പ്രശസ്ത അഭിനേതാവായ ജെയിംസ് ഏൾ ജോൺസ് അന്തരിച്ചു

പ്രശസ്ത അഭിനേതാവായ ജെയിംസ് ഏൾ ജോൺസ് അന്തരിച്ചു. സെപ്റ്റംബർ ഒൻപതിന് ന്യൂയോർക്കിലെ ഡച്ചസ് കൗണ്ടിയിലെ വീട്ടിൽവച്ചാണ് അദ്ദേഹം മരണമടഞ്ഞതെന്ന് അദ്ദേഹത്തിന്റെ ഏജന്റ് വാർത്താമാധ്യമങ്ങളെ അറിയിച്ചു. കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത പ്രശസ്തനായ അഭിനേതാവായിരുന്നു അദ്ദേഹം.

സ്റ്റാർ വാർസ് സാഗയിലെ ഡാർത്ത് വാഡർ, ദി ലയൺ കിംഗിലെ മുഫാസ തുടങ്ങിയ കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയും അഭിനയരംഗത്തും ജെയിംസ് ഏൾ ജോൺസ് ഏഴ് പതിറ്റാണ്ടോളമുണ്ടായിരുന്നു. എമ്മി (ടെലിവിഷൻ), ഗ്രാമി (സംഗീതം), ഓസ്കാർ (ചലച്ചിത്രം), ടോണി (തിയേറ്റർ) എന്നിങ്ങനെയുള്ള വിവിധ തലങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയ ചുരുക്കം ചില കലാകാരന്മാരിലൊരാളായിരുന്നു അദ്ദേഹം.

1931 ജനുവരി 17-ന് മിസിസിപ്പിയിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ജോൺസ്, ചെറുപ്രായത്തിൽത്തന്നെ കലാപരമായ കഴിവുകളിൽ മികവ് പ്രകടിപ്പിച്ചിരുന്നു. കോളേജിൽനിന്ന് ബിരുദം നേടിയശേഷം അദ്ദേഹം സൈന്യത്തിൽ ചേർന്നെങ്കിലും പിന്നീട് അഭിനയത്തിലേക്കു കടന്നു. ഷേക്‌സ്പിയർ വേഷങ്ങളിലൂടെയാണ് അദ്ദേഹം അതിവേഗം പ്രശസ്തനായത്. ഒരു മികച്ച സ്റ്റേജ് നടനായ ജോൺസ് വ്യത്യസ്തമായ ശബ്ദാനുകരണങ്ങൾ ഉൾപ്പെടെ ഡസൻകണക്കിനു വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംപിടിച്ചു.

1987-ലെ ഒരു അഭിമുഖത്തിൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ച സമയത്താണ് താൻ വിശ്വാസത്തിലേക്ക് കടന്നുവന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.