ചുണ്ടനക്കി മാത്രം പ്രാർഥന, കണ്ണടച്ചാൽ പോലും ശിക്ഷ; ഉത്തരകൊറിയയിലെ വിശ്വാസികളുടെ നരകയാതനയുടെ നേർക്കാഴ്ച!

പ്രാർഥിക്കാൻ കണ്ണടച്ചാൽ പോലും ക്രൂരമായ ശിക്ഷയും അസഭ്യവർഷവും നേരിടേണ്ടിവരുന്ന ഒരു ജനത! വിശ്വാസം മറച്ചുവയ്ക്കാൻ ചുണ്ടനക്കി മാത്രം സ്തുതിഗീതങ്ങൾ പാടി പ്രാർഥിക്കേണ്ടി വരികയും ചെയ്യുന്ന വേദനിക്കുന്ന അനുഭവങ്ങൾ! ഉത്തരകൊറിയയിൽ ക്രിസ്ത്യൻ വിശ്വാസികൾ നേരിടുന്ന കൊടുംക്രൂരതകളുടെയും നിരീക്ഷണങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയായ ‘കൊറിയ ഫ്യൂച്ചർ’ (Korea Future) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ ഉള്ളത്.

അഞ്ച് വർഷത്തെ അന്വേഷണത്തിനൊടുവിൽ, ഉത്തരകൊറിയയിൽ നിന്നും പലായനം ചെയ്ത 570 പേരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കിം ജംഗ് ഉൻ ഭരണകൂടത്തിന് കീഴിൽ മതവിശ്വാസികൾക്കെതിരായ വേട്ടയാടൽ കൂടുതൽ രൂക്ഷമായിട്ടുണ്ടെന്നും, കഴിഞ്ഞ വർഷം പോലും സംശയത്തിന്റെ പേരിൽ നിരവധി പേരെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

‘ഒരു മുറിയിൽ മൂന്ന് പേരുണ്ടെങ്കിൽ നിങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ട്’

15 വർഷം മുൻപ് ഉത്തരകൊറിയയിൽ നിന്നും ദക്ഷിണകൊറിയയിലേക്ക് പലായനം ചെയ്ത കിം ബോ-ബിൻ (44) എന്ന യുവതി താൻ നേരിട്ട ഭയാനകമായ അനുഭവങ്ങൾ ബിബിസിയോട് പങ്കുവച്ചു. വിശ്വാസം പുറത്തറിയാതിരിക്കാൻ അവർ കണ്ടെത്തിയ വഴികൾ ഏറെ വേദനാജനകമാണ്. “ഉത്തരകൊറിയയിൽ ഒരു മുറിയിൽ മൂന്ന് പേരുണ്ടെങ്കിൽ നിങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് അർഥം. അതുകൊണ്ട് നിലത്ത് കിടക്കുമ്പോൾ മാത്രമാണ് ഞാൻ കണ്ണടച്ച് പ്രാർഥിച്ചിരുന്നത്,” കിം ബോ-ബിൻ പറഞ്ഞു.

ജയിലിൽ വച്ച് കണ്ണടച്ചാൽ പോലും “നീ പ്രാർഥിക്കുകയാണോ?” എന്ന് ചോദിച്ച് കാവൽക്കാർ അസഭ്യം പറയുമായിരുന്നുവെന്ന് ജയിലിൽ കഴിഞ്ഞ ലീ യംഗ്-ജൂ എന്ന മറ്റൊരു പലായനക്കാരിയും വെളിപ്പെടുത്തി. ക്രിസ്ത്യാനിയാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ തടവുകാരുടെ ക്യാമ്പിലേക്ക് അയക്കപ്പെടുമെന്നും അവിടെ ക്രൂരപീഡനമേറ്റ് മരിച്ചുവീഴേണ്ടി വരുമെന്ന ഭയമായിരുന്നു എല്ലാവർക്കും.

ബൈബിൾ സൂക്ഷിച്ചാൽ ജയിൽ, വിതരണം ചെയ്താൽ വധശിക്ഷ!

മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്ന് ഉത്തരകൊറിയ അവകാശപ്പെടുമ്പോഴും, രാജ്യത്ത് മതവിശ്വാസം വലിയ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. 2020-ൽ കൊണ്ടുവന്ന ‘പിന്തിരിപ്പൻ ആശയങ്ങളെയും സംസ്കാരത്തെയും തള്ളിക്കളയൽ’ നിയമപ്രകാരം ബൈബിൾ കൈവശം വയ്ക്കുന്നതും ആരാധനയ്ക്ക് സൗകര്യമൊരുക്കുന്നതും ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. മതഗ്രന്ഥങ്ങളോ വീഡിയോകളോ വിതരണം ചെയ്താൽ വധശിക്ഷ വരെ ലഭിക്കാവുന്നത്.

ക്രിസ്ത്യൻ വിശ്വാസികളെന്ന് സംശയിക്കപ്പെടുന്ന കുടുംബങ്ങളുടെ വിവരങ്ങൾ തലമുറകളായി സൂക്ഷിക്കപ്പെടുന്നു. ഇത് അവരുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും നിഷേധിക്കപ്പെടാൻ കാരണമാകുന്നുണ്ട് എന്ന് ചിലർ വ്യക്തമാക്കി. കിന്റർഗാർട്ടൻ തലം മുതൽ കുട്ടികളിൽ മതവിരുദ്ധ ചിന്തകൾ കുത്തിവയ്ക്കുന്നു. കിം ഇൽ സുങ്ങിനും കിം ജംഗ് ഇലിനും ഭരണകക്ഷിക്കും മുകളിൽ മറ്റൊന്നുമില്ലെന്ന ‘പത്ത് തത്വങ്ങൾ’ എല്ലാവരും മനഃപാഠമാക്കണം. “ഭരണകൂട നേതാവിന് ദൈവതുല്യമായ അധികാരമാണുള്ളത്. അതിന് മുകളിൽ മറ്റൊരു ദൈവത്തിന്റെ അധികാരം അനുവദിക്കാൻ അവർക്ക് കഴിയില്ല,” എന്ന് ഡോങ്-എ സർവകലാശാലയിലെ പ്രൊഫസർ കാങ് ഡോങ്-വാൻ ചൂണ്ടിക്കാണിക്കുന്നു.

23 ദിവസത്തെ ക്രൂരമർദനവും പലായനവും

1990-കളുടെ അവസാനത്തിൽ ഉണ്ടായ കൊടുംക്ഷാമകാലത്ത്, ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള വടക്കൻ ഹാംഗ്യോങ് പ്രവിശ്യയിൽ നിന്നാണ് കിം ബോ-ബിൻ ചൈനയിലേക്ക് കടന്നത്. അവിടെ വച്ചാണ് അവർ ക്രിസ്ത്യൻ വിശ്വാസത്തെക്കുറിച്ച് അറിയുന്നത്. 2007-ൽ ചൈനയിൽ നിന്നും അറസ്റ്റിലായി നാടുകടത്തപ്പെട്ട അവരെ രഹസ്യപൊലീസ് ചോദ്യം ചെയ്യുകയും 23 ദിവസത്തോളം ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. അസ്ഥികൾ ഒടിയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്ന തരത്തിലുള്ള പൊലീസ് അതിക്രമങ്ങളുടെ നിരവധി കഥകൾ റിപ്പോർട്ടിലുണ്ട്.

എന്നാൽ ജയിൽ മോചിതയായ ശേഷവും കിം ബോ-ബിനും ലീ യംഗ്-ജൂവും രഹസ്യമായി വിശ്വാസം തുടർന്നു. “എന്റെ അമ്മായിയുടെ വീടിന്റെ ചുവരുകൾ കട്ടിയുള്ളതാണ്. അയൽക്കാർക്ക് കേൾക്കാത്തവിധം ഞാൻ സഹോദരിക്കും ബന്ധുക്കൾക്കും സ്തുതിഗീതങ്ങൾ പറഞ്ഞുകൊടുത്തു,” കിം ഓർക്കുന്നു.

2012-ൽ മകളോടൊപ്പം ദക്ഷിണകൊറിയയിലേക്ക് രക്ഷപ്പെടാൻ കിം ബോ-ബിന് സാധിച്ചു. ഇന്ന് അവർ പ്രാർഥിക്കുന്നത് ഒട്ടും നിശബ്ദമായല്ല; ഞായറാഴ്ചകളിൽ പള്ളിയിൽ ഏറ്റവും ഉച്ചത്തിൽ പാടുന്നവരിൽ ഒരാളാണ് അവർ. സിയോളിലെ ഒരു ചെറിയ പള്ളിയിൽ വിശ്വാസജീവിതം നയിക്കുന്ന ലീ യംഗ്-ജൂ, നല്ലൊരു ഭക്ഷണത്തിനും സമാധാനപരമായ നടത്തത്തിനും പോലും ദൈവത്തോട് നന്ദി പറയുകയാണ്. സ്വാതന്ത്ര്യത്തിന്റെയും വിശ്വാസത്തിന്റെയും വില എത്രത്തോളമാണെന്ന് ഈ ജീവിതങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.