നിങ്ങള്‍ തളരരുത്; വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക: മാർ ജോസഫ് പെരുന്തോട്ടം

ആര്‍ച്ചുബിഷപ് ജോസഫ് പെരുന്തോട്ടം, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത

പ്രിയപ്പെട്ട സഭാമക്കളേ, ‘നിങ്ങള്‍ തളരരുത്; വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക; മിശിഹായില്‍ പ്രത്യാശയുള്ളവരാകുക; ദൈവം നമ്മോടുകൂടെയുണ്ട്.’

1. സ്ലീവായുടെ വിജയം ആഘോഷിക്കുന്ന ഏലിയാ-സ്ലീവാ-മൂശക്കാലം സഭാമക്കളായ നമുക്ക് പ്രതിസന്ധികളുടെ നടുവിലും ആത്മവിശ്വാസവും പ്രത്യാശയും ശക്തിയും പകരുന്നതാണ്. പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറിയതിന്റെ ചരിത്രം കൂടിയാണ് സഭയുടേത്. കുരിശുമരണത്തിനു വിധിക്കപ്പെട്ട്, തന്നെ പരിഹസിക്കുന്നവരുടെയും കൂകിവിളിക്കുന്നവരുടെയും നടുവിലൂടെ, കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട്, ശിക്ഷോപകരണമായ കുരിശ് തോളിലേറ്റി കാല്‍വരിമല കയറിയവന്റെ അനുയായികളാണ് നമ്മള്‍. കുരിശില്‍ തറയ്ക്കപ്പെട്ട് മരണവേദനയില്‍ പുളയുമ്പോഴാണ് പരിഹാസത്തിന്റെ രൂക്ഷത ഈശോയ്ക്ക് അനുഭവിക്കേണ്ടിവന്നത്. തന്റെ ദൈവിക വ്യക്തിത്വത്തോടുള്ള വെല്ലുവിളിയായിരുന്നു അത്.

”….. നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരുക”….. ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശില്‍ നിന്നിറങ്ങി വരട്ടെ. ഞങ്ങള്‍ ഇവനില്‍ വിശ്വസിക്കാം. ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്” (മത്തായി 27:40-43). തന്നെ ക്രൂശിക്കയും പരിഹസിക്കയും ചെയ്തവരെക്കുറിച്ച് ഈശോ പറഞ്ഞത്: ”പിതാവേ അവരോട് ക്ഷമിക്കണമേ, അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല” (ലൂക്ക 23:34) എന്നാണ്.

2. ശത്രുക്കളുടെ പരിഹാസാസ്ത്രങ്ങളെ ഇപ്രകാരം ക്ഷമയോടും അക്ഷ്യോഭ്യനായും നേരിടുക മാത്രമല്ല, അവരോടു ക്ഷമിക്കണമേ എന്നു പറഞ്ഞ് അവര്‍ക്കുവേണ്ടി ദൈവപിതാവിന്റെ പക്കല്‍ മാധ്യസ്ഥ്യം വഹിക്കാന്‍ ഒരു ദൈവത്തിനോ ദൈവത്തിന്റെ ചൈതന്യം നിറഞ്ഞവര്‍ക്കോ മാത്രമേ സാധിക്കയുള്ളു. മനുഷ്യകുലത്തോടുള്ള സ്‌നേഹത്തിന്റെ നിറവില്‍ സ്വയംശൂന്യവത്കരിച്ച് ഈശോ ജന്മം നല്‍കിയതാണ് തിരുസഭ. ആ സഭയുടെ മക്കള്‍ തങ്ങള്‍ക്ക് ജന്മംനല്‍കിയ മിശിഹായുടെ ചൈതന്യം ഉള്‍ക്കൊണ്ട് തിന്മയുടെ കൂരമ്പുകളെ ആത്മസംയമനത്തോടെ നേരിടണം. അവിടെ പരാജയഭീതിക്കോ, നിരാശയ്‌ക്കോ സ്ഥാനമില്ല. കാരണം, തന്റെ ദൈവത്വവും ശക്തിയും തെളിയിച്ചുകൊണ്ട് മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ മിശിഹാ നമ്മോടൊപ്പമുണ്ട് ”ഞാന്‍ ലോകവസാനംവരെ എല്ലാ നാളുകളിലും നിങ്ങളോടുകൂടി ഉണ്ടായിരിക്കും” എന്ന ഈശോയുടെ വാക്കുകള്‍ നമുക്കു പ്രത്യാശയും ആത്മബലവുമാണ്.

3. ക്ഷമിക്കുന്നതും ആത്മസംയമനം പാലിക്കുന്നതും ബലഹീനതയും ഭീരുത്വവുമല്ല. എന്നാല്‍ പകരത്തിനു പകരം പ്രവര്‍ത്തിക്കുന്നത് ‘പല്ലിനു പകരം പല്ല്’ എന്ന കാടന്‍ നീതിയാണ്; വന്യസംസ്‌കാരമാണ്. പ്രതികാരചിന്ത, പരനിന്ദ, ശരിയും തെറ്റും കണ്ടെത്താന്‍ സത്യസന്ധമായി അന്വേഷിക്കാതെ സ്വന്തം താല്പര്യമനുസരിച്ച് ശരിയെയും തെറ്റിനെയും നിശ്ചയിക്കയും അതിനെ ന്യായീകരിക്കാന്‍ വാദഗതികള്‍ നിരത്തുകയും ചെയ്യുന്നത് വികലവും അധാര്‍മ്മികവുമാണ്. അങ്ങനെയൊരു മാധ്യമസംസ്‌കാരം ഇന്ന് ശക്തി പ്രാപിക്കുകയാണ്. അതിനുവേണ്ടി എന്തു നുണയും പറയാനും ഏതു പിശാചിനെയും കൂട്ടുപിടിക്കാനും മടിയില്ല. നന്മയിലേക്കും സത്യത്തിലേക്കും മാനവസാഹോദര്യത്തിലേക്കും മനുഷ്യമനസ്സുകളെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം വിദ്വേഷവും വെറുപ്പും ഭിന്നതയും സംഘര്‍ഷവും വളര്‍ത്തി സമൂഹത്തില്‍ അസ്വസ്ഥതയും അച്ചടക്കരാഹിത്യവും സൃഷ്ടിക്കുന്നത് മനുഷ്യസേവനമല്ല; സാമൂഹ്യദ്രോഹമാണ്. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ വളര്‍ന്നുവരുന്ന ഇളംതലമുറ ഭാവിയില്‍ എങ്ങനെയായിരിക്കുമെന്നത് ആശങ്ക ജനിപ്പിക്കുന്നു.

4. സഭാമക്കളായ നമ്മള്‍ ജാഗ്രതയോടെ തിരിച്ചറിയേണ്ട മറ്റൊരു സത്യം ചില മേഖലകളിലെ പ്രകടമായ സഭാവിരുദ്ധ, പ്രത്യേകിച്ച് കത്തോലിക്കാസഭാവിരുദ്ധ മനോഭാവമാണ്. കത്തോലിക്കാസഭയെയോ സഭാശുശ്രൂഷകരെയോ പ്രതിക്കൂട്ടിലാക്കി കുറ്റവിചാരണ നടത്തി സമൂഹമദ്ധ്യത്തില്‍ അപമാനിക്കാന്‍ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും അവസരം പാര്‍ത്തിരിക്കയാണെന്നു തോന്നിപ്പോകുന്നു അവരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍. അതിനായി ചില ക്രൈസ്തവനാമധാരികളെത്തന്നെ കൂട്ടുപിടിക്കയും ഉപകരണങ്ങളാക്കുകയും ചെയ്യുന്നതായി കാണുന്നു. അവര്‍ സഭാംഗങ്ങളായി കരുതപ്പെടുന്നെങ്കിലും പലരും സഭയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നവരും സഭയുടെ ആത്മീയവും അച്ചടക്കപരവുമായ ജീവിതത്തോടും സംവിധാനങ്ങളോടും സഭാധികാരികളോടും മറുതലിച്ചു നില്‍ക്കുന്നവരുമാണ്. ചുരുക്കത്തില്‍ സഭയോടു വിശ്വസ്തത പുലര്‍ത്താത്ത സഭാംഗങ്ങളെ കൂട്ടുപിടിച്ച് സഭയെ വിമര്‍ശിക്കുകയും സഭാധികാരികളുടെയും വിശ്വാസികളുടെയും ആത്മവീര്യം കെടുത്തുകയും തമ്മില്‍ ഭിന്നത വളര്‍ത്തി സഭയെ തളര്‍ത്തുകയും ചെയ്യുന്ന തന്ത്രമാണിത്. ശരിതെറ്റുകളും തന്ത്രങ്ങളും അറിയാത്ത സാധാരണ വിശ്വാസികളെ തെറ്റുദ്ധരിപ്പിച്ച് നിസ്സംഗതയിലേക്കും സഭാവിരുദ്ധമനോഭാവത്തിലേക്കും ആനയിക്കാനുള്ള പൈശാചിക കെണിയാണിത്. ഈ കെണികളില്‍ വീഴാതിരിക്കാന്‍ സഭാമക്കള്‍ ശ്രദ്ധിക്കണം.

5. സഭയില്‍ എല്ലാവരും എല്ലാക്കാര്യങ്ങളും പൂര്‍ണ്ണമായും ശരിയാണെന്നോ പോരായ്മകളൊന്നുമില്ലെന്നോ അവകാശപ്പെടാനാവില്ല. സഭാമക്കള്‍ മനുഷ്യരാണ്. മാനുഷികമായ പരിമിതികളുള്ളവരാണ്. ചില വീഴ്ചകളും പരാജയങ്ങളും ചിലരുടെ ഭാഗത്തുനിന്നുമുണ്ടാകാം. അവയൊക്കെ തിരുത്തപ്പെടേണ്ടതുതന്നെ. എന്നാല്‍ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ സഭയെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കി ആക്രമിക്കുന്നത് ദുരുദ്ദേശപരമാണ്. മാത്രമല്ല, സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷാവിധിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതും മുറവിളി കൂട്ടുന്നതും മനുഷ്യത്വരഹിതമാണ്. പൊതുജനവികാരം ഇളക്കിവിട്ട് കോടതിയെപ്പോലും സമ്മര്‍ദ്ദത്തിലാക്കി സത്യവിരുദ്ധമായ വിധി പുറപ്പെടുവിക്കാന്‍ ഇടയാക്കുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുമോ എന്ന് വളരെപ്പേര്‍ക്ക് ആശങ്കയുണ്ട്. പോലീസന്വേഷണത്തില്‍ നിഷ്പക്ഷത സംശയിക്കുകയും കോടതിയില്‍ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ജനങ്ങളില്‍ സുരക്ഷിതത്വബോധം ഇല്ലാതാക്കുകയും നീതി നടപ്പിലാകുമെന്നുള്ള പ്രതീക്ഷ തകര്‍ക്കുകയും ചെയ്യും. അത് ജനജീവിതത്തില്‍ ഉളവാക്കുന്ന ആഘാതം വലുതായിരിക്കും.

6. എന്നാല്‍ ഏതു പ്രതിസന്ധികളെയും നേരിടാനും അതിജീവിക്കാനുമുള്ള ശക്തി സഭയ്ക്കുണ്ട്. അത് മാനുഷികമല്ല, ദൈവികമാണ്. ലോകാവസാനംവരെ കൂടെയുണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത കര്‍ത്താവിന്റെ സാന്നിദ്ധ്യമാണത്. അപമാനിതമായ മരണശിക്ഷയുടെ ഉപകരണമായിരുന്ന കുരിശിനെ നിത്യജീവന്റെ സന്ദേശം പകരുന്ന മഹത്വത്തിന്റെ ചിഹ്നമായി രൂപാന്തരപ്പെടുത്തിയ, പീഡനോപകരണത്തെ രക്ഷായുധമാക്കിയവന്റെ സാന്നിദ്ധ്യമാണ് നമുക്ക് പ്രത്യാശ പകരുന്നത്. ഇവിടെ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്‍ നിത്യജീവന്‍ നല്‍കുന്ന രക്ഷകനായിരിക്കുന്നു.

7. മിശിഹായുടെ തുടര്‍ച്ചയായ സഭയും അതേ അനുഭവങ്ങളിലുടെ കടന്നുപോകണമെന്നുള്ളതും ദൈവനിയോഗമാണ്. ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ സ്വയം ത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരട്ടെ’ എന്ന കര്‍ത്താവിന്റെ ആഹ്വാനം സഭ ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്. ആരംഭം മുതല്‍ ഇന്നുവരെയും സഭയുടെ ചരിത്രം ഈ വെല്ലുവിളികള്‍ നിറഞ്ഞതാണ്. മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്മായരും ഉള്‍പ്പെടുന്ന പതിനായിരക്കണക്കിനു സഭാമക്കള്‍ക്ക് ജീവന്‍ ഹോമിക്കേണ്ടവന്ന അതിക്രൂരമായ മതപീഡനങ്ങളെ അതിജീവിച്ച ചരിത്രമാണ് സഭയുടേത്. തിരസ്‌കരണങ്ങളെയും ദുരാരോപണങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും കുപ്രചരണങ്ങളെയും സഭയ്ക്കു നേരിടേണ്ടി വന്നിട്ടുണ്ട്. നരഭോജികളായും രാജ്യദ്രോഹികളായും മുദ്രകുത്തപ്പെട്ട് സഭാമക്കള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വഞ്ചനകള്‍ക്കും ഒറ്റിക്കൊടുക്കലുകള്‍ക്കും നാടുകടത്തലുകള്‍ക്കും വിശ്വാസികള്‍ ഇരയായിട്ടുണ്ട്. വിശ്വാസത്തെപ്രതി ജീവനര്‍പ്പിക്കേണ്ടിവന്ന രക്തസാക്ഷികള്‍ സഭയുടെ മഹത്ത്വവും ശക്തിയുമാണ്. അവര്‍ സ്വര്‍ഗ്ഗത്തില്‍ മുടിചൂടിനില്‍ക്കുന്ന സഭയുടെ കിരീടത്തിലെ മുത്തുകളാണ്. വിശ്വാസം സംരക്ഷിക്കാനും സത്യദൈവത്തെ ആരാധിക്കാനും സിമിത്തേരികളിലും ഭൂഗര്‍ഭാലയങ്ങളിലും മറ്റ് ഒളിസങ്കേതങ്ങളിലും തലമുറകള്‍ കഴിയേണ്ടിവന്ന പീഡിതസഭയുടെ വീരോചിത സഹനങ്ങളും സഭാചരിത്രത്തിന്റെ ഭാഗമാണ്. ചവിട്ടിത്താഴ്ത്തപ്പെടുന്ന അവസ്ഥയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്ന് കഴിഞ്ഞകാലചരിത്രം തെളിയിക്കുന്നു. നാരകീയശക്തികള്‍ക്ക് പ്രബലപ്പെടാനാകാത്തവിധം മിശിഹാ മൂലക്കല്ലായി ശ്ലീഹാന്മാരുടെ വിശ്വാസമാകുന്ന പാറയില്‍ അടിസ്ഥാനമിട്ട ഭവനമാണ് തിരുസഭ. ലോകാവസാനംവരെ അവള്‍ നിലനില്‍ക്കുമെന്നത് ദൈവവചനമാണ്.

8. സഭയില്‍ത്തന്നെ ഉണ്ടായിട്ടുള്ള ഭിന്നിപ്പുകളും അബദ്ധ പ്രബോധനങ്ങളും വിശ്വാസത്യാഗങ്ങളും സഭയ്ക്ക് ആഘാതമേല്പിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ഒരു കുടുംബത്തില്‍ത്തന്നെ ഭിന്നതകളും ശത്രുതയും ഉടലെടുക്കുമെന്നും, മാതാപിതാക്കളും മക്കളും തമ്മില്‍ പോലും പോരുണ്ടാകുമെന്നും ഈശോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇപ്രകാരം അകത്തുനിന്നും പുറത്തുനിന്നും സഭ പീഡിപ്പിക്കപ്പെടുമ്പോഴും കര്‍ത്താവിന്റെ വാക്കുകള്‍ നമുക്ക് ശക്തി പകരും.
”എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്” (മത്താ. 5:11-12).

ഈശോയ്‌ക്കെതിരെയും വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഭ്രാന്തനെന്നും പിശാചുബാധിതനെന്നും നിയമലംഘകനെന്നും ദൈവദൂഷകനെന്നും ജനങ്ങളെ വഴിതെറ്റിക്കുന്നവനെന്നുമൊക്കെയുള്ള ആരോപണങ്ങള്‍. തന്റെ ദൈവികമായ രക്ഷാകര ദൗത്യത്തില്‍നിന്ന് പിന്തിരിപ്പിച്ച് വെറും ലൗകീകനും ലോകകാര്യങ്ങളില്‍ മുഴുകുന്നവനുമാകാന്‍ ഈശോയെ പിശാച് പ്രലോഭിപ്പിക്കുകയുണ്ടായി. ആരോപണങ്ങളും പ്രലോഭനങ്ങളുമുണ്ടാകുന്നതുകൊണ്ട് തെറ്റുകാരനാകണമെന്നില്ല. ഇപ്രകാരമുള്ള വെല്ലുവിളികളെ നേരിടാന്‍ വിശ്വാസത്തിന്റെ പരിചയും ദൈവവചനമാകുന്ന വാളുമാണ് നമ്മുടെ ആയുധങ്ങള്‍. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ മലയോട് മാറി കടലില്‍ ചെന്നു പതിക്കാന്‍ പറഞ്ഞാല്‍ അതു സംഭവിക്കുമെന്നു പറഞ്ഞ ഈശോ വിശ്വാസത്തിന്റെ അമാനുഷിക ശക്തിയെയാണ് അതിലൂടെ സൂചിപ്പിക്കുന്നത്. ‘പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍’ എന്നുള്ള ഈശോയുടെ വാക്കുകള്‍ നമുക്ക് ഹൃദയത്തില്‍ ഏറ്റുവാങ്ങാം.

എതിര്‍പ്പുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനും തിന്മയുടെ ശക്തിയെ ജയിക്കാനും ഈശോ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും ആത്മാവില്‍ നിറഞ്ഞ് ശക്തിയാര്‍ജ്ജിച്ചു. പ്രാര്‍ത്ഥനയും ഉപവാസവും വഴിയല്ലാതെ തിന്മയെ ദൂരെയകറ്റാന്‍ സാദ്ധ്യമല്ലെന്ന് ഈശോ നമ്മെ ഉദ്‌ബോധിപ്പിച്ചു. സഭ ഇന്നു നേരിടുന്ന പ്രതിസന്ധികളുടെ പിന്നില്‍ തിന്മയുടെ ശക്തമായ പ്രവര്‍ത്തനമുണ്ടെന്നുള്ളത് സത്യമാണ്. വ്യക്തികളും സഭാസംവിധാനങ്ങളും സ്ഥാപനങ്ങളും തിന്മയ്ക്കടിമപ്പെടാതിരിക്കാന്‍ നമുക്ക് തീവ്രമായി പ്രാര്‍ത്ഥിക്കയും ഉപവാസത്താല്‍ നമ്മെത്തന്നെ വിശുദ്ധീകരിക്കുകയും ചെയ്യാം.

9. സഭയുടെ പ്രിയ മക്കളായ സഹോദരങ്ങളേ, വൈദികരേ, സമര്‍പ്പിതരേ, പ്രതിസന്ധികളില്‍ തളരേണ്ടവരല്ല നമ്മള്‍. മിശിഹായുടെ സഹനത്തില്‍ പങ്കുചേരുക എന്നത് സഭയുടെ അവകാശവും ചുമതലയുമാണ്. ഈ സഹനം പരാജയത്തിന്റേതല്ല; പരിഹാരത്തിന്റേതാണ്. കുരിശില്‍ സഹിക്കുന്ന ഈശോയിലാണ് വലത്തുവശത്തെ കള്ളന്‍ രക്ഷകനെ കണ്ടെത്തിയത്. കുരിശിലെ സഹനബലിയെ തന്റെ മഹത്വീകരണത്തിന്റെ സമയമായിട്ടാണ് ഈശോ കണ്ടത്. സഹനത്തിന്റെ പാരമ്യത്തില്‍ ഈശോ ജീവന്‍ വെടിഞ്ഞപ്പോഴാണ് ”ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു” എന്ന് പീഡകരില്‍ ഒരുവനായി കുരിശിന്‍ ചുവട്ടില്‍ നിന്നിരുന്ന ശതാധിപന്‍ ഈശോയെ സാക്ഷ്യപ്പെടുത്തി വിളിച്ചുപറഞ്ഞത്. പൈശാചികശക്തികളെ ബഹിഷ്‌കരിക്കാന്‍ എന്തുകൊണ്ട് തങ്ങള്‍ക്കു കഴിഞ്ഞില്ല എന്നുള്ള ശിഷ്യന്മാരുടെ ചോദ്യത്തിന് ഈശോയുടെ മറുപടി ‘അല്പവിശ്വാസം’ എന്നായിരുന്നു.

ഇന്ന് വിവിധ തലങ്ങളില്‍ സഭയ്‌ക്കെതിരേ ആഞ്ഞടിക്കുന്ന പ്രതികൂലശക്തികളില്‍നിന്ന് സഭയെ സംരക്ഷിക്കാനും തിന്മയെ ബഹിഷ്‌കരിക്കാനും സഭയെ ശക്തിപ്പെടുത്താനും നമ്മള്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും പ്രാര്‍ത്ഥിച്ച് ശക്തരാകുകയും വേണം. പുറത്തുനിന്നെന്നതിനേക്കാള്‍ സഭയ്ക്കുള്ളില്‍നിന്നുള്ള സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സഭയ്ക്കു ഭീഷണിയാകുന്നത്. സഭാധികാരത്തെ നിര്‍വീര്യമാക്കി സഭയില്‍ ഭിന്നതയും അച്ചടക്കരാഹിത്യവും സൃഷ്ടിക്കുക എന്നതാണ് തല്പരകക്ഷികളുടെ ലക്ഷ്യം. അതിനാല്‍ കര്‍ത്താവിന്റെ കൃപയില്‍ ആശ്രയിച്ച് ഏകമനസ്സോടെ സഭയോടും സഭാധികാരത്തോടും ചേര്‍ന്ന് നമുക്ക് വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാം. സഭാപീഡകര്‍ക്കുവേണ്ടി നമുക്ക് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കാം: ”പിതാവേ, അവരോട് ക്ഷമിക്കണമേ, അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല.”

സ്‌നേഹപൂര്‍വ്വം,
ആര്‍ച്ചുബിഷപ് ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത

1 COMMENT

  1. That is great reflections…! The power of Cross through Christ Jesus…!
    Not being commander in order but reminder in humility….Share blood of Jesus in every Eucharistic Fellowship with all the participants. .to remove the stains of sins from everyone…!
    Avoid petty philosophical explanations but follow the commandments….of the Master….Feed My Sheep ….!
    ” My Flesh is the true food and My Blood is the true Drink…..!
    Everything is settled under confession….no one can open it ..over….!
    That is power of confession for past 2000 years….!
    Only one can open….no devil on earth…deep or high
    BUT the time has come…He is on earth the settler….His name is God with us…………”
    So final settlement in that name only

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.