ദൈവരാജ്യം വളരുന്നത് ശക്തിയിലൂടെയല്ല; സ്‌നേഹത്തിലൂടെ നിശ്ശബ്ദമായാണ്: വിശ്വാസികളോട് ലെയോ പാപ്പ

ദൈവരാജ്യം അധികാരം കൊണ്ടല്ല, മറിച്ച് എളിമ, ക്ഷമ, സ്നേഹം എന്നിവയിലൂടെ നിശ്ശബ്ദമായാണ് വളരുന്നതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. അതേസമയം, ദൈവശക്തിയുടെ വലിയ പ്രകടനങ്ങൾ പ്രതീക്ഷിക്കുന്ന പ്രവണത ഉപേക്ഷിക്കാനും ലെയോ പാപ്പ ക്രിസ്ത്യാനികളോട് അഭ്യർഥിച്ചു. ഒരു ചെറിയ വിത്തോ, കണ്ണുകൾക്ക് കാണാനാകാതെ പ്രവർത്തിക്കുന്ന ചെറിയ അളവ് പുളിച്ച മാവോ പോലെ, ദൈവരാജ്യം ശാന്തമായും ക്ഷമയോടെയുമാണ് വളരുന്നതെന്ന് പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു. കാസിൽ ഗാൻഡോൾഫോയിൽ ജൂലൈ 19 ലെ ത്രികാല പ്രാർഥയ്ക്കായി ഒത്തുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ.

വി. മത്തായിയുടെ സുവിശേഷത്തിലെ മൂന്ന് ഉപമകളെക്കുറിച്ച് – ഗോതമ്പിന്റെയും കളകളുടെയും ഉപമ, കടുകുമണിയുടെ ഉപമ, പുളിച്ച മാവിന്റെ ഉപമ – മാർപാപ്പ സംസാരിച്ചു. ചരിത്രത്തിലും മനുഷ്യജീവിതത്തിലും ദൈവം എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണ് ഈ ഉപമകൾ വെളിപ്പെടുത്തുന്നതെന്ന് പാപ്പ പറഞ്ഞു. തന്റെ അധികാരം ബലപ്രയോഗത്തിലൂടെ അടിച്ചേൽപിക്കുകയോ, വിജയശ്രീലാളിതനായി വരികയോ ചെയ്യുന്നതിനു പകരം തന്റെ സൂക്ഷ്മവും ക്ഷമയോടെയുള്ളതുമായ സ്നേഹത്തിന്റെ അടയാളമായി ദൈവം ‘ചെറുപ്പത്തെ’ ആണ് തിരഞ്ഞെടുക്കുന്നതെന്ന് മാർപാപ്പ പറഞ്ഞു.

“അവിടുത്തെ സ്വീകരിക്കാനോ, നിരസിക്കാനോ ഉള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്ക് നൽകുന്നു. കളകൾക്കിടയിലും ദൈവത്തിന്റെ സ്നേഹം അതിന്റെ സാന്നിധ്യം അറിയിക്കുന്നു. അത് ഏറ്റവും ചെറിയ വിത്ത് പോലെ അദൃശ്യമായി പ്രവർത്തിക്കുകയും മാവിൽ ചേർക്കുന്ന പുളിപ്പ് പോലെ ലോകത്തെ നിശ്ശബ്ദമായി മാറ്റുകയും ചെയ്യുന്നു” – പാപ്പ കൂട്ടിച്ചേർത്തു. ദൈവം പെട്ടെന്ന് ഇടപെട്ട് ലോകത്ത്  നിന്ന് തിന്മയെ ഉടനടി ഇല്ലാതാക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ടെന്ന് മാർപാപ്പ സമ്മതിച്ചു. ഇത്തരം പ്രതീക്ഷകൾ ക്രൈസ്തവജീവിതത്തെക്കുറിച്ചും തിരുസഭയെക്കുറിച്ചും തെറ്റായ വീക്ഷണമുണ്ടാക്കാൻ ഇടയാക്കുമെന്നും പാപ്പ മുന്നറിയിപ്പ് നൽകി.

തിന്മയുടെ സാന്നിധ്യത്തിനിടയിലും ദൈവരാജ്യം വളരുന്നുണ്ടെന്ന് തിരിച്ചറിയാനാണ് ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത്. ഇരുട്ടിനിടയിലും ഉയർന്നുവരുന്ന നന്മയെ തിരിച്ചറിയാൻ പഠിക്കുക, തിടുക്കപ്പെട്ട് വിധി പ്രസ്താവിക്കാനുള്ള പ്രവണതയെ ചെറുക്കുക, ദൈവകൃപയുടെ ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങളെ ക്ഷമയോടെ അനുഗമിക്കുക എന്നിവ ഇതിന് ആവശ്യമാണ്. ദൈവരാജ്യം പലപ്പോഴും ദൈനംദിന ജീവിതത്തിലെ സാധാരണ നിമിഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്; അത് ആരുടെയും ശ്രദ്ധയിൽപെടാതെ വളരുകയും എന്നാൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദൈവം കൂടെയില്ല എന്ന് തോന്നുമ്പോൾ പോലും അവിടുന്ന് എപ്പോഴും കൂടെയുണ്ടെന്നും അവിടുത്തെ സ്നേഹം സഹായിക്കാൻ എപ്പോഴും സജ്ജമാണെന്നും മാർപാപ്പ വിശ്വാസികൾക്ക് ഉറപ്പ് നൽകി.

ദൈവത്തിന്റെ പ്രവർത്തനരീതി തന്നെയാണ് വ്യക്തിപരമായും സഭയുടെ അംഗങ്ങൾ എന്ന നിലയിലും ക്രിസ്ത്യാനികളുടെ ജീവിതരീതിയായി മാറേണ്ടതെന്ന് ലെയോ മാർപാപ്പ കൂട്ടിച്ചേർത്തു. അഹങ്കാരം, മറ്റുള്ളവരെ കീഴടക്കാനുള്ള ആഗ്രഹം, വിശ്വാസം അടിച്ചേൽപിക്കാൻ അധികാരം ഉപയോഗിക്കൽ എന്നിവ ഒഴിവാക്കി സുവിശേഷത്തിലധിഷ്ഠിതമായ സമീപനം സ്വീകരിക്കാൻ പാപ്പ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. പകരം, ദൈവത്തിന്റെ നിശ്ശബ്ദമായ പ്രവർത്തനങ്ങളിൽ അവർ  വിശ്വാസമർപ്പിക്കണമെന്നും ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.