
ഹെറാൾഡ്‌സ് ഓഫ് ദി ഗോസ്‌പലിന്റെ സ്ഥാപകനായ മോൺസിഞ്ഞോർ ജോവോ സ്കോഗ്നാമിഗ്ലിയോ ക്ലാ ഡയസ് അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. ബ്രസീലിലെ സാവോ പോളോയിൽ നവംബർ ഒന്നിന് പുലർച്ചെ 2.30 ഓടെയായിരുന്നു അന്ത്യം.
“ഹെറാൾഡ്‌സ് ഓഫ് ദി ഗോസ്‌പലിന്റെ സ്ഥാപകൻ എന്ന നിലയിൽ, അഞ്ച് ഭൂഖണ്ഡങ്ങളിലെ സ്ഥാപനവുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിനു കത്തോലിക്കർക്ക് ജീവിതവിശുദ്ധിയുടെ പൈതൃകം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം” – ഹെറാൾഡ്‌സ് ഓഫ് ദി ഗോസ്‌പലിന്റെ പ്രസ്താവനയിൽ പറഞ്ഞു.
1939 ആഗസ്റ്റ് 15 ന് സാവോ പോളോയിലാണ് ജോവോ സ്കോഗ്നാമിഗ്ലിയോ ക്ലാ ഡയസ് ജനിച്ചത്. 1956 ജൂലൈ ഏഴിന് അദ്ദേഹം ബ്രസീലിയൻ സൊസൈറ്റി ഫോർ ദി ഡിഫൻസ് ഓഫ് ട്രഡീഷൻ, ഫാമിലി ആൻഡ് പ്രോപ്പർട്ടി (TFP) യുടെ സ്ഥാപകനായ പ്ലിനിയോ കോറിയ ഡി ഒലിവേരയെ കണ്ടുമുട്ടി. 1958 ൽ ബ്രസീലിയൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, വിദ്യാഭ്യാസമേഖലയിലെ ഏറ്റവും വിശിഷ്ടമായ സൈനികബഹുമതിയായ മാരെച്ചൽ ഹെർമിസ് മെഡലിനും അർഹനായി.
സാവോ പോളോയിലെ ലാർഗോ സാവോ ഫ്രാൻസിസ്കോ ഫാക്കൽറ്റിയിൽ നിയമം പഠിച്ച അദ്ദേഹം തുടർന്ന്, ദൈവശാസ്ത്രത്തിലും കാനൻ നിയമത്തിലും ഡോക്ടറേറ്റ് പൂർത്തിയാക്കി. അദ്ദേഹം അരിസ്റ്റോട്ടിലിയൻ-തോമിസ്റ്റിക് ഫിലോസഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും സാവോ ടോമാസ് ഡി അക്വിനോ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും കൂടാതെ, ല്യൂമെൻ വെരിറ്റാറ്റിസ് എന്ന ശാസ്ത്രമാസികയും ഹെറാൾഡ്സ് ഓഫ് ദ ഗോസ്പൽ എന്ന കത്തോലിക്കാ സാംസ്കാരിക മാസികയും സ്ഥാപിച്ചു.
2005 ജൂൺ 15 ന് അദ്ദേഹം തന്റെ 65-ാമത്തെ വയസ്സിൽ പുരോഹിതനായി അഭിഷിക്തനായി. 2008 ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ റോമിലെ മേരി മേജർ ബസിലിക്കയുടെ പ്രോട്ടോനോട്ടറി അപ്പസ്തോലിക്കായും ഓണററി കാനോനുമായി നിയമിച്ചു. 2009 ആഗസ്റ്റ് 15 ന്, സഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടിയുള്ള തീക്ഷ്ണതയ്ക്ക് പ്രോ എക്ലീസിയ എറ്റ് പോന്തിസ് മെഡലും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.




