ഉക്രൈനിലെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റിനോട് ആഹ്വാനം ചെയ്ത് പാപ്പാ

ഉക്രൈനിലെ അക്രമത്തിന്റെയും മരണത്തിന്റെയും പ്രവർത്തനങ്ങൾ തുടരുന്നത് അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന ആഞ്ചലൂസ് പ്രാർത്ഥനയിലാണ് സമാധാന സ്ഥാപനത്തിനായുള്ള അഭ്യർത്ഥന ഫ്രാൻസിസ് പാപ്പാ നടത്തിയത്. ഒപ്പം ഗൗരവമായ സമാധാന നിർദ്ദേശങ്ങൾക്കായി തുറവിയുള്ളവരായിരിക്കാൻ പാപ്പാ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോടും ആവശ്യപ്പെട്ടു.

“അപകടകരമായ രീതിയിലേക്ക് ഉയരുന്നതിനു മുൻപ്, നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാം. സംഭാഷണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക. ഭ്രാന്തമായ യുദ്ധത്തിന്റെ മലിനമായ അന്തരീക്ഷമല്ല, സമാധാനത്തിന്റെ ആരോഗ്യകരമായ വായു ശ്വസിക്കാൻ യുവതലമുറയെ അനുവദിക്കുക”- പാപ്പാ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി ഇരുരാജ്യങ്ങളുടെയും നേതാക്കളോട് ആവശ്യപ്പെട്ടു.

“സമീപ മാസങ്ങളിലായി അവിടെ ഒഴുകുന്നത് രക്തത്തിന്റെയും കണ്ണുനീരിന്റെയും നദികളാണ്. പതിനായിരക്കണക്കിന് നിഷ്കളങ്കരായ ഇരകൾ, പ്രത്യേകിച്ച് കുട്ടികൾ. നിരവധി ആളുകളെയും കുടുംബങ്ങളെയും ഭവനരഹിതരാക്കിയ നിരവധി നാശങ്ങൾ; ഒപ്പം പട്ടിണിയും. ഈ പ്രവർത്തനങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ദൈവത്തിന്റെ നാമത്തിലും എല്ലാ ഹൃദയങ്ങളിലും കുടികൊള്ളുന്ന മനുഷ്യത്വബോധത്തിന്റെ പേരിലും ഉടനടി വെടിനിർത്തലിനുള്ള എന്റെ ആഹ്വാനം ഞാൻ പുതുക്കുന്നു” – പാപ്പാ ശക്തമായ ഭാഷയിൽ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.