കോപം നിയന്ത്രിക്കാൻ പത്ത് എളുപ്പവഴികൾ

കോപം മനുഷ്യന്റെ സ്വാഭാവികമായ ഒരു വികാരമാണ്. എല്ലാ ആളുകൾക്കും ചില സാഹചര്യങ്ങളിൽ കോപം വരാറുണ്ട്. എന്നാൽ കോപം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ കഴിയാത്തപക്ഷം അത് നമ്മുടെ ആരോഗ്യം, കുടുംബബന്ധങ്ങൾ, സൗഹൃദങ്ങൾ, ജോലിസ്ഥലം എന്നിവയെ പ്രതികൂലമായി ബാധിക്കും. കോപം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിന് പകരം, കോപത്തെ നമുക്ക് നിയന്ത്രിക്കാൻ പഠിക്കാം. അതിനായി ദിവസേന ജീവിതത്തിൽ പ്രാവർത്തികമാക്കാവുന്ന പത്ത് ലളിതമായ മാർഗങ്ങൾ നോക്കാം.

1. സംസാരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുക

കോപമുള്ള സമയത്ത് പറയുന്ന വാക്കുകൾ പിന്നീട് നമ്മെ വിഷമിപ്പിച്ചേക്കാം. അതുകൊണ്ട് സംസാരിക്കുന്നതിന് മുമ്പ് കുറച്ച് സമയം എടുത്ത് ചിന്തിക്കുക. മറ്റുള്ളവർക്കും അവരുടെ അഭിപ്രായം പറയാൻ അവസരം നൽകുക.

2. മനസ്സ് ശാന്തമായ ശേഷം നമ്മുടെ വിഷമം പറയുക

കോപം കുറഞ്ഞ ശേഷം നമ്മുടെ പ്രശ്നം ശാന്തമായും വ്യക്തമായും പറയുക. കുറ്റപ്പെടുത്താതെ, നമ്മുടെ വികാരങ്ങളും ആവശ്യങ്ങളും മാന്യമായി അറിയിക്കാൻ ശ്രമിക്കുക.

3. വ്യായാമം ചെയ്യുക

നടത്തം, ഓട്ടം, സൈക്കിൾ ചവിട്ടൽ, യോഗ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ മനസ്സിലെ സമ്മർദം കുറയ്ക്കാൻ സഹായിക്കും. കോപം തോന്നുമ്പോൾ കുറച്ച് സമയം നടക്കുന്നതും നല്ലതാണ്.

4. കുറച്ച് സമയം ഇടവേള എടുക്കുക

സമ്മർദമുള്ള സാഹചര്യങ്ങളിൽ നിന്ന് അൽപസമയം മാറിനിൽക്കുക. കുറച്ച് നിമിഷങ്ങൾ ശാന്തമായി ഇരിക്കുന്നത് മനസ്സിനെ ശമിപ്പിക്കാനും നല്ല തീരുമാനങ്ങൾ എടുക്കാനും സഹായിക്കും.

5. പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക

കോപത്തിന് കാരണമായ കാര്യത്തിൽ മാത്രം ശ്രദ്ധിക്കാതെ അതിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് മനസ്സിലാക്കുകയും യാഥാർഥ്യബോധത്തോടെ സമീപിക്കുകയും ചെയ്യുക.

6. ‘ഞാൻ’ എന്ന രീതിയിൽ സംസാരിക്കുക

“നീ എപ്പോഴും ഇങ്ങനെയാണ്” എന്ന് പറയുന്നതിനുപകരം, “എനിക്ക് ഇത് വിഷമമായി” എന്ന രീതിയിൽ സംസാരിക്കുക. ഇത് അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

7. ക്ഷമിക്കാൻ പഠിക്കുക

പഴയ ദേഷ്യവും പകയും മനസ്സിൽ സൂക്ഷിക്കുന്നത് നമ്മെ കൂടുതൽ വിഷമത്തിലാക്കും. ക്ഷമിക്കാൻ പഠിക്കുന്നത് മനസ്സിന് സമാധാനം നൽകുകയും ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

8. നർമ്മബോധം വളർത്തുക

ചില സാഹചര്യങ്ങളിൽ ചെറിയൊരു ചിരിയും നർമ്മവും സമ്മർദം കുറയ്ക്കാൻ സഹായിക്കും. എന്നാൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശ ഒഴിവാക്കണം.

9. മനസ്സിനെ ശാന്തമാക്കുന്ന ശീലങ്ങൾ പരിശീലിക്കുക

ആഴത്തിൽ ശ്വാസം എടുക്കുക, ഇഷ്ടപ്പെട്ട സംഗീതം കേൾക്കുക, പ്രാർഥിക്കുക, ധ്യാനിക്കുക, അല്ലെങ്കിൽ യോഗ പരിശീലിക്കുക. ഇത്തരം ശീലങ്ങൾ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.

10. ആവശ്യമുള്ളപ്പോൾ സഹായം തേടുക

കോപം നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, അത് നമ്മുടെ ജീവിതത്തെയും ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ, ഒരു കൗൺസിലറുടെയോ മാനസികാരോഗ്യ വിദഗ്ധന്റെയോ സഹായം തേടാൻ മടിക്കരുത്.

കോപം ഇല്ലാതാക്കുക എന്നതല്ല പ്രധാനമായത്; അത് ശരിയായ രീതിയിൽ നിയന്ത്രിക്കാൻ പഠിക്കുകയാണ് വേണ്ടത്. ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ചിന്തിച്ച് സംസാരിക്കുക, ക്ഷമിക്കാൻ പഠിക്കുക, ശാന്തത പാലിക്കുക, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക. ഈ നല്ല ശീലങ്ങൾ പരിശീലിച്ചാൽ കോപത്തെ നിയന്ത്രിക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും നമുക്ക് കഴിയും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.