വാദ്യമേളക്കാരുടെയും ജനപ്രിയ വിനോദമേഖലയിലുള്ളവരുടെയും ജൂബിലിക്കൊരുങ്ങി വത്തിക്കാൻ

വാദ്യമേളക്കാരുടെയും ജനപ്രിയ വിനോദമേഖലയിലുള്ളവരുടെയും ജൂബിലി മെയ് 10-11 തീയതികളിലായി വത്തിക്കാനിൽ നടക്കും. തൊണ്ണൂറിലധികം രാജ്യങ്ങളിൽനിന്നായി പതിമൂവായിരത്തിലധികം ആളുകളാണ് ജൂബിലിയാഘോഷചടങ്ങുകൾക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന്, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ, ലോകത്തിലെ സുവിശേഷവത്കരണം സംബന്ധിച്ച അടിസ്ഥാനകാര്യങ്ങൾക്കായുള്ള വിഭാഗം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജൂബിലിയിൽ പങ്കെടുക്കാനെത്തുന്നവരിൽ ഭൂരിഭാഗവും ഇറ്റലിയിൽനിന്നുള്ളവരാണ്. വടക്കേ അമേരിക്ക, മാൾട്ട, പോളണ്ട്, സ്പെയിൻ, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, മെക്സിക്കോ, ഓസ്ട്രേലിയ, അർജന്റീന എന്നീ രാജ്യങ്ങളിൽനിന്നും ധാരാളം തീർഥാടകരെത്തുമെന്ന് ഡികാസ്റ്ററി അറിയിച്ചു. വാദ്യമേളക്കാരുടെയും ജനപ്രിയ വിനോദമേഖലയിലുള്ളവരുടെയും ജൂബിലിക്കായെത്തുന്നവർക്ക് ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം ആറുമണിവരെ വി. പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ കടക്കാൻ അവസരമുണ്ടായിരിക്കും. വൈകുന്നേരം നാലുമുതൽ ഏഴ് വരെ റോമിലുള്ള 31 ചത്വരങ്ങളിൽ വാദ്യമേളക്കാഴ്ച ഒരുക്കിയിട്ടുണ്ട്. ഇതിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറിലധികം വാദ്യമേളസംഘങ്ങൾ പങ്കെടുക്കും.

മെയ് 11 ഞായറാഴ്ച റോമിലെ കാവൂർ ചത്വരത്തിൽ രാവിലെ പത്ത് മണിക്ക് വിശുദ്ധബലിയർപ്പണം നടക്കും. രാവിലെ എട്ട് മുതൽ ചത്വരത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും, ഇതിനായി പ്രത്യേക ടിക്കറ്റുകൾ ആവശ്യമില്ലെന്നും ഡികാസ്റ്ററി അറിയിച്ചു. കാവൂർ ചത്വരത്തിലെ വിശുദ്ധ ബലിയുടെ അവസാനം, തീർഥാടകർ പ്രദക്ഷിണമായി വി. പത്രോസിന്റെ ചത്വരത്തിലേക്ക്, തങ്ങളുടെ വാദ്യോപകരണങ്ങൾ വായിച്ചുകൊണ്ട് നീങ്ങും.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.