മക്കൾ മാതാപിതാക്കളില്‍നിന്ന് പഠിക്കാന്‍ പാടില്ലാത്തത് 

മിനു മഞ്ഞളി

മാര്യേജ് പ്രെപറേഷൻ കോഴ്സ് നല്ല ഫലവത്തായി നടന്നു കൊണ്ടിരുന്ന മധ്യ കേരളത്തിലെ ഒരു ക്രിസ്തീയ സ്ഥാപനത്തിലെ സായാഹ്നം. അവസാന ദിവസത്തെ തുറന്ന ചർച്ചയിൽ വളരെ ഉന്മേഷത്തോടുകൂടി പങ്കെടുക്കുന്ന യുവതി യുവാക്കന്മാർ. പ്രായം കൊണ്ടും കുടുംബ കോടതിയിലെ സ്ഥിരം കാഴ്ചകൾ കൊണ്ടും പരിചയസമ്പത്തുള്ള ആളാണ് ചർച്ച നയിക്കാൻ മുൻനിരയിൽ.

‘എന്റെ കുടുംബജീവിതത്തിൽ ഞാൻ ഒരിക്കലും സ്ഥാനം കൊടുക്കാത്ത ഒരു പ്രവർത്തി; അല്ലെങ്കിൽ എന്റെ കുടുംബത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം’. ഇതായിരുന്നു ചർച്ചാവിഷയം.

പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഒരാൾ പറഞ്ഞ കാര്യം ഇപ്രകാരമാണ്. “എന്റെ ഭാര്യയെ ഞാൻ മറ്റുള്ളവരുടെ മുൻപിൽ കളിയാക്കി സംസാരിക്കില്ല.” ചിലർ ഇങ്ങനേയും അഭിപ്രായപ്പെട്ടു. “ഒരിക്കലും മദ്യപിച്ചു വീട്ടിൽ വന്നു വഴക്കുണ്ടാക്കുകയോ ഭാര്യയെ തല്ലുകയോ ഇല്ല.” ഇങ്ങനെ ചർച്ച പുരോഗമിച്ചു കൊണ്ടിരുന്നു.

എല്ലാം കേട്ട ശേഷം സർ മറ്റൊരു ചോദ്യവുമായി മുൻപോട്ടു വന്നു. “എല്ലാ അഭിപ്രായങ്ങളും നല്ലതു തന്നെ. ജീവിതത്തില്‍ വളരെ അത്യാവശ്യമായി ഒഴിവാക്കേണ്ട കാര്യങ്ങൾ തന്നെയാണ് നിങ്ങൾ പങ്കുവച്ചത്. ഇനി എല്ലാവരും ഒരു കാര്യവും കൂടി പറയണം. അങ്ങനെ ഒരു അഭിപ്രായം പറയാനുണ്ടായ സാഹചര്യം, അല്ലെങ്കിൽ കാരണം.” തെല്ലും സംശയം കൂടാതെ എല്ലാവരും കാരണവും പങ്കുവച്ചു.

80  ആളുകളോളം പങ്കെടുത്ത ആ കോഴ്സിൽ ഭൂരിഭാഗം പേരും പറഞ്ഞത് ഒന്നുതന്നെയായിരുന്നു. “ഞാൻ ജീവിക്കുന്ന, വളർന്നു വന്ന സാഹചര്യം തന്നെയാണ് അങ്ങനെ ഒരു തീരുമാനത്തിൽ എന്നെ കൊണ്ട് ചെന്നെത്തിയത്. പപ്പാ മമ്മയോടു അങ്ങനെ പെരുമാറുന്നത് കണ്ടു മനസ്സ് വേദനിച്ചിട്ടുണ്ട്. അതുകൊണ്ടു ആ അവസ്ഥ എന്റെ കുടുംബത്തെ സംഭവിക്കാൻ ഞാൻ ഇടവരുത്തില്ല.” ഇതുപോലെ ഒട്ടുമിക്കവർക്കും പറയാനുണ്ടായ കാരണം ഒരു കാര്യത്തിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്.

അപ്പനെയും അമ്മയെയും കണ്ടു വളർന്ന മക്കൾ അവർ ചെയ്യുന്ന പല പ്രവർത്തികളോടും വിരോധവും വെറുപ്പും മനസ്സിൽ സൂക്ഷിക്കുന്നുണ്ടാകും. ആ സാഹചര്യങ്ങൾ ഒരിക്കലും തങ്ങളുടെ ജീവിതത്തിൽ സംഭവിക്കരുത് എന്നും അവർ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് മുകളിൽ പരാമർശിച്ച സംഭവം.

അപ്പച്ചന്റെ മദ്യപാനം ഉപേക്ഷിക്കാനുള്ള യാചനയുടെ കുറിപ്പുമായി 17 വയസ്സ് പ്രായമുള്ള ദിനേശ് ആത്‍മഹത്യ ചെയ്തത് പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും നാം അറിഞ്ഞത് മറക്കാന്‍ കാലമായില്ല.

അവസാന അക്ഷരങ്ങൾ കൊണ്ട് സ്വന്തം അപ്പനോട് മദ്യപാനം ഉപേക്ഷിക്കാൻ കേണപേക്ഷിച്ചുകൊണ്ട് അവനും യാത്രയായി.

നീ ഇന്ന് ഒരു രക്ഷിതാവോ, അധ്യാപകനോ, സഹോദരനോ, ആരുമായിക്കൊള്ളട്ടെ. നിന്നെ കണ്ടു പഠിക്കുന്ന ഒരു തലമുറ വളർന്നു വരുന്നത് മറക്കാതിരിക്കാം. നിന്റെ പാപങ്ങൾക്ക് മുൻപിൽ ബലികൊടുക്കേണ്ടതല്ല ഒരു ജീവനും ജീവിതവും. നല്ലതു പഠിപ്പിച്ചു കൊടുക്കാൻ ആയില്ലെങ്കിലും ചീത്ത പഠിപ്പിക്കുവാൻ നിന്റെ ജീവിതം ഒരു കാരണമാകാതിരിക്കട്ടെ. നിന്റെ വാക്കോ പ്രവർത്തിയോ  ദുർമാതൃക പകരുമെങ്കിൽ ഒരു തിരിക്കല്ല് കെട്ടി കടലിലേക്ക് എറിയപ്പെടുന്നതാണ് നല്ലത് എന്ന് ഈശോ പറഞ്ഞത് ഓര്‍ക്കുന്നത് നന്നാണ്. അപ്പച്ചൻ മദ്യപിക്കുന്നത് കാണുന്ന മകൻ മദ്യപാനത്തിന് അടിമപ്പെട്ടപ്പോൾ ഉപദേശിക്കുവാൻ ആ അപ്പന് യോഗ്യത ഉണ്ടോ? പ്രായമല്ലല്ലോ തെറ്റിന്റെ അളവുകോൽ. തിരിച്ചറിവിന്റെ പ്രായം ഏതുമായിക്കൊള്ളട്ടെ തെറ്റ് തെറ്റാണ്. ഒരിക്കലും നന്മയല്ല.

നമുക്ക് വിചിന്തനം ചെയ്യാം. എങ്ങനെയെല്ലാം നന്മയുള്ളവരായി വർത്തിക്കാം എന്ന്; വളരുന്ന തലമുറയെ എങ്ങനെ നന്മയില്‍ ജീവിച്ചു കാണിച്ചു കൊടുക്കാം എന്ന്. എങ്ങനെയെല്ലാം ആയിത്തീരരുത് എന്നതിനേക്കാൾ എങ്ങനെയെല്ലാം സന്തോഷമുള്ള ദിനം സൃഷ്ടിച്ചെടുക്കാം എന്നായിരിക്കട്ടെ നമ്മുടെ പ്രവർത്തികളുടെ നിശബ്ദ സന്ദേശങ്ങൾ.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.