ബെനഡിക്റ്റ് പാപ്പായുടെ മൃതസംസ്കാര ചടങ്ങിൽ അൾത്താരയിലുണ്ടായിരുന്ന ചിത്രത്തിന്റെ ചരിത്രം

ബെനഡിക്റ്റ് പാപ്പായുടെ സംസ്കാര ചടങ്ങിൽ അൾത്താരയിൽ തൂക്കിയിരുന്ന ഒരു ചിത്രം ഉണ്ട്. ഈശോയുടെ പുനരുത്ഥാനത്തിന്റെ വലിയ ഒരു ചിത്രമായിരുന്നു അത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മധ്യഭാഗത്തെ കവാടത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന ഈ ചിത്രത്തിൻറെ ചരിത്രവും പ്രാധാന്യവും അറിയാം.

തുണിയിൽ നിർമ്മിച്ച ഈ ചിത്രം 1783-1784 കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. കമ്പിളി, പട്ട്, വെള്ളിനൂലുകൾ എന്നിവയാൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇന്ന് വത്തിക്കാൻ ന്യൂസ് പുറത്തുവിടുന്ന വിവരങ്ങളിൽ വെളിപ്പെടുത്തുന്നു. മാർപ്പാപ്പയുടെ പ്രതിനിധിയുടെ അപ്പാർട്ടുമെന്റുകളിൽ തൂക്കിയിരിക്കുന്ന കരകൗശല വസ്തുക്കളുടെ ഗണത്തിൽ ഉൾപ്പെടുന്നതാണ് ഈ ചിത്രവും. ഇത് വത്തിക്കാനിലെ ചിത്രകലാ ശേഖരത്തിന്റെ ഭാഗമാണ്.

1641-ൽ അന്തരിച്ച ആന്റണി വാൻ ഡിക്കിന്റെ ‘ദി റിസർക്ഷൻ’ ന് ശേഷം പിയർ പൗലോ പാൻസിയുടെ കാർട്ടൂണിൽ നിന്ന് പ്രചോദനം സ്വീകരിച്ചു ജ്യൂസെപ്പെ ഫോളി നെയ്തതാണ് ഈ ചിത്രം.

ഉയിർത്തെഴുന്നേറ്റ ക്രിസ്തു വിജയാഹ്‌ളാദത്തോടെ ശവകുടീരത്തിൽ നിന്ന് പുറത്തുകടക്കുന്നത് കാണിക്കുന്ന ചിത്രം ബെനഡിക്റ്റ് പാപ്പായ്ക്കും ഇഷ്ടപ്പെട്ടിരിക്കാം. മാർപ്പാപ്പയുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയുടെ ബാൽക്കണിയിൽ നിന്ന് സന്ദേശങ്ങൾ നല്കുമ്പോൾ ഈ ചിത്രം പതിവായി അദ്ദേഹത്തിന് പിന്നിൽ കാണപ്പെട്ടിരുന്നു. 2010 ലെ ഈസ്റ്റർ ദിന സന്ദേശത്തിനായി അദ്ദേഹം എത്തിയപ്പോൾ ഈ ചിത്രം അദ്ദേഹത്തിന്റെ പിന്നിലായി ചുവരിൽ തൂക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.