‘ദി ജ്വല്ലേഴ്സ് ഷോപ്പ്’: ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രശസ്തമായ നാടകം റോമിൽ അരങ്ങേറി

ആധുനിക ലോകത്ത് വിവാഹമെന്ന കൂദാശയും കുടുംബബന്ധങ്ങളും നേരിടുന്ന വെല്ലുവിളികൾക്ക് ദൃശ്യഭാഷയിലൂടെ മറുപടി നൽകി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രശസ്തമായ നാടകം റോമിലെ വേദിയിലെത്തിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ 106-ാം ജന്മവാർഷികത്തോടനുബന്ധിച്ച് റോമിലെ പ്രശസ്തമായ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിലെ (ആഞ്ചെലിക്കം) വിദ്യാർഥികളാണ് ‘ദി ജ്വല്ലേഴ്സ് ഷോപ്പ്’ എന്ന നാടകം അവതരിപ്പിച്ചത്.

മനുഷ്യസ്‌നേഹത്തെയും ലൈംഗികതയെയും കുറിച്ചുള്ള സഭയുടെ പരമ്പരാഗതമായ കാഴ്ചപ്പാടുകൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, വിവാഹമെന്ന കൂദാശയ്ക്ക് ശക്തമായ സാഹിത്യ-ദൃശ്യ കാഴ്ചപ്പാടുണ്ടാക്കാൻ ഈ അവതരണത്തിന് സാധിച്ചു. 1960-ൽ അന്നത്തെ കാരോൾ വോയ്റ്റിവ എന്ന യുവ വൈദികൻ എഴുതിയ ഈ നാടകം, പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും വിവിധ ഘട്ടങ്ങളെയാണ് പര്യവേക്ഷണം ചെയ്യുന്നത്. തുടക്കത്തിലെ സന്തോഷകരമായ പ്രതീക്ഷയും പ്രണയവും മുതൽ മനുഷ്യസഹജമായ ബലഹീനതകളുടെയും സ്വാർഥതയുടെയും വേദനാജനകമായ യാഥാർഥ്യങ്ങൾ വരെയും, ഒടുവിൽ കൂദാശപരമായ കൃപയിലൂടെയും ദൈവവിശ്വാസത്തിലൂടെയും ദാമ്പത്യബന്ധം എങ്ങനെ വീണ്ടെടുക്കപ്പെടുന്നു എന്നും നാടകം ദൃശ്യവൽക്കരിക്കുന്നുണ്ട്.

യാരോസ്ലാവ് കിലിയൻ സംവിധാനം ചെയ്ത ഈ നാടകത്തിൽ ‘സെന്റ് ജോൺ പോൾ സെക്കൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറി’ലെ പതിനാറോളം വിദ്യാർഥികളാണ് അണിനിരന്നത്. 1946 മുതൽ 1948 വരെ വോയ്റ്റിവ പഠിച്ച ഇതേ സർവ്വകലാശാലയിൽ, അദ്ദേഹം തന്നെ പണ്ട് തുടക്കം കുറിച്ച ‘റാപ്സോഡിക് തിയേറ്റർ’ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന മൂന്ന് ആഴ്ചത്തെ തീവ്രമായ വർക്ക്‌ഷോപ്പിന്റെ സമാപനമായിരുന്നു മേയ് 18-ന് നടന്ന ഈ അവതരണം നടന്നത്.

ഇന്നത്തെ യുവതലമുറയ്ക്കിടയിൽ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സെന്റ് ജോൺ പോൾ സെക്കൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിന്റെ ഡയറക്ടറായ ഫാ. സെസാരി ബിങ്കിയേവിച്ച് ചൂണ്ടിക്കാണിച്ചു. യുവാക്കൾക്ക് വികാരങ്ങളും യഥാർഥ സ്നേഹവും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ട നേരിടുന്ന ഈ സാംസ്കാരിക പ്രതിസന്ധി പരിഹരിക്കാൻ ജോൺ പോൾ പാപ്പയുടെ പ്രബോധനങ്ങളിലേക്ക് മടങ്ങേണ്ടതുണ്ട്. നാടകത്തിൽ മൂന്ന് ദമ്പതികൾ നേരിടുന്ന പ്രതിസന്ധികൾ, മരണം, പരസ്പരമുള്ള ഉദാസീനത, മുൻകാല തെറ്റുകൾ എന്നിവ ഇന്ന് യഥാർഥ ജീവിതത്തിൽ യുവദമ്പതികൾ നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ്. ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവത്തിൽ വേരൂന്നിയ യഥാർഥ സ്നേഹത്തിന് മാത്രമേ സാധിക്കൂ എന്ന സന്ദേശമാണ് നാടകം മുന്നോട്ടുവെക്കുന്നത്.

നാസി അധിനിവേശ കാലത്ത് പോളണ്ടിൽ വെച്ച് വോയ്റ്റിവ രൂപം കൊടുത്ത ‘റാപ്സോഡിക് തിയേറ്റർ’ (Rhapsodic Theater) എന്ന ലളിതമായ പ്രകടന ശൈലിയിലാണ് ഈ നാടകം വേദിയിലെത്തിയത്. ബാഹ്യമായ വലിയ അലങ്കാരങ്ങൾക്കോ വെളിച്ചത്തിനോ പ്രാധാന്യം നൽകാതെ, ഉച്ചരിക്കുന്ന വാക്കുകളുടെ ശക്തിക്കാണ് ഈ ശൈലിയിൽ മുൻഗണന നൽകുന്നത്. നാടകത്തിൽ ദൈവത്തെയും വിവാഹബന്ധത്തിന്റെ അലംഘനീയതയെയും പ്രതീകവൽക്കരിക്കുന്ന ‘ജ്വല്ലർ’ (സ്വർണ്ണവ്യാപാരി) എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. ദാമ്പത്യം തകർച്ചയുടെ വക്കിലെത്തുമ്പോൾ തന്റെ വിവാഹമോതിരം വിൽക്കാൻ ശ്രമിക്കുന്ന ഭാര്യയോട്, ആ മോതിരത്തിന് തനിയെ ഭാരമില്ലെന്നും രണ്ട് മോതിരങ്ങളും ഒരുമിച്ചുവെച്ചാൽ മാത്രമേ അതിന് ഭാരമുണ്ടാകൂ എന്നും പറഞ്ഞ് ജ്വല്ലർ അത് വാങ്ങാൻ വിസമ്മതിക്കുന്നു. സ്നേഹം എന്നത് എളുപ്പമുള്ള ഒരു കളിയല്ലെന്നും, അതിനായി പോരാടണമെന്നും, രണ്ട് വ്യക്തികൾക്കപ്പുറം ദൈവത്തിന്റെ വലിയൊരു സാന്നിധ്യം വിവാഹത്തിലുണ്ടെന്നും ഈ രംഗം ഓർമ്മിപ്പിക്കുന്നു.

നാടകത്തിൽ വേഷമിട്ട അന്റോണിന കോട്ട് എന്ന പോളിഷ് വിദ്യാർഥിനി തന്റെ അനുഭവം പങ്കുവെച്ചു. ജീവിതം ഒരു റൊമാന്റിക് കോമഡി സിനിമ പോലെ മധുരമുള്ളതല്ലെന്നും, ദൈവമില്ലാതെ നല്ലൊരു ദാമ്പത്യബന്ധം കെട്ടിപ്പടുക്കുക അസാധ്യമാണെന്നും ഈ നാടകം പഠിപ്പിക്കുന്നതായി കോട്ട് പറഞ്ഞു. വോയ്റ്റിവയുടെ നാടകം ഇന്നത്തെ യുവാക്കൾക്ക് വിവാഹമെന്ന കൂദാശയെ വലിയൊരു ധാർമ്മിക ഉത്തരവാദിത്തമായി കാണാനുള്ള വെല്ലുവിളിയാണ് നൽകുന്നതെന്ന് വാർസോ-പ്രാഗ രൂപതയുടെ സഹായ മെത്രാനായ ബിഷപ്പ് യാസെക് ഗ്രൈബോവ്സ്കി വ്യക്തമാക്കി.

നമ്മുടെ ധാർമ്മികവും ലൈംഗികവുമായ തീരുമാനങ്ങൾക്ക് വലിയ അനന്തരഫലങ്ങളുണ്ടെന്ന് മാർപാപ്പ ഓർമ്മിപ്പിക്കുന്നു. ഈ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പാരമ്പര്യവും ജ്ഞാനവും യുവതലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ വീണ്ടെടുക്കാനുള്ള ആദ്യപടിയായി ഈ പ്രോജക്റ്റ് മാറിയെന്നും അദ്ദേഹം പ്രശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.