
1903 ജൂലൈ 19 നാണ് ഫ്രഞ്ച് സൈക്കിളോട്ടക്കാരനായ മോറിസ് ഗാരിൻ ടൂർ ദെ ഫ്രാൻസിലെ ആദ്യ വിജയിയാകുന്നത്. 2,482 കിലോമീറ്ററാണ് മോറിസ് തന്റെ സൈക്കിളിൽ പിന്നിട്ടത്. ഫൈനൽ സ്റ്റേജിലെത്തിയപ്പോൾ 21 റൈഡർമാർ മാത്രമാണ് ഉണ്ടായിരുന്നത്. പാരീസിൽ നിന്ന് ആരംഭിച്ച അവസാന റൗണ്ടിന്റെ ആരംഭത്തിൽതന്നെ ഗാരിൻ മുൻതൂക്കം നേടിയിരുന്നു. ഒടുവിൽ ഒന്നാമനായി മത്സരം പൂർത്തിയാക്കുമ്പോൾ രണ്ടാം സ്ഥാനക്കാരൻ, ഗാരിനെക്കാൾ രണ്ടര മണിക്കൂർ പിന്നിലായിരുന്നു. ലോകത്തിലെ അതിപ്രശസ്തവും വലുതുമായ റോഡ് സൈക്കിളോട്ട മത്സരമാണ് 1903 ൽ ആരംഭിച്ച ടൂർ ദെ ഫ്രാൻസ്. എല്ലാ വർഷവും ജൂലൈ മാസത്തിലാണ് ടൂർ ദെ ഫ്രാൻസ് നടക്കുന്നത്. മൂന്നാഴ്ചയാണ് മത്സരത്തിന്റെ ദൈർഘ്യം.
1969 ജൂലൈ 19 ന് രാത്രിയാണ് രാജ്യത്തെ 14 പ്രമുഖ ബാങ്കുകളെ ദേശസാൽക്കരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനമുണ്ടായത്. രാജ്യത്തെ നിക്ഷേപത്തിന്റെ 70% അന്ന് ഈ ബാങ്കുകളിലായിരുന്നു. 19 നു രാത്രി 08.30 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതുവരെ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഈ രഹസ്യം അറിഞ്ഞിരുന്നത്. ബാങ്കുകൾക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ടുള്ള ഏറ്റെടുക്കൽ ഫോർമുലയാണ് തയാറാക്കിയത്. ഇതനുസരിച്ച് 14 ബാങ്കുകൾക്കും കൂടി നൽകേണ്ടിയിരുന്നത് 87.4 കോടി രൂപായായിരുന്നു. ഓർഡിനൻസായാണ് തീരുമാനം പുറത്തിറങ്ങിയത്. ഇതിനെ ചിലർ കോടതിയിൽ നേരിട്ടു. ഒരു മാസത്തിലേറെ നീണ്ട വാദത്തിനൊടുവിൽ സർക്കാർ തീരുമാനത്തിന് സുപ്രീംകോടതിയുടെയും അംഗീകാരം ലഭിച്ചു. പിന്നീട് ചെറിയ മാറ്റങ്ങളോടെ ബില്ല് അവതരിപ്പിച്ച് പാസ്സാക്കുകയായിരുന്നു. ബാങ്ക് ദേശസാൽക്കരണത്തിന്റെ രണ്ടാം ഘട്ടമായിരുന്നു ഇത്. 1955 ൽ ഇംപീരിയൽ ബാങ്ക് ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ചിരുന്നു. മൂന്നാം ഘട്ടമായി 1980 ൽ ആറ് ബാങ്കുകൾ കൂടി ദേശസാൽക്കരിച്ചു.
1980 ജൂലൈ 19 നാണ് മോസ്കോ ഒളിമ്പിക്സ് ആരംഭിച്ചത്. 19-ാമത്തെ ആധുനിക ഒളിമ്പിക്സായിരുന്നു ഇത്. 60 രാജ്യങ്ങൾ ബഹിഷ്കരിച്ച ഒളിമ്പിക്സ് എന്ന നിലയിലാണ് ഇത് ചരിത്രത്തിൽ അറിയപ്പെടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഏറ്റവുമധികം രാജ്യങ്ങൾ ബഹിഷ്കരിച്ച ഒളിമ്പിക്സും ഇതുതന്നെയാണ്. 1979 ഡിസംബറിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ അധിനിവേശത്തിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടറാണ് ബഹിഷ്കരണത്തിന് ആഹ്വാനം നൽകിയത്. 5000 കായികതാരങ്ങളാണ് പല രാജ്യങ്ങളിൽ നിന്നായി ഈ ഒളിമ്പിക്സിൽനിന്നു വിട്ടുനിന്നത്.
സുനീഷ വി എഫ്




