സൈനിക അട്ടിമറിക്ക് രണ്ടു വയസ്; മ്യാന്മറിനു വേണ്ടി പ്രാർത്ഥന നടത്തി പൊന്തിഫിക്കൽ ഫൗണ്ടേഷൻ

മ്യാന്മറിലെ സൈനിക അട്ടിമറിക്ക് രണ്ടു വർഷങ്ങൾ പൂർത്തിയാകുമ്പോൾ അവിടെയുള്ള വിശ്വാസികൾക്കും പീഡിപ്പിക്കപ്പെടുന്ന ജനങ്ങൾക്കുമായി പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പ്രത്യേക പ്രാർത്ഥന നടത്തി. “ഈ ദുരന്തത്തിന് അറുതിവരുത്താൻ കഴിയുന്ന എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിക്കാൻ ഞങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നു” – ഫൗണ്ടേഷൻ സിഇഒ തോമസ് ഹെയ്ൻ-ഗെൽഡേൺ വെളിപ്പെടുത്തുന്നു.

“പ്രശ്നബാധിത പ്രദേശങ്ങളിലെ കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ, രോഗികൾ എന്നിവരുൾപ്പെടെ കുടിയിറക്കപ്പെട്ട എല്ലാവർക്കുമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അവരുടെ എണ്ണം ലക്ഷക്കണക്കിനു വരും. പലരും ദിനംപ്രതി അതിജീവിക്കാൻ പാടുപെടുന്നു. കഷ്ടപ്പാടുകളുടെ സാക്ഷ്യങ്ങൾ എണ്ണമറ്റതാണ്. ഈ 24 മാസത്തെ യുദ്ധത്തിന്റെയും ഭീകരതയുടെയും വേളയിൽ, മതവിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും സാന്നിധ്യം കുടിയിറക്കപ്പെട്ടവർക്കു നൽകുന്ന ആശ്വാസവും പിന്തുണയും ഞങ്ങൾ അവിടെ കണ്ടു” – തോമസ് ഹെയ്ൻ-ഗെൽഡേൺ കൂട്ടിച്ചേർത്തു.

ഒപ്പം ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ജനങ്ങൾക്കായി പ്രാർത്ഥന തുടരണമെന്നും സംഘടന അഭ്യർത്ഥിച്ചു. പട്ടാള അട്ടിമറിയെ തുടർന്ന് ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ കയാ, ചിൻ, കാരെൻ, കാച്ചിൻ എന്നിവിടങ്ങളിലെ പള്ളികളും സന്യാസമഠങ്ങളും സർക്കാർ അനുകൂല ശക്തികൾ തകർത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.