ഒരു മാർപാപ്പ ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ സ്ത്രീ ആരാണ്?

ആദ്യകാല സഭ വ്യാപകമായി വിശുദ്ധ പദവി അംഗീകരിച്ച മിക്ക വിശുദ്ധരും രക്തസാക്ഷികളായിരുന്നു. കാരണം റോമൻ സാമ്രാജ്യം ക്രിസ്തുമതത്തെ കഠിനമായി പീഡിപ്പിച്ചു. ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിക്കുന്ന പ്രക്രിയ ഉണ്ടായിരുന്നില്ലെങ്കിലും, ഈ രക്തസാക്ഷികളെ വിശുദ്ധരായി വിളിച്ചിരുന്നു. പൊതുജനങ്ങളുടെ അംഗീകാരത്തെയും വിശുദ്ധന്റെ മധ്യസ്ഥതയിലൂടെ സംഭവിച്ചിരിക്കാവുന്ന വിവിധ അദ്ഭുതങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നു വിശുദ്ധ പദവി നൽകിയിരുന്നത്.

രക്തസാക്ഷികളുടെ എണ്ണത്തിൽ വർധനവുണ്ടായപ്പോൾ, വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള അവകാശവാദങ്ങളും വർധിച്ചു. അങ്ങനെയാണ് വിവിധ അവകാശവാദങ്ങൾ പരിശോധിക്കുന്നതിനുള്ള ഒരു നടപടിക്രമം വികസിപ്പിച്ചെടുത്തത്. തുടക്കത്തിൽ പ്രാദേശിക ബിഷപ്പുമാർക്ക് വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കാൻ കഴിയുമായിരുന്നു. എന്നാൽ പിന്നീട് ഇത് മാർപാപ്പമാരുടെ പദവിയായി മാറി.

993-ൽ ജോൺ പതിനഞ്ചാമൻ മാർപാപ്പ ഓഗ്സ്ബർഗിലെ വിശുദ്ധ ഉൾറിച്ചിനെയും തുടർന്ന് 1047-ൽ ക്ലെമന്റ് രണ്ടാമൻ മാർപാപ്പ വിശുദ്ധ വിബൊറാഡയെയും വിശുദ്ധയായി പ്രഖ്യാപിച്ചു. അങ്ങനെ മാർപാപ്പ ഔദ്യോഗികമായി വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ വനിതയായി വിശുദ്ധ വിബൊറാഡ മാറി.

വി. വിബോറഡ

വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ വനിതയാണ് വി. വിബോറഡ (മരണം. 926). ഒരു സ്വിസ് സന്യാസിയും പ്രവാചകയുമായ വിബോറഡ ഒരു ആശ്രമത്തിലെ ബുക്ക്ബൈൻഡറായിരുന്നു. ഹംഗേറിയൻ സേനയുടെ വരാനിരിക്കുന്ന അധിനിവേശം അവർ മുൻകൂട്ടി പറയുകയും ഏറ്റവും വിലയേറിയ കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാൻ സന്യാസിമാരെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ വിബോറഡ തന്റെ സ്ഥാനം (അല്ലെങ്കിൽ അവളുടെ പുസ്തകങ്ങൾ) ഉപേക്ഷിക്കാൻ വിസമ്മതിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ലൈബ്രേറിയൻമാരുടെ രക്ഷാധികാരിയായ അവർ ഒരു കൈയിൽ ഒരു പുസ്തകവും മറുകൈയിൽ ഒരു കോടാലിയും (അവളുടെ രക്തസാക്ഷിത്വത്തിന്റെ ഉപകരണം) പിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.

വി. വിബോറഡയുടെ തിരുനാൾ ദിനം മെയ് രണ്ടിനാണ്. സ്വിറ്റ്സർലൻഡിൽ വളരെ പ്രത്യേകമായി ആദരിക്കപ്പെടുന്ന വിശുദ്ധയാണ് വി. വിബോറഡ. 11-ാം നൂറ്റാണ്ടിന് മുമ്പ് സ്ത്രീ വിശുദ്ധരൊന്നും ഉണ്ടായിരുന്നില്ല എന്നല്ല ഇതിനർത്ഥം. ആ സമയത്ത് ഒരു ഔപചാരിക പ്രക്രിയയും ഉണ്ടായിരുന്നില്ല.

സഭയ്ക്ക് ധാരാളം സ്ത്രീ വിശുദ്ധരുണ്ട്, പ്രത്യേകിച്ച് ആദ്യകാല സഭയിൽ നിന്നുള്ളവർ, അവരിൽ പലരും രക്തസാക്ഷികളാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.