യഥാർഥ സ്നേഹത്തിൽ അടങ്ങിയിരിക്കുന്ന മൂന്ന് കാര്യങ്ങൾ ഏതൊക്കെയെന്ന് വെളിപ്പെടുത്തി ലെയോ പാപ്പ

യഥാർഥ സ്നേഹം എന്നത് സ്വന്തം താല്പര്യങ്ങളിൽ നിന്നുള്ള മോചനവും നഷ്ടങ്ങൾ സഹിക്കാനുള്ള മനസ്സും ആവശ്യമുള്ളവർക്ക് അഭയം നൽകാനുള്ള കരുണയുമാണെന്ന് വെളിപ്പെടുത്തി ലെയോ പതിനാലാമൻ മാർപാപ്പ. ജൂൺ 28 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ തീർഥാടകരോട് സംസാരിക്കുകയായിരുന്നു പാപ്പ.

മത്തായിയുടെ സുവിശേഷം പത്താം അധ്യായം 37 മുതൽ 42 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കി സംസാരിച്ച മാർപാപ്പ, യേശുക്രിസ്തുവിന്റെ ശിഷ്യന്മാരാകുന്നതിനും അവിടുത്തെ സ്നേഹബന്ധത്തിൽ പൂർണ്ണമായി സമർപ്പിക്കുന്നതിനും ആവശ്യമായ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. “സ്നേഹത്തിൽ മൂന്ന് കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. സ്വന്തം താല്പര്യങ്ങളിൽ നിന്നുള്ള മോചനവും നഷ്ടങ്ങൾ സഹിക്കാനുള്ള മനസ്സും ആവശ്യമുള്ളവർക്ക് അഭയം നൽകാനുള്ള കരുണയുമാണ് അവ” – പാപ്പ വിശദീകരിച്ചു.

മാതാപിതാക്കളെ വിട്ട് ദൈവത്തെ അനുഗമിക്കേണ്ടി വരുന്ന ഒരു മുതിർന്ന മകന്റെ ഉദാഹരണമാണ് യേശു നൽകുന്നതെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, ബന്ധങ്ങളിലുള്ള വേർപെടൽ അർഥമാക്കുന്നത്, ക്രിസ്തു നൽകുന്ന സ്നേഹത്തിലൂടെ മാത്രമേ നമ്മുടെ ഭൗതിക ബന്ധങ്ങൾക്ക് പൂർണ്ണത കണ്ടെത്താനാകൂ എന്ന് പറഞ്ഞു.

“വിവാഹജീവിതം തന്നെ ഉദാഹരണമായി എടുക്കുക. മാതാപിതാക്കളുടെ വീട് ‘വിട്ടുപോയാൽ’ മാത്രമേ ഒരാൾക്ക് വിവാഹജീവിതത്തിലേക്ക് പൂർണ്ണമായി പ്രവേശിക്കാനും അതിനോട് പ്രതിജ്ഞാബദ്ധരാകാനും സാധിക്കൂ. അതുപോലെ തന്നെ, സ്വന്തം കാലിൽ നിൽക്കാനും ജീവിതത്തിൽ സന്തോഷം കണ്ടെത്താനും പഠിപ്പിച്ചുകൊണ്ടായിരിക്കണം മാതാപിതാക്കൾ മക്കളെ വളർത്തേണ്ടത്. ഭൗതിക വസ്തുക്കൾ സ്വന്തമാക്കാൻ പരക്കംപായുന്ന ഇന്നത്തെ ലോകത്തിന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിലും, സ്നേഹത്തിന്റെ മറ്റൊരു പ്രധാന വശം ‘നഷ്ടം സഹിക്കുക’ എന്നതാണ്” എന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

“സ്നേഹം ഫലം പുറപ്പെടുവിക്കുന്നത് സ്വയം സമർപ്പണത്തിലൂടെയാണ്. മറ്റൊരാൾക്ക് ഇടം നൽകാൻ നമ്മുടെ ചില താല്പര്യങ്ങൾ നഷ്ടപ്പെടുത്താനും, മറ്റുള്ളവരെ കേൾക്കാൻ കുറച്ചു സമയം മാറ്റിവെക്കാനും, കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരുമായി പങ്കുവെക്കാൻ നമ്മുടെ ചില സൗകര്യങ്ങൾ വേണ്ടെന്നുവെക്കാനും നാം തയ്യാറാകുമ്പോഴാണ് അത് സംഭവിക്കുന്നത്.”

യഥാർഥ ജീവൻ കണ്ടെത്താനായി സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്താൻ തയ്യാറാകണമെന്ന് യേശു പറയുന്നുണ്ട്. ഇത് സ്നേഹത്തിന്റെ ആനന്ദത്തിലേക്ക് നമ്മുടെ മനസ്സിനെ തുറക്കാൻ സഹായിക്കും. ക്രിസ്തുവിനെപ്പോലെ കുരിശ് ചുമക്കാനും സ്വയം സമർപ്പിക്കാനും ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നു. സ്വയം സമർപ്പണത്തിന്റെ ഈ ശൈലിയാണ് നമ്മുടെ ബന്ധങ്ങൾക്ക് പുതുജീവൻ നൽകുന്നത്.

അതിഥിസൽക്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാർപാപ്പ ഊന്നിപ്പറഞ്ഞു. സ്നേഹം പ്രകടിപ്പിക്കേണ്ടത് പ്രവൃത്തികളിലൂടെയാണ്. ദാഹിക്കുന്നവന്, കുടിക്കാൻ വെള്ളം നൽകുന്നത് പോലുള്ള ചെറിയ ദൈനംദിന പ്രവൃത്തികളിലൂടെയാണ് അത് പ്രകടമാകുന്നത്.

യേശു തന്റെ ശിഷ്യന്മാരെ യാതൊരുവിധ ഒരുക്കങ്ങളുമില്ലാതെ സുവിശേഷ പ്രഘോഷണത്തിന് അയച്ചതുപോലെ, മറ്റുള്ളവരെ സ്വീകരിക്കാനും അവരിൽ നിന്ന് സ്നേഹം സ്വീകരിക്കാനും നാം പഠിക്കണം. യേശുവിന്റെ നാമത്തിൽ വരുന്നവരെ സ്വീകരിക്കുമ്പോൾ യേശുവിനെയും പിതാവായ ദൈവത്തെയുമാണ് നാം സ്വീകരിക്കുന്നത്. ദൈവത്തോടുള്ള സ്നേഹം എപ്പോഴും നമ്മുടെ സഹോദരങ്ങളെ സ്വാഗതം ചെയ്യുന്നതിലൂടെയാണ് വെളിപ്പെടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.