ഭാരതത്തിൽ അതിജീവനത്തിനായി ക്രൈസ്തവരുടെ ഐക്യം നിർണായകം

ടോണി ചിറ്റിലപ്പിള്ളി

ക്രിസ്തുവിന്റെ ശരീരത്തിലെ മുറിവുകൾ പോലെയാണ് വിഭജനങ്ങൾ. അവ വേദനിപ്പിക്കുകയും പഴുക്കുകയും ചെയ്യും. വിഭജനങ്ങൾ ശത്രുതയിലേക്കു നയിക്കുകയും ക്രിസ്ത്യാനികളുടെ വിശ്വാസത്തെയും വിശ്വാസ്യതയെയും ദുർബലപ്പെടുത്തുകയും ചെയ്യും. വിഭജനത്തിന്റെ ഉതപ്പ് കീഴടക്കാൻ, ബന്ധപ്പെട്ട എല്ലാവർക്കും മനഃപരിവർത്തനമുണ്ടാകണം. അതിനോടൊപ്പം സ്വന്തം വിശ്വാസാവബോധത്തെക്കുറിച്ചുള്ള അറിവും വേണം. മറ്റുള്ളവരുമായി സംവാദത്തിൽ ഏർപ്പെടണം. പ്രത്യേകിച്ച് പൊതുവായി പ്രാർത്ഥിക്കണം. മനുഷ്യവംശത്തെ സേവിക്കുന്നതിൽ ക്രൈസ്തവരുടെയിടയിൽ സഹകരണമുണ്ടാകണം. ക്രൈസ്തവസഭയിൽ അധികാരത്തിലിരിക്കുന്നവർ ദൈവശാസ്ത്രപരമായ സംവാദം ഇടമുറിയാൻ അനുവദിക്കരുത്.

ഇന്ന് നമ്മുടെ രാജ്യത്തിൽ ക്രൈസ്തവസഭാസമൂഹം അന്യംനിന്നുപോകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ചില സംഘടിതശക്തികൾ ക്രൈസ്തവരെ ചിതറിക്കാനും നിർമാർജനം ചെയ്യാനും എണ്ണത്തിൽ കുറയ്ക്കാനും ക്രൈസ്തവരുടെ സഭയുടെ ശക്തി ക്ഷയിപ്പിക്കാനും വേണ്ടി ഗൂഢമായ നീക്കങ്ങൾ പലവിധത്തിൽ നടത്തിവരുന്നു. ഇനി ഒട്ടുംവൈകാതെ വിശാലാടിസ്ഥാനത്തിൽ നമ്മുടെ അനാവശ്യമായ കാര്യങ്ങളെല്ലാം മാറ്റിവച്ച് ക്രൈസ്തവസഭകളുടെ ഐക്യം ലക്ഷ്യമാക്കി നീങ്ങാൻ നമുക്ക് സാധിക്കണം.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ക്രൈസ്‌തവസമൂഹത്തിനെതിരെ വെറുപ്പും അതിക്രമങ്ങളും വ്യാപകമാകുന്നു. മണിപ്പൂർ, ഉത്തർപ്രദേശ്, ഛത്തീസ്ഗ‌ഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ സാഹചര്യം വളരെയധികം ആശങ്കപ്പെടുത്തുന്നു.

മണിപ്പൂരിലും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അസഹിഷ്‌ണുത വർധിക്കുന്നുവെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുളള അവകാശവും ഹനിക്കപ്പെടുന്നുവെന്നുമുള്ളത് യാഥാർഥ്യമാണ്. ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പിന്നോക്കക്കാരുടെയും പാര്‍ശ്വവല്‍ക്കരിക്കെപ്പട്ടവരുടെയും ആവശ്യങ്ങളെ മാനിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കണം. ഭാരത്തിൽ ക്രൈസ്തവർ നിലനിൽക്കണമെങ്കിൽ അടിയന്തരമായി പൊതുകാര്യങ്ങളിൽ സഭകൾ തമ്മിൽ ഐക്യവും സഹകരണവും ശക്തമാക്കണം.

ടോണി ചിറ്റിലപ്പിള്ളി, അത്മായ ഫോറം സെക്രട്ടറി, സീറോമലബാർ സഭ   

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.