മാർപാപ്പയ്ക്കു സമ്മാനിച്ച ഉക്രൈനിൽ നിന്നുള്ള വൃക്ഷത്തൈ വത്തിക്കാൻ ഗാർഡനിൽ നട്ടു

ഉക്രൈൻ സംസ്കാരത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും ഏറ്റവും പ്രശസ്തമായ പ്രതീകങ്ങളിലൊന്നായ ചുവന്ന വൈബർണം മരം (കലീന – Kalyna) നട്ടുപിടിപ്പിക്കുന്നതിനും ആശീർവദിക്കുന്നതിനുമുള്ള ഭക്തിനിർഭരമായ ചടങ്ങ് ഇന്നലെ (നവംബർ 26) രാവിലെ വത്തിക്കാൻ ഗാർഡനിൽ നടന്നു. ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും പരിശുദ്ധ സിംഹാസനത്തിനും ഉക്രൈൻ നൽകിയ സമ്മാനമായാണ് ഈ വൃക്ഷത്തൈ സമർപ്പിച്ചത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. “നീതിപൂർവകവും ശാശ്വതവുമായ സമാധാനത്തിന് അനുകൂലമായി വത്തിക്കാൻ നയതന്ത്രം നടത്തുന്ന നിരന്തരമായ പരിശ്രമങ്ങളെയും, ഉക്രൈൻ ജനത അനുഭവിക്കുന്ന ദുരിതങ്ങളോടുള്ള ഐക്യദാർഢ്യത്തെയും കർദിനാൾ അനുസ്മരിച്ചു. നമ്മുടെ സാഹോദര്യത്തിന്റെ ശാശ്വതമായ അടയാളവും ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദുരിതങ്ങളെയും പരീക്ഷണങ്ങളെയും അതിജീവിക്കാൻ കഴിയുമെന്നതിന്റെ ഓർമ്മപ്പെടുത്തലുമാണ് ഈ വൈബർണം വൃക്ഷമെന്ന് കർദിനാൾ കൂട്ടിച്ചേർത്തു.

1932 നും 1933 നുമിടയിൽ സോവിയറ്റ് ഭരണകൂടം മനഃപൂർവം സൃഷ്ടിച്ച ദാരുണമായ ക്ഷാമമായ ‘ഹോളോഡോമോർ’ (Holodomor) അനുസ്മരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഏകദേശം നൂറോളം അതിഥികൾ പങ്കെടുത്തു. പരിശുദ്ധ സിംഹാസനത്തിലെ നയതന്ത്ര പ്രതിനിധികൾ, സഭാ-വത്തിക്കാൻ സ്ഥാപനങ്ങളിലെ അംഗങ്ങൾ, നാഷണൽ മ്യൂസിയം ഓഫ് ദി ഹോളോഡോമോർ-ജെനോസൈഡിന്റെ സൂപ്പർവൈസറി ബോർഡ് ചെയർമാനും ഉക്രൈൻ മുൻ പ്രസിഡന്റുമായ വിക്ടർ യുഷ്ചെങ്കോയുടെ നേതൃത്വത്തിലുള്ള ഉക്രൈൻ പ്രതിനിധിസംഘം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

“പ്രത്യാശയുടെയും സമാധാനത്തിന്റെയും പ്രതീകമായി ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഉക്രൈൻ നൽകുന്ന സമ്മാനം” എന്ന് ആലേഖനം ചെയ്ത സ്മാരകഫലകം വൃക്ഷത്തൈയ്ക്കു സമീപം സ്ഥാപിക്കും.

വൈബർണം വൃക്ഷത്തിന്റെ പ്രാധാന്യം

ഉക്രൈൻ ജനതയെ സംബന്ധിച്ചിടത്തോളം വൈബർണം അവരുടെ രാഷ്ട്രത്തിന്റെ കൂട്ടായ ബോധത്തിന്റെ അവിഭാജ്യ ഘടകമാണ്. നൂറ്റാണ്ടുകളായി നാടോടിപ്പാട്ടുകളിലും സാഹിത്യത്തിലും കലയിലും ഇതിന്റെ പ്രതീകം ആഘോഷിക്കപ്പെടുന്നുണ്ട്. ചടങ്ങിൽ, നട്ടുപിടിപ്പിച്ച രണ്ട് ചുവന്ന വൈബർണം തൈകൾക്കും ഓരോ സുപ്രധാന ചരിത്രമുണ്ട്.

ആദ്യത്തേത്, രാജ്യത്തിന്റെ ഹൃദയഭാഗത്തുള്ള ഉക്രൈൻ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ കീവിലെ എം.എം. ഹ്രിഷ്കോ നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് നേരിട്ട് കൊണ്ടുവന്നതാണ്. രണ്ടാമത്തേത്, റോമിലെ സെന്റ് സോഫിയ ബസിലിക്കയിൽ നിന്നുള്ളതാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇറ്റാലിയൻ മണ്ണുമായി ഇണങ്ങി അവിടെ വളർന്ന തൈയാണിത്. ഉക്രേനിയൻ ഗ്രീക്ക്-കത്തോലിക്കാ സഭയുടെ കർദിനാളും ആർച്ച്ബിഷപ്പുമായിരുന്ന പാത്രിയർക്കീസ് ജോസിഫ് സ്ലിപിജിന്റെ ജന്മസ്ഥലമായ ടെർണോപിൽ മേഖലയിലെ സാസ്ദ്രിസ്റ്റ് ഗ്രാമത്തിൽ നിന്നാണ് ഇത് ആദ്യം റോമിലേക്കു കൊണ്ടുവന്നത്.

ഇത്തരത്തിൽ, ഈ രണ്ട് വൈബർണം തൈകളും ഉക്രൈനെയും റോമിലെ ഉക്രേനിയൻ സമൂഹത്തെയും പ്രതീകാത്മകമായി ഒന്നിപ്പിക്കുകയും, ഉക്രൈന്റെ ആത്മീയവും സാംസ്കാരികവുമായ ചരിത്രത്തിലെ രണ്ട് പ്രധാന അധ്യായങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

കർദിനാൾ പരോളിൻ തന്നെയാണ് ചുവന്ന വൈബർണം വൃക്ഷത്തിന്റെ ആശീർവാദ കർമ്മത്തിന് നേതൃത്വം നൽകിയത്. ചടങ്ങിനിടെ പൊന്തിഫിക്കൽ ഉക്രേനിയൻ കോളേജ് ഓഫ് സെന്റ് ജോസഫറ്റിലെ സെമിനാരി വിദ്യാർഥികളുടെ ഗായകസംഘം ‘ഓയ് ഉ ലൂസി ചെർവോണ കലീന’ (‘ഓ, പുൽമേട്ടിലെ ചുവന്ന വൈബർണം’) എന്ന ഉക്രേനിയൻ ദേശഭക്തിഗാനം ആലപിച്ചു.

വത്തിക്കാൻ പൂന്തോട്ടത്തിൽ നടന്ന ഇന്നത്തെ ചടങ്ങിന്റെ പ്രത്യേക പ്രാധാന്യവും ഉക്രൈൻ ഭരണകൂടത്തിന് പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധത്തിന്റെ പ്രസക്തിയും കണക്കിലെടുത്ത്, ഉക്രൈന്റെ ദേശീയ തപാൽ സർവീസായ ‘ഉക്ർപോഷ്ട’ (Ukrposhta), ഈ അവസരത്തിൽ ‘വത്തിക്കാൻ പൂന്തോട്ടത്തിലെ ഉക്രേനിയൻ വൈബർണം (കലീന)’ എന്ന പേരിൽ ഒരു സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഉക്ർപോഷ്ട സംഘടിപ്പിച്ച സ്മാരക പോസ്റ്റ്മാർക്ക് ചടങ്ങ് പരിശുദ്ധ സിംഹാസനത്തിലെയും സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയിലെയും ഉക്രൈൻ എംബസിയിൽ വച്ചു നടന്നു.

ചുവന്ന വൈബർണം ചെടിയുടെ വാർഷികചക്രത്തിലെ രണ്ട് പ്രധാന ഘട്ടങ്ങളാണ് – പൂവിടുന്ന സമയവും അതിന്റെ കായ്കൾ പഴുക്കുന്ന സമയവും – ഈ സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.