
മാർപാപ്പയുടെ ആഗോള പ്രാർഥനാശൃംഖലയുടെ (Pope’s Worldwide Prayer Network) പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉണ്ടാക്കിയ പുതിയ നിയമങ്ങൾ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചു. സഭയുടെ പ്രാർഥനാദൗത്യത്തെ ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയുമായി കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. മാർച്ച് 19 ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, പ്രാർഥനാശൃംഖലയുടെ ആത്മീയ അടിത്തറ തിരുഹൃദയത്തോടുള്ള സമർപ്പണമാണെന്ന് വത്തിക്കാൻ വ്യക്തമാക്കി.
മാർപാപ്പയുടെ പ്രതിമാസ പ്രാർഥനാ നിയോഗങ്ങൾ കേവലം ഒരു ചടങ്ങല്ലെന്നും, മറിച്ച് അത് ലോകത്തിന്റെ ആവശ്യങ്ങളോടുള്ള ക്രിസ്തീയപ്രതികരണമാണെന്നും പുതിയ നിയമങ്ങൾ അടിവരയിടുന്നു. ഈ ദൗത്യത്തെ ഈശോയുടെ ഹൃദയത്തോട് ചേർത്തുനിർത്താനാണ് സഭ ലക്ഷ്യമിടുന്നത്. പ്രാർഥനാശൃംഖലയെ വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ കീഴിലുള്ള ഒരു ഔദ്യോഗിക സ്ഥാപനമായി നിലനിർത്തും. ഇതിന്റെ ആസ്ഥാനം വത്തിക്കാനിൽ തന്നെ തുടരും.
അതേസമയം, ‘യൂക്കരിസ്റ്റിക് യൂത്ത് മൂവ്‌മെന്റ്’ (EYM) ഈ പ്രാർഥനാശൃംഖലയുടെ ഭാഗമായിത്തന്നെ തുടരും. കുട്ടികളിലും യുവാക്കളിലും പ്രാർഥനാശീലം വളർത്തുന്നതിനും അവരെ സഭയുടെ ദൗത്യങ്ങളിൽ പങ്കാളികളാക്കുന്നതിനും ഇത് സഹായിക്കും. ലോകമെമ്പാടുമുള്ള രൂപതകളുമായും ഇടവകകളുമായും ചേർന്ന് ഈ പ്രാർഥനാദൗത്യം കൂടുതൽ സജീവമാക്കാൻ പ്രാദേശിക മെത്രാന്മാർക്ക് മാർപാപ്പ നിർദേശം നൽകി.




