
“ഞങ്ങളുടെ ആളുകൾ ദരിദ്രരാണ്. എങ്കിലും അവരുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ട്,” മഡഗാസ്കറിലെ സ്ലൊവേനിയൻ മിഷനറിയായ ഫാദർ ജാനസ് മെസെക് പറയുന്നു. അവിടത്തെ ജനങ്ങളുടെ സന്തോഷം എപ്പോഴും അദ്ദേഹത്തിന് പ്രചോദനമാണ്. ചെറിയ കാര്യങ്ങളിൽ അവർ കണ്ടെത്തുന്ന സന്തോഷവും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ജീവിതത്തെ അവർ വിശ്വാസത്തോടെ സ്വീകരിക്കുന്നതുമെല്ലാം മാതൃകയാക്കേണ്ട കാര്യങ്ങളാണെന്ന് അദ്ദേഹം പറയുന്നു.
ഇവിടെ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലെന്നല്ല ഇതിനർഥം. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദനയെക്കുറിച്ചും അതിജീവിക്കാൻ സഹായം ആവശ്യമുള്ള കുടുംബങ്ങളെക്കുറിച്ചും ഫാദർ മെസെക് സംസാരിക്കുന്നു.
ജീവിതത്തിന്റെയും മരണത്തിന്റെയും അർഥം കണ്ടെത്തൽ
ഒരു ഗ്രാമവാസി മരിക്കുമ്പോൾ, പരസ്പര പിന്തുണ എന്നാൽ എന്താണെന്ന് ഈ സമൂഹം തെളിയിക്കുന്നു. അവർ തങ്ങളുടെ ദുഃഖം ഉറക്കെയും തുറന്നും പ്രകടിപ്പിക്കുന്നു. അതിനുശേഷം, യാത്ര അയയ്പ്പിനായി എല്ലാം ഒരുക്കാൻ അവർ ഒന്നിച്ച് പ്രവർത്തിക്കുന്നു. സംസ്കാര ചടങ്ങുകൾക്ക് അവർ വലിയ പ്രാധാന്യമാണ് നൽകുന്നത്. മരണത്തോടുള്ള അവരുടെ ഈ സമീപനത്തിലൂടെ, ജീവിതം പൂർണ്ണമായും മനുഷ്യന്റെ കൈകളിൽ അല്ലെന്നുള്ള വിശ്വാസമാണ് ഫാദർ മെസെക് കാണുന്നത്.
“ജീവിതത്തിന് അർഥമുണ്ടെന്ന് അവർക്ക് ദൃഢവിശ്വാസമുണ്ട്. എന്നാൽ ജീവിതത്തിന്റെ യജമാനന്മാർ തങ്ങളല്ലെന്നും, ജീവൻ നൽകുകയും അത് എടുത്തുമാറ്റുകയും ചെയ്യുന്ന സൃഷ്ടാവായ ദൈവമാണ് അതെന്നും അവർക്കറിയാം,” അദ്ദേഹം വിശദീകരിക്കുന്നു.
ചിലപ്പോൾ അവരുടെ ആവശ്യങ്ങൾക്കുള്ള മറുപടി വളരെ വ്യക്തമാണ്. ആളുകൾക്ക് കഴിക്കാൻ ആവശ്യത്തിന് ഭക്ഷണം ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ആദ്യ മുൻഗണന. ഫാ. മെസെക് സേവനമനുഷ്ഠിക്കുന്ന സമൂഹത്തിൽ ഒരു വലിയ തീപിടിത്തമുണ്ടായതിനു ശേഷമുള്ള സാഹചര്യം അങ്ങനെയായിരുന്നു. “ഞങ്ങൾ ഒരു ലോറി നിറയെ അരി കൊണ്ടുവന്ന് ഒറ്റ ദിവസംകൊണ്ട് വിതരണം ചെയ്തു,” അദ്ദേഹം ഓർക്കുന്നു. ആ സഹായത്തിൽ ആളുകൾക്ക് അഗാധമായ കൃതജ്ഞതയുണ്ടായിരുന്നു.
എന്നാൽ അത്തരം സഹായങ്ങൾ അസാധാരണമായ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഇവിടത്തെ ആളുകൾ മറ്റുള്ളവർ നൽകുന്ന സഹായങ്ങളെ മാത്രം ആശ്രയിക്കാതെ, സ്വന്തം കുടുംബങ്ങളെ സംരക്ഷിക്കാൻ പര്യാപ്തമായ വരുമാനം സ്വന്തമായി ഉണ്ടാക്കാൻ കഴിയുന്നവരായി മാറണം എന്ന ഉദ്ദേശ്യത്തോടെയാണ് ഫാദർ മെസെക് തന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നത്.
രാവിലെ ഏതാനും മണിക്കൂറുകൾ മാത്രം ജോലി ചെയ്തതിന് ഏകദേശം ഒരു യൂറോ (ഏകദേശം 1 ഡോളറിന് മുകളിൽ) ലഭിക്കുന്ന സ്ത്രീകളെക്കുറിച്ച് ഫാദർ മെസെക് പരാമർശിക്കുന്നു. ഈ പണം കൊണ്ട് അവർക്ക് അരി വാങ്ങാം, ഒപ്പം സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ സഹായിച്ചുവെന്ന സംതൃപ്തിയോടെ അവർക്ക് വീട്ടിലേക്ക് മടങ്ങാം. “ജോലി തീർത്ത് അവർ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് വീട്ടിലേക്ക് പോകുന്നത്,” അദ്ദേഹം വെളിപ്പെടുത്തുന്നു.
ഓരോ ജോലിക്കും അതിന്റേതായ വിലയുണ്ട്
പള്ളിയും മുറ്റവും ദിവസവും വൃത്തിയാക്കുന്ന തന്റെ ഒരു സുഹൃത്തിന്റെ കാര്യം ഫാദർ മെസെക്കിനെ പ്രത്യേകമായി സ്പർശിച്ചു. അദ്ദേഹം കൃത്യമായും വലിയ സന്തോഷത്തോടും കൂടി ഈ ജോലി ചെയ്യുന്നു, അതിന് പകരമായി ഫാദർ മെസെക് അദ്ദേഹത്തിന് ഭക്ഷണത്തിനായി കുറച്ച് പണം നൽകുന്നു.
ചെറുപ്പത്തിൽ തന്നെ മിഷനറി പ്രവർത്തനങ്ങളോട് ഫാദർ മെസെക്കിന് താൽപ്പര്യമുണ്ടായിരുന്നു, എന്നാൽ ഔദ്യോഗികമായി നിയോഗിക്കപ്പെടുക എന്നത് അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതായിരുന്നു. മിഷനിൽ പത്തു വർഷം സേവനമനുഷ്ഠിച്ച ശേഷം മെത്രാൻ, ഫാദർ മെസെക്കിനെ സ്ലൊവേനിയയിലേക്ക് തിരികെ വിളിച്ചപ്പോൾ, അദ്ദേഹം മടങ്ങിയെത്തുകയും അവിടെ രണ്ട് വർഷം ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പിന്നീട് വീണ്ടും അവസരം വന്നപ്പോൾ അദ്ദേഹം സന്തോഷത്തോടെ മഡഗാസ്കറിലേക്ക് തിരിച്ചുപോന്നു.
“ഏറ്റവും പ്രധാനം ഞാൻ ഒരു പുരോഹിതനാണ് എന്നതും ഞാൻ യേശുക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്നതുമാണ്.” ഫാദർ മെസെക് പറയുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ആളുകളെ സഹായിക്കുന്നതും സുവിശേഷം പ്രസംഗിക്കുന്നതും ഒരുമിച്ചുപോകുന്ന കാര്യങ്ങളാണ്.
അതുകൊണ്ടുതന്നെ, മഡഗാസ്കറിലെ ജനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം അവരുടെ ദാരിദ്ര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. അവരുടെ സന്തോഷവും വിശ്വാസവും സ്വന്തം അധ്വാനത്തിലൂടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാനുള്ള അവരുടെ ആഗ്രഹവുമാണ് ഫാദർ മെസെക് കാണുന്നത്. ഈ യാത്രയിൽ അവരോടൊപ്പം ഉണ്ടായിരിക്കുക എന്നതാണ് തന്റെ കർത്തവ്യമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു.




