
കാരുണ്യപ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിൽ പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് അമേരിക്കൻ സന്ന്യാസിനി സി. സ്റ്റെഫാനി ബാലിഗ. വർഷങ്ങളായി ഷിക്കാഗോ മാരത്തോണിൽ പങ്കെടുത്തുകൊണ്ടാണ് സി. സ്റ്റെഫാനി എന്ന ഈ ഫ്രാൻസിസ്കൻ സന്ന്യാസിനി തന്റെ സന്ന്യാസ സമൂഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് താങ്ങാകുന്നത്.
2011-ൽ തുടക്കം കുറിച്ചതുമുതൽ ഇതുവരെ ഷിക്കാഗോ മാരത്തോണിലൂടെ തന്റെ സമൂഹത്തിന്റെ ‘മിഷൻ ഓഫ് ഔർ ലേഡി ഓഫ് ദി ഏയ്ഞ്ചൽസ്’ എന്ന മിഷനുവേണ്ടി മൂന്ന് ദശലക്ഷത്തിലധികം ഡോളറാണ് സിസ്റ്റർ സ്റ്റെഫാനിയും അവരുടെ നേതൃത്വത്തിലുള്ള റണ്ണേഴ്സ് ടീമും സമാഹരിച്ചത്. ഈ വർഷം മാത്രം റെക്കോർഡ് തുകയായ 579,589 ഡോളർ സമാഹരിക്കാൻ ഇവർക്ക് കഴിഞ്ഞു. മാരത്തോണിലും മറ്റും പങ്കെടുത്ത് ലഭിക്കുന്ന തുകയിലൂടെ മാസത്തിൽ 3,000 മുതൽ 4,000 വരെ കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കും മറ്റ് ജീവകാരുണ്യ പദ്ധതികൾക്കുമാണ് ഇവർ ജീവൻ പകരുന്നത്.
സന്ന്യാസിനിയാകുന്നതിന് മുൻപ് യൂണിവേഴ്സിറ്റി ഓഫ് ഇല്ലോയിസിൽ പ്രശസ്തയായ അത്ലറ്റായിരുന്നു സിസ്റ്റർ സ്റ്റെഫാനി. പരിക്കിനെ തുടർന്ന് കായികരംഗത്ത് നിന്ന് പിന്മാറിയെങ്കിലും, 2010-ൽ തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ അവർ ഫ്രാൻസിസ്കൻ സന്ന്യാസ സഭയിൽ ചേരുകയായിരുന്നു. സന്ന്യാസ സമൂഹത്തിൽ ചേർന്നിട്ടും ഒരു അത്ലറ്റ് ആകുക എന്ന തന്റെ ആഗ്രഹം സിസ്റ്റർ ഉപേക്ഷിച്ചിരുന്നില്ല. ഓട്ടത്തിൽ പങ്കെടുക്കാത്ത സമയങ്ങളിൽ, സിസ്റ്റർ സ്റ്റെഫാനി സെന്റ് സിൽവെസ്റ്റർ എലിമെന്ററി സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു; പ്രധാനമായും മതാധ്യാപനത്തിലും സ്കൂളിലെ കൂദാശ അധിഷ്ഠിത ആത്മീയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലുമാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സന്ന്യാസ സമൂഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അനുസരിച്ച്, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സിസ്റ്റർ സ്റ്റെഫാനിക്കും സെന്റ് സിൽവെസ്റ്റർ സ്കൂളിനും ഷിക്കാഗോ അതിരൂപതയുടെ കാത്തലിക് സ്കൂൾസ് ഓഫീസിൽ നിന്ന് ഒരു പ്രത്യേക ബഹുമതി ലഭിച്ചു. ‘വിദ്യാർഥികളിൽ ഏറ്റവും ഉയർന്ന ശതമാനം പേർ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം ശക്തമായി അനുഭവപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയ സ്കൂൾ’ എന്ന നേട്ടത്തിനാണ് ഈ ആദരം ലഭിച്ചത്. ഇത്തരം ഒരു ബഹുമതിയിലേക്ക് സ്കൂളിനെ എത്തിച്ചതിൽ സി. സ്റ്റെഫാനിക്കുള്ള പങ്കു വലുതാണെന്നും സന്ന്യാസസമൂഹം വ്യക്തമാക്കുന്നു.
ആത്മീയ വളർച്ച ആഗ്രഹിക്കുന്നവർക്ക് കായികരംഗത്ത് നിന്ന് എന്താണ് പഠിക്കാനാകുക, തിരിച്ച് കായികരംഗത്തിന് ആത്മീയതയിൽ നിന്ന് എന്താണ് പഠിക്കാനുള്ളത്? അങ്ങനെ നിരവധി ചോദ്യങ്ങൾ ഈ സന്ന്യാസിനിക്ക് മുന്നിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഓട്ടത്തിലൂടെ പുണ്യങ്ങളുടെയും പ്രാർഥനയുടെയും ത്യാഗത്തിന്റെയും ഒരു വിദ്യാലയമാണ് സിസ്റ്റർ സ്റ്റെഫാനി കണ്ടെത്തിയിരിക്കുന്നത്.




