മുപ്പത് ലക്ഷം രൂപയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; കുഞ്ഞു ഏബലിന്റെ ജീവനായി കൈകോർത്ത് ‘സഞ്ജീവനി ഫുഡ് കോർട്ട്’

മരിയ ജോസ്

“ഏബലിനെ ഒരിക്കലും വിട്ടുകളയരുത്. അവനു കൃത്യമായ ചികിത്സ നൽകിയാൽ പൂർണ്ണമായും സുഖപ്പെടുന്ന കുട്ടിയാണ് എന്ന് അറിയാവുന്ന ഡോക്ടർമാർ പറഞ്ഞു. അതുകൊണ്ട് കുഞ്ഞുങ്ങൾക്കായി നിലവിളിച്ചു കരഞ്ഞാൽ വിളികേൾക്കുന്ന ഈ അമ്മയുടെ നടയ്ക്കൽ തന്നെ ഞങ്ങൾ ഈ സംരംഭവുമായി എത്തിയത്”- ഇടറുന്ന വാക്കുകളോടെ ഫാ. മോബൻ ചൂരവടി പറഞ്ഞ ഈ വാക്കുകൾ വിരൽ ചൂണ്ടുന്നത് ഒൻപതു വയസ്സുകാരനായ ഏബൽ എന്ന കുഞ്ഞിന്റെ ജീവിതം നിലനിർത്തുന്നതിനായി അവന്റെ മാതാപിതാക്കൾക്കൊപ്പം ഒരു കൂട്ടം ആളുകൾ നടത്തുന്ന പരിശ്രമങ്ങളിലേക്കാണ്. കൂദാശാ കർമ്മം കഴിഞ്ഞിരിക്കുന്ന പാറേൽ സെന്റ് മേരീസ് ബസലിക്കയ്ക്ക് മുന്നിൽ ഈ കുഞ്ഞിനായി ഒരു ഫുഡ് കോർട്ട് ആരംഭിച്ചിരിക്കുകയാണ്. ഏകദേശം മുപ്പതുലക്ഷത്തിലധികം ചെലവ് വരുന്ന മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്ന ഈ കുഞ്ഞിനു അവന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘സഞ്ജീവനി ഫുഡ് കോർട്ട്’ പ്രവർത്തിക്കുന്നത്. ആഗമന കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ ഈ പദ്ധതിയുടെ ഭാഗമായികൊണ്ട് നമുക്ക് നൽകാം ഏബലിന് ഒരു ക്രിസ്തുമസ് സമ്മാനം.

സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബത്തെ തകർത്ത രോഗം

തിരുവനന്തപുരത്തെ കാൻസർ രോഗികൾക്കിടയിൽ വലിയ ശുശ്രൂഷ ചെയ്യുന്ന ലൂർദ് മാതാ കാൻസർ കെയർ സെന്ററിലും പിന്നീട് നെടുംകുന്നം സഞ്ജീവനിയിലും ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നവരായിരുന്നു ഏബലിന്റെ മാതാപിതാക്കൾ. മൂന്നരവയസ്സിൽ കാൻസർ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഏബൽ അതിനെ അതിജീവിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് വീണ്ടും രക്താർബുദം കണ്ടെത്തുന്നത്. ഇതിനിടയ്ക്ക് പാൻക്രിയാറ്റിസ് സർജറിക്കും കുഞ്ഞു വിധേയനായി. നിലവിലിപ്പോൾ ഹൈ ഡോസ് കീമോതെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് ഏബൽ. നാല് കീമോ നടത്തിയതിനു ശേഷം നടത്തിയ ബോൺ മാരോ ടെസ്റ്റിൽ അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം എന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുകയാണ്. കുട്ടികൾക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം തിരുവനന്തപുരം ആർസിസിയിൽ ഇല്ലാത്തതിനാൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഡോക്ടർമാരുടെ നിർദേശപ്രകാരം ഏബലിന് അടുത്ത മാസം ആണ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം മുപ്പതു ലക്ഷത്തിലധികം രൂപ ആവശ്യമായ ഈ ശസ്ത്രക്രിയയ്ക്കു മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ പതറി നിൽക്കുകയായിരുന്നു പിതാവ് ജെയ്‌സൺ.

കരുതലായി കൈപിടിച്ച് സഞ്ജീവനിയും സമൂഹവും

കാൻസർ രോഗികളെ വർഷങ്ങളായി പരിചരിച്ചിരുന്ന വ്യക്തികളായിരുന്നു ഏബലിന്റെ മാതാപിതാക്കൾ. സഞ്ജീവനിയിൽ ഡ്രൈവറായും പാചകക്കാരനായും ജോലി ചെയ്തിരുന്ന അദ്ദേഹം തന്റെ മകന്റെ ഒപ്പമിരിക്കുന്നതിനായി സ്വന്തം ജോലി ഉപേക്ഷിച്ചു. ഇന്ന് ചികിത്സയ്ക്കായി പണം കണ്ടെത്താൻ തന്നാൽ കഴിയുന്ന എത്ര കഠിനമായ ജോലി ചെയ്യാനും തയ്യാറാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ഈ ശ്രമങ്ങളിൽ ഒപ്പം ചേരുകയാണ് ‘സഞ്ജീവനി ഫുഡ് കോർട്ട്’ എന്ന സംരംഭത്തിലൂടെ അൽമായരും വൈദികരും. നവംബർ 21 നു ആരംഭിച്ച ഈ ഫുഡ് കോർട്ട് ഡിസംബർ 21 വരെ പ്രവർത്തിക്കുന്നതായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ വർഷം പാറേൽപ്പള്ളി പെരുന്നാളിന് എത്തുന്ന തീർഥാടകരുടെയും നല്ലമനസ്സുള്ള ആളുകളുടെയും സഹായത്തോടെ ഏബലിനായി പ്രത്യാശയുടെ കരം വിരിക്കുകയാണ് ഫാ. മോബൻ ചൂരവടിയുടെ നേതൃത്വത്തിൽ സഞ്ജീവനി റീഹാബിലിറ്റേഷൻ സെന്റർ. ചങ്ങനാശേരി പാറേൽപ്പള്ളിക്ക് സമീപം എസ്.വി.ഡി സെമിനാരിയുടെ മുൻവശത്തായി തയ്യാറാക്കിയിരിക്കുന്ന ഈ ഫുഡ് കോർട്ട് സന്ദർശിച്ച് ഏബലിന്റെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിൽ നമുക്കും കൈകോർക്കാം.

ഒരു ആഗമനകാലം കൂടെ കടന്നു വരികയാണ്. കുഞ്ഞുണ്ണിക്കുള്ള സമ്മാനങ്ങളുമായി പ്രാർഥിച്ചൊരുങ്ങുന്ന ഈ നാളുകളിൽ ഏബലിന്റെ പുഞ്ചിരി കെടാതെ കാത്തു സൂക്ഷിക്കാൻ നമുക്ക് പരിശ്രമിക്കാം. നമുക്കും നൽകാം ഏബലിന് ഒരു ക്രിസ്തുമസ് സമ്മാനം. ഏബലിന്റെ ചികിത്സയ്ക്കായി സഹായം അയക്കാം ഈ മാർഗങ്ങളിലൂടെ.

Account holder: Jaison K V & Maya Joseph ·
Patient: Abel Jaison (age 9)
Bank: State Bank of India, Medical College Campus, Trivandrum
Account no.: 45576723666
IFSC: SBIN0010707
UPI / GPay: 8075148811@sbi
+91 80751 48811

നേരിട്ട് അയക്കാൻ കഴിഞ്ഞില്ലെങ്കിൽ
ഫാ.മോബൻ ചൂരവടി (ഡയറകർ സഞ്ജീവനി): 94461 19036 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം.

മരിയ ജോസ്

 

 

 

 

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.