വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യൻ സാന്നിധ്യം അപകടത്തിലാണെന്ന മുന്നറിയിപ്പുമായി പാലസ്തീൻ പ്രസിഡന്റ്

വിശുദ്ധ ഭൂമിയിലെ പ്രവർത്തങ്ങളിൽ ക്രിസ്തുമതത്തിന്റെ പ്രധാന പങ്കിനെ അനുസ്മരിക്കുകയും അവിടെ ക്രിസ്ത്യൻ സാന്നിധ്യം അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത് പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഓസ്‌ലോ ഉടമ്പടിയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് എൽ ഓസർവേറ്റോർ റൊമാനോയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. 2005 മുതൽ പാലസ്തീൻ പ്രസിഡന്റായി തുടരുന്ന വ്യക്തിയാണ് മഹ്മൂദ് അബ്ബാസ്.

പാലസ്തീനിലെ ക്രിസ്തുമതത്തെ വ്യത്യസ്തമാക്കുന്നത്, യേശു ഈ നാടിന്റെ പുത്രനാണ് എന്ന വസ്തുതയാണ്. ഇവിടെ ബെത്‌ലഹേം നഗരത്തിൽ ഒരു എളിയ ഗുഹയിലാണ് അവിടുന്ന് ജനിച്ചത്. അതിന്മേൽ പിന്നീട് തിരുപ്പിറവിയുടെ ബസിലിക്ക നിർമ്മിക്കുകയായിരുന്നു. ഓരോ വർഷവും മൂന്ന് ക്രിസ്തുമസ് കുർബാനകളിൽ (കാത്തലിക്, ഓർത്തഡോക്സ്, അർമേനിയൻ അപ്പോസ്തോലിക് പള്ളികളിൽ) പങ്കെടുക്കുന്ന വ്യക്തിയാണ് അബ്ബാസ്.

“പാലസ്തീനിയൻ നാഷണൽ അതോറിറ്റി എന്ന നിലയിൽ ഞങ്ങൾ പ്രാദേശിക ക്രിസ്ത്യാനികൾക്കും ലോകമെമ്പാടുമുള്ള നിരവധി തീർത്ഥാടകർക്കും പ്രിയപ്പെട്ട ഈ ആരാധനാലയങ്ങളുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ, ഈ അടുത്ത വർഷങ്ങളിൽ, സ്റ്റാറ്റസ് ക്വോയോട് ചേർന്നുനിൽക്കുന്ന ബെത്‌ലഹേമിലെ നേറ്റിവിറ്റി ബസിലിക്കകളുടെയും ജറുസലേമിലെ ഹോളി സെപൽച്ചറിന്റെയും പ്രധാന പുനരുദ്ധാരണങ്ങൾ ആരംഭിക്കാൻ ഞങ്ങൾ മടിച്ചിട്ടില്ല. ഞങ്ങളുടെ എല്ലാ പൗരന്മാരും ക്രിസ്ത്യാനികൾക്കൊപ്പം ചേർന്ന് ക്രിസ്ത്യൻ അവധി ദിനങ്ങൾ ആഘോഷിക്കുന്നു. ക്രിസ്തുമതം ഉത്ഭവിച്ച് ലോകമെമ്പാടും വ്യാപിച്ച വിശുദ്ധിയുടെ നാടാണ് പാലസ്തീൻ എന്ന് ഞങ്ങൾക്കറിയാം” – മഹ്മൂദ് അബ്ബാസ് പറഞ്ഞു.

ഈ മേഖലയിലെ സമാധാനത്തിനായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമങ്ങളെയും അബ്ബാസ് അഭിമുഖത്തിൽ പ്രശംസിച്ചു. ക്രിസ്ത്യൻ സാന്നിധ്യം അപകടത്തിലാണ്. ഇവിടെ ഭൂമിയുടെ ഉപ്പായ നല്ല ക്രിസ്ത്യൻ മക്കളെ വിശുദ്ധ ഭൂമിക്ക് നഷ്ടപ്പെടുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ, ക്രിസ്ത്യൻ – ഇസ്ളാമിക  വിശ്വാസങ്ങളുടെ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാൻ പാലസ്തീൻ ജനതയ്ക്ക് പിന്തുണയായി നിൽക്കാൻ ലോകത്തിലെ പള്ളികളോടും തലസ്ഥാനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു എന്നു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.