
ആഭ്യന്തരയുദ്ധം തകർത്ത സുഡാനിൽ നിന്നും ജീവനും കൊണ്ട് ഈജിപ്തിലേക്ക് അഭയം തേടിയെത്തിയ സുഡാനി പൗരന്മാർ അവിടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാകുന്നതായി റിപ്പോർട്ട്. സുരക്ഷിത താവളം പ്രതീക്ഷിച്ച് ഈജിപ്തിൽ എത്തിയ അഭയാർഥികളെ അധികൃതർ കൂട്ടത്തോടെ ജയിലിലടയ്ക്കുകയും ക്രൂരമായ പീഡനങ്ങൾക്കിരയാക്കി നാടുകടത്തുകയും ചെയ്യുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
അഭയാർഥി ക്യാമ്പുകളിലെ പീഡനത്തിന് ഇരയായി കഴിഞ്ഞ ദിവസം അൽ-നസീർ അൽ-സാദിഖ് എന്ന 18-കാരനായ സുഡാനി ഹൈസ്‌കൂൾ വിദ്യാർഥി കെയ്‌റോയിലെ ഒരു ജയിലിൽ വച്ച് മരണപ്പെട്ടിരുന്നു. വൃത്തിഹീനമായ ജയിൽ അന്തരീക്ഷത്തിൽ മൂന്ന് ആഴ്ചയിലേറെ തടവിൽ കഴിഞ്ഞ സാദിഖിന് ക്രൂരമായ മർദനമേറ്റിരുന്നതായും ഒടുവിൽ കടുത്ത ന്യൂമോണിയ ബാധിച്ചാണ് മരിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. അഭയാർഥികൾക്ക് സുരക്ഷിത താവളമൊരുക്കുന്നു എന്ന ഈജിപ്തിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, രാജ്യത്ത് അഭയാർഥികൾക്കെതിരെ നടക്കുന്ന വ്യാപകമായ അടിച്ചമർത്തലുകളുടെ ഇരയാണ് സാദിഖ് എന്ന് മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ അഭയാർഥികളോട് മോശമായി പെരുമാറുന്നു എന്ന ആരോപണം ഈജിപ്ത് നിഷേധിച്ചു. 2023-ൽ സുഡാനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പത്ത് ലക്ഷത്തിലധികം ആളുകളെ ഈജിപ്ത് സ്വീകരിച്ചിരുന്നു. എന്നാൽ നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റക്കാർക്കെതിരെയുള്ള പ്രാദേശിക ജനവികാരവും കാരണം അധികൃതർ ഇപ്പോൾ കർശന നിലപാടുകളിലേക്ക് കടന്നിരിക്കുകയാണ്.




