
കണ്ണൂർ ചെറുപുഴയിൽ തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തുന്നതിനിടയിൽ ജീവൻ വെടിഞ്ഞ രാജേഷിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അഗാധമായ അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മാതൃകാപരമായ ധീരതയാണ് രാജേഷ് പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജേഷിന്റെ ധീരതയെ മാനിച്ചുകൊണ്ട് അദ്ദേഹത്തിന് സംസ്ഥാന ബഹുമതി നൽകും. കൂടാതെ, കുടുംബത്തിന്റെ സംരക്ഷണത്തിനായി വീടുപണി സർക്കാർ ഏറ്റെടുക്കുമെന്നും കുടുംബത്തിന് അടിയന്തര ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണൂർ ചെറുപുഴ പഞ്ചായത്തിലെ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് റെപ്പലിങ് ഇൻസ്ട്രക്ടർ രാജേഷ് ഒഴുക്കിൽപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. കർണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള മീൻതുള്ളി തുരുത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ സുരക്ഷിതമായി കരയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
രക്ഷാപ്രവർത്തനത്തിനായുള്ള ലൈഫ് ജാക്കറ്റ്, റോപ്പ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ രാജേഷ് ധരിച്ചിരുന്നു. എന്നാൽ തുരുത്തിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവരികയായിരുന്ന ബെന്നിയുടെ സുരക്ഷയെ മുൻനിർത്തി, രാജേഷ് തന്റെ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പുഴയ്ക്ക് ഇക്കരെ എത്താറായപ്പോൾ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് കയറിൽനിന്ന് പിടിവിട്ട് രാജേഷ് ഒഴുക്കിൽപ്പെട്ടു. തുടർന്ന് നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താനായത്. സ്വന്തം ജീവൻ നൽകി മറ്റൊരു മനുഷ്യന്റെ ജീവൻ രക്ഷിച്ച രാജേഷിന്റെ മാതൃക കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടും.




