
നിക്കരാഗ്വയിലെ ഏസ്റ്റെലി രൂപതയുടെ മുൻ ബിഷപ്പായ അബെലാർഡോ മാത്തയെ ഏകാന്ത തടവിലാക്കുകയും അദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാതിരിക്കുന്നതും ആയ ഡാനിയൽ ഒർട്ടേഗയുടെ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകളും സഭാ നേതൃത്വവും രംഗത്ത്. 80-കാരനായ ബിഷപ്പിനെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത് മനുഷ്യരാശിക്കെതിരായ വലിയൊരു കുറ്റകൃത്യമാണെന്ന് അവർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
ബിഷപ്പിന്റെ ശാരീരിക അവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്ന യഥാർഥ സ്ഥലം വെളിപ്പെടുത്തണമെന്നും ഇന്റർ-അമേരിക്കൻ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ് (IACHR) നിക്കരാഗ്വ സർക്കാരിനോട് അടിയന്തരമായി ആവശ്യപ്പെട്ടു.
നിക്കരാഗ്വയിൽ കത്തോലിക്കാ സഭ നേരിടുന്ന കടുത്ത പീഡനങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയർത്തുന്ന നേതാവാണ് ബിഷപ്പ് മാത്ത. ഏസ്റ്റെലിയിലെ ക്രൂസ് ഡെൽ കാൽവരിയോ ഇടവകയിൽ നടന്ന വിശുദ്ധ കുർബാന മധ്യേ, ഭരണകൂട പീഡനങ്ങൾ ഇരയാകുന്ന സഭയ്ക്കായി പ്രാർഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. ഈ പ്രസംഗത്തിന് പിന്നാലെ സായുധരായ അർദ്ധസൈനികർ പള്ളി വളയുകയും അദ്ദേഹത്തെ നിരീക്ഷിക്കുകയും ചെയ്തു.
തുടർന്ന് മറ്റ് ചില വൈദികർക്കൊപ്പം ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്നവരെ പിന്നീട് വിട്ടയച്ചെങ്കിലും ബിഷപ്പ് മാത്തയെ തലസ്ഥാനമായ മനാഗ്വയിലെ രഹസ്യ കേന്ദ്രത്തിലേക്കും അവിടെനിന്ന് പൊലീസ് കാവലുള്ള ടിസ്മയിലെ ഒരു വീട്ടിലേക്കും മാറ്റിയതായാണ് വിവരം. ബിഷപ്പിനെ ഉടനടി നിബന്ധനകളില്ലാതെ വിട്ടയക്കണമെന്ന് യുഎസ് ഗവൺമെന്റ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബിഷപ്പ് മാത്ത പൂർണ്ണ ആരോഗ്യവാനായി സ്വന്തം വീട്ടിലുണ്ടെന്നും കുടുംബത്തിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള ചില സാധാരണ അന്വേഷണങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നുമാണ് നിക്കരാഗ്വ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിശദീകരണം. എന്നാൽ ഈ വാദം കള്ളമാണെന്ന് സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങളും മനുഷ്യാവകാശ പ്രവർത്തകരും വ്യക്തമാക്കുന്നു.
സഭയ്ക്കെതിരായ പീഡനങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന പ്രമുഖ അഭിഭാഷക മാർത്ത പട്രീഷ്യ മൊലീനയുടെ വാക്കുകൾ പ്രകാരം, നിലവിൽ ബിഷപ്പിനെ കാണാൻ ബന്ധുക്കൾക്കോ സ്വതന്ത്ര വ്യക്തികൾക്കോ അനുവാദമില്ല. ഭരണകൂടം അദ്ദേഹത്തെ സുരക്ഷിതനായി പൊതുസമൂഹത്തിന് മുന്നിൽ കാണിക്കുന്നത് വരെ അവരുടെ പ്രസ്താവനകൾ വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം സ്വന്തം വീട്ടിലല്ല ഉള്ളതെന്നും വൈദികർ സ്ഥിരീകരിച്ചിട്ടുണ്ട്.




