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ക്ക് പശ്ചാത്തലമായി ചൈനയുടെ പ്രകൃതി ദൃശ്യങ്ങളും കൂടി വരച്ചു ചേര്‍ക്കുമ്പോള്‍ കാഴ്ചക്കാരന് ഒരു വേറിട്ട ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ഈ കാലഘട്ടത്തില്‍ സംസാര വിഷയമാകേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചിത്രരചനാ രീതി തന്നെയാണിവ. അദ്ദേഹം വരച്ച നിരവധി ചിത്രങ്ങളില്‍ നമ്മൾ ഇവിടെ പ്രതിപാദിക്കുന്ന എട്ടു ചിത്രങ്ങൾ ഇവയാണ്:

1. മംഗള വാർത്ത

2. യേശുവിന്റെ ജനനം

3. ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെടുന്ന മാലാഖ

4. പൂജരാജാക്കന്മാരുടെ ആരാധന

5. ഈജിപ്ത്തിലേക്കുള്ള പലായനം

6. യേശുവും സമരിയാക്കാരി സ്ത്രീയും

7. പാദം കഴുകുന്ന യേശു

8. കടല്‍ ശാന്തമാക്കുന്ന കര്‍ത്താവ്

lifeday chinese 1

‘മംഗള വാര്‍ത്ത’ എന്ന ചിത്രത്തില്‍ എടുത്തു പറയേണ്ട ഏതാനും ചില പ്രത്യേകതകളുണ്ട്. ഈ ഒരു രംഗം വീടിനുള്ളില്‍ നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതാണെങ്കിലും അവിടെയും അവിഭാജ്യമായ ഒരു ഘടകമായി നാം കാണുന്നത് അതില്‍ വരച്ചു ചേര്‍ത്തിരിക്കുന്ന പ്രകൃതിദൃശ്യങ്ങളാണ്. ചൈനീസ് ചിത്രങ്ങളുടെ തന്നെ മുഖമുദ്രയായ ഒരു ചെടി ഈ ചിത്രത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഒപ്പം ജനല്‍പാളികള്‍ക്കിടയിലൂടെ കാണുന്ന ചൈനീസ് പശ്ചാത്തലത്തിലെ തോട്ടവും ബോധപൂര്‍വ്വം ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചതാണെന്നു വേണം കരുതാന്‍. ഈ ചിത്രത്തിന്, 1933 ല്‍ Chen Yuandu വരച്ച ‘ജനലരികിലെ മാതാവ്’ എന്ന ചിത്രവുമായി സമാനതകള്‍ ഏറെയുണ്ടുതാനും.

നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ചെറിയ വിമര്‍ശനവും ഈ ചിത്രങ്ങളില്‍ ”പ്രകൃതി ദൃശ്യത്തിന്” (Scenory) നൽകിയിരിക്കുന്ന പ്രാധാന്യം തന്നെയാണ്. പക്ഷേ  വിമര്‍ശനകര്‍ മറന്നു പോയ ഒരു കാര്യം ഇങ്ങനെയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലെ സാംസ്‌ക്കാരികമായ കാരണങ്ങളാണ്. ഇത്തരം ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ആ ചിത്രങ്ങളുടെ ചൈനീസ് തനിമ തന്നെ നഷ്ടപ്പെടുമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

‘മംഗളവാര്‍ത്ത’ ചിത്രത്തില്‍ മുട്ടുകുത്തി നില്‍ക്കുന്ന മാതാവിനു മുമ്പില്‍ അതിവിശിഷ്ടമായ ഒരു ചെടിച്ചട്ടിയില്‍ വളരുന്ന ഓറഞ്ചു നിറത്തിലെ ലില്ലിച്ചെടി ഒരു ചെറിയ പീഠത്തിന്മേല്‍ സ്ഥാപിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് വളരെ പ്രതീകാത്മകമായിട്ടാണ്. ചിത്രത്തിലെ ഓരോ ഘടകവും ഏറെ കൃത്യതയോടും സൂക്ഷ്മതയോടും കൂടിയാണ് വരച്ചു ചേര്‍ത്തിരിക്കുന്നതെങ്കിലും ഇത് ചൈനീസ് ‘പൂ ശൈലി’യുടെ പ്രതീകമാണ്.
ഇതിലെ ഓരോ ചിത്രവും കാഴ്ച്ചകാരന് ഒരു പ്രത്യേക അനുഭൂതിയാണ് പകരുന്നത്. അതി കഠിനമായ നിറങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ വരച്ചിരിക്കുന്ന ഈ ചിത്രങ്ങള്‍ വ്യത്യസ്തതയുടെ കാഴ്ചതന്നെയാണ്.
lifeday chinese 8കടലിനെ ശാന്തമാക്കുന്ന യേശുവിനു ചുറ്റും ഉയരുന്ന തിരമാലകള്‍ ചിത്രീകരിച്ചിരിക്കുന്ന ശൈലി ചൈനയുടെ തനിമ തന്നെയാണ് വെളിവാക്കുന്നത്. ഒപ്പം പായ്ക്കപ്പലിന്റെ ഭാഗമായ മുളയും വിരിയും അതിനൊപ്പമുള്ള ചൈനീസ് അക്ഷരങ്ങളും ചൈനയുടെ പരമ്പരാഗത ചിത്രരീതികളേയും ശൈലികളേയും ഓര്‍മ്മിപ്പിക്കുന്നു.

 

lifeday chinese 2‘യേശു ജനനം’ എന്ന ചിത്രത്തിലും ദൃശ്യവിരുന്നിനായി ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങള്‍ തികച്ചും ഗ്രാമീണവും ചൈനയുടെ പ്രകൃതിയെ ഓര്‍മ്മിപ്പിക്കുന്നതുമാണ്. യൗസേപ്പിതാവിന്റെ വസ്ത്രധാരണരീതിയും, പശ്ചാത്തലത്തിലെ മലയുടെയും മരത്തിന്റെയും ശൈലിയും അതിലെ കഥാപാത്രങ്ങളുടെ ശാരീര ഭാഷയും ഏറെ പുതുമകള്‍ സമ്മാനിക്കുന്നുണ്ട് ഓരോ കാഴ്ച്ചക്കാരനും.

‘ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെടുന്ന മാലാഖ’ എന്ന ചിത്രം ഏറെ സങ്കല്‍പ്പികമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഭാവനയ്ക്ക് ഏറെ പ്രാധാന്യം കൊടുത്തിരിക്കുന്നു ഈ ചിത്രത്തില്‍. ഇവിടെയും നമ്മൾ കാണുന്ന ഓരോ ചിത്രഘടകവും ചൈനയുടെ തനിമ വിളിച്ചോതുന്നതാണ്.

lifeday chinese 3
മേല്‍പ്പറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം വേറിട്ടു നില്‍ക്കുന്ന ഒരു ചിത്രമാണ് ‘പൂജരാജാക്കന്മാരുടെ ആരാധന‘ എന്ന ചിത്രം.  കാരണം ഇവിടെ പ്രകൃതി ദൃശ്യങ്ങളുടെ അതിപ്രസരം ഒന്നും തന്നെ കാണുന്നില്ല. ഒപ്പം, ഉപയോഗിച്ചിരക്കുന്ന നിറത്തിന്റെ കാര്യത്തിലും ചില പ്രത്യേകതകള്‍ കാഴ്ചക്കാരന് ദൃശ്യമാണ്.
lifeday chinese 4
ഈജിപ്തിലേക്കുള്ള പലായനം” എന്ന ചിത്രത്തില്‍ ചൈനയിലെ ഒരു ഗ്രാമാന്തരീക്ഷം  അതേപടി പകര്‍ത്തിയിരിക്കുകയാണെന്നു വേണം കരുതാന്‍. വ്യത്യസ്തമായ ചില മരങ്ങളും ഈ ചിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ മലകളുടെ സ്ഥാനവും അത് ചിത്രീകരിച്ചിരിക്കുന്ന രീതിയും ശ്രദ്ധിക്കപ്പെടേണ്ടതുതന്നെയാണ്.
lifeday chinese 5
സമറിയാക്കാരി സ്ത്രീയും യേശുവും തമ്മില്‍ കാണുന്ന ചിത്രവും കാഴ്ചക്കാരന് ഒരു ദൃശ്യവിരുന്ന് സമ്മാനിക്കുന്നുണ്ട്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളുടെ രീതിയും, അതിന്റെ ലാളിത്യവും കാഴ്ചക്കാരന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്.
lifeday chinese 6
ശിഷ്യരുടെ പാദം കഴുകുന്ന യേശുവിന്റെ’ ചിത്രത്തിലും പ്രകൃതിക്കു നല്‍കിയിരിക്കുന്ന പ്രാധാന്യം എടുത്തു പറയേണ്ടവയാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന കോമ്പോസിഷന്റെ ശൈലിയിലും കുറച്ച് വ്യത്യസ്തതകള്‍ വരുത്തിയിട്ടുണ്ട്ചിത്രകാരൻ.  ഉപയോഗിച്ചിരിക്കുന്ന നിറങ്ങളില്‍ കൈവഴക്കത്തിന്റെ നിപുണത കാണാമെങ്കിലും ചുവപ്പ് നിറത്തിലുള്ള കൈവിരി മാത്രം അല്‍പം വേറിട്ടു നില്‍ക്കുന്നതിനാൽ അത് അവിടെ അത്ര അനുയോജ്യമല്ല എന്ന തോന്നലാണ് നമുക്ക് തരുന്നത്. lifeday chinese 7
കണ്ടുമറന്ന യേശുചിത്രങ്ങളില്‍ നിന്നും, ബൈബിള്‍ കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളാണ് ലു ഹോങ്‌നിയന്റേത്. മനസ്സിനെ മടുപ്പിക്കുന്ന കടും നിറങ്ങളോ വ്യക്തതയില്ലാത്ത കഥാപാത്രങ്ങളോ ഒന്നും തന്നെ ഈ ചിത്രങ്ങളില്‍ കാണാന്‍ കഴിയില്ല എന്നതുതന്നെയാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. ഒപ്പം, ചൈനീസ് സംസ്‌ക്കാരത്തിന്റെ തനിമയും അവരുടെ പഴമയും അതിലൂന്നിയ  ചിത്രരചനാരീതികളും ഒക്കെ ഈ ചിത്രങ്ങളെ തികച്ചും വേറിട്ടതാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.