ഓപ്പറേഷന്‍ തൂഫാന്‍: സ്വാശ്രയ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി അവബോധ പരിപാടി സംഘടിപ്പിച്ചു

ലഹരി മാഫിയയ്‌ക്കെതിരെ കേരള സര്‍ക്കാര്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ വിഭാവനം ചെയ്തിരിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി അവബോധ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അവബോധ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്സ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കെ.എസ്.എസ്.എസ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി.സി. റോയി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അവബോധ പരിപാടിയോടനുബന്ധിച്ച് നടത്തപ്പെട്ട ക്ലാസ്സിന് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ജോര്‍ജ് ഡേവിഡ് നേതൃത്വം നല്‍കി. സ്വാശ്രയസംഘങ്ങളിലൂടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അവബോധ പരിപാടിയില്‍ സ്വാശ്രയസംഘ പ്രതിനിധികള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.