കാനഡയിൽ ​ഫ്രാൻസിസ് പാപ്പയുടെ പേരിലുള്ള ലോകത്തിലെ ആദ്യ ഇൻസ്റ്റിറ്റ്യൂട്ട്

ഫ്രാൻസിസ് മാർപാപ്പയുടെ ആത്മീയവും ബൗദ്ധികവുമായ പാരമ്പര്യം നിലനിർത്തുന്നതിനായി കാനഡയിൽ പുതിയ പഠനകേന്ദ്രം ആരംഭിക്കുന്നു. ഒന്റാരിയോയിലെ സെന്റ് ജെറോംസ് യൂണിവേഴ്സിറ്റിയാണ് ‘പോപ്പ് ഫ്രാൻസിസ് ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന പേരിൽ ആഗോളതലത്തിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

​ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ, പ്രഭാഷണങ്ങൾ, സെമിനാറുകൾ, ആത്മീയ ധ്യാനങ്ങൾ എന്നിവ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള കരുണ, പരിസ്ഥിതി സംരക്ഷണം, പരസ്പര സംവാദം തുടങ്ങിയ മാർപാപ്പയുടെ പ്രധാന ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

​കത്തോലിക്കാ വിശ്വാസികൾക്ക് മാത്രമല്ല ഇതര മതസ്ഥർക്കും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. പീറ്റർ മീഹാൻ വ്യക്തമാക്കി. നിലവിലെ മാർപാപ്പയായ ലെയോ പതിനാലാമന്റെ ആത്മീയ ദർശനങ്ങൾക്കും ഈ കേന്ദ്രം വലിയ പ്രാധാന്യം നൽകും. ഈ വർഷം അവസാനത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.