“ഞങ്ങൾ ജീവിക്കുന്നത് നിയമവാഴ്ചയില്ലാത്ത നാട്ടിലാണ്”; മുന്നറിയിപ്പുമായി വെസ്റ്റ് ബാങ്കിലെ വൈദികൻ

വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണമെന്ന ആവശ്യവുമായി തയ്ബ ഇടവക വികാരി ഫാ. ബഷാർ ഫവാദ്ലെ. ഒക്ടോബർ 17-ന് വിദേശ നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെ തീവ്ര ജൂത കുടിയേറ്റക്കാർ ആക്രമണം നടത്തിയിരുന്നു.

ആക്രമണത്തിൽ വിളവെടുപ്പ് കാലത്ത് തയ്ബയിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സഹായിക്കാനുമായി എത്തിയ സംഘത്തിന്റെ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ഫ്രാൻസിലെ ഒരു നഗരത്തിന്റെ മേയർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. “കുടിയേറ്റക്കാർ നയതന്ത്ര ഉദ്യോഗസ്ഥരെപ്പോലും ആക്രമിക്കുന്നത് കാണുമ്പോൾ സ്ഥിതിഗതികൾ എത്രത്തോളം വഷളായിട്ടുണ്ടെന്ന് വ്യക്തമാണ്. നയതന്ത്ര സാന്നിധ്യമില്ലാതെ ഞങ്ങൾ ഒറ്റയ്ക്കായിരിക്കുമ്പോൾ ഞങ്ങളുടെ ജീവിതം എത്രമാത്രം ദുഷ്കരമായിരിക്കുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ?”- ഫാ. ബഷാർ ഫവാദ്ലെ ചോദിക്കുന്നു.

തയ്ബയിൽ തീവയ്‌പ്പും സ്വത്തുക്കൾക്കും ഭൂമിക്കും വ്യക്തികൾക്കും നേരെ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്; പല നിവാസികൾക്കും വീടുകളിലോ വ്യാപാരസ്ഥാപനങ്ങളിലോ ഒലിവ് തോട്ടങ്ങളിലോ എത്താൻ കഴിയാത്ത സ്ഥിതിയാണ്. ചുറ്റുമുള്ള ഗ്രാമങ്ങളിൽ കുടിയേറ്റക്കാരുടെയും അവരുടെ ആയുധങ്ങളുടെയും ആക്രമണത്തിൽ 30-ലധികം പേർ കൊല്ലപ്പെട്ടു; അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തയ്ബയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഇതിനോടകം കുടിയേറിപ്പോയിട്ടുണ്ടെന്ന് ഫാ. ബഷാർ വെളിപ്പെടുത്തുന്നു. നാടുവിട്ടു പോകാനുള്ള പ്രലോഭനം നിരന്തരമുണ്ടെങ്കിലും പലരും ചെറുത്തുനിൽക്കാൻ ആഗ്രഹിക്കുന്നു. “ഞങ്ങൾ ലോകത്തിലെ ആദ്യ തലമുറ ക്രൈസ്തവരുടെ പിൻഗാമികളാണ്. ഞങ്ങളുടെ പൂർവികർ യേശുക്രിസ്തുവിൽ നിന്നുതന്നെ സുവിശേഷം കേട്ടു. ഞങ്ങൾക്ക് ഈ ഭാഗ്യം ലഭിച്ചു; എന്നാൽ വിശുദ്ധ നാട്ടിലെ അവസാന തലമുറ ക്രൈസ്തവരായി മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.