
സമാനതകളില്ലാത്ത ഒരു ദുരന്തത്തിന് ലോകം സാക്ഷ്യം വഹിച്ച ദിനമാണ് 1945 ആഗസ്റ്റ് ആറ്. അന്നാണ് ഹിരോഷിമയിൽ ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് പതിച്ചത്. രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിക്കാനുള്ള അറ്റകൈ പ്രയോഗമായി ജപ്പാനിൽ അമേരിക്ക വർഷിച്ചതായിരുന്നു അണുബോംബ്. ഹിരോഷിമയ്ക്കു മീതെ വട്ടമിട്ടു പറന്ന ഇനോല ഗേ എന്ന വിമാനത്തിൽ നിന്നാണ് രാവിലെ എട്ടേകാലോടെ ബോംബ് വർഷിച്ചത്. താഴേക്കെത്തി 45-ാം സെക്കൻഡിൽ ഹിരോഷിമ നഗരത്തിന്റെ ഏകദേശം 1900 അടി ഉയരത്തിൽവച്ച് ബോംബ് പൊട്ടിത്തെറിച്ചു. 64 കിലോഗ്രാം ഭാരമുള്ള ബോംബിൽനിന്ന് പുറത്തേക്കു പ്രവഹിച്ച റേഡിയോ വികിരണങ്ങളുടെ ഊർജപ്രവാഹത്തിൽ മനുഷ്യരും മൃഗങ്ങളും സസ്യജാലങ്ങളും നിന്നനിൽപിൽ കരിഞ്ഞു ചാരമായി. പർവതസമാനമായ പുക, കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നുപൊങ്ങി, 1000 അടി ഉയരം വരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഒറ്റയടിക്ക് എഴുപതിനായിരത്തിലേറെപ്പേർ മരിച്ചുവീണു. ആ വർഷം അവസാനിച്ചപ്പോഴേക്കും മരണസംഖ്യ 1.4 ലക്ഷം കടന്നിരുന്നു.
1962 ആഗസ്റ്റ് ആറിനാണ് ജമൈക്ക സ്വതന്ത്രമായത്. കോമൺവെൽത്തിനു കീഴിൽ ബ്രിട്ടീഷ് രാജഭരണാധികാരിയെ രാജ്യതലവനായി സ്വീകരിച്ചുകൊണ്ടാണ് ജമൈക്ക പുതുയുഗത്തിലേക്കു കടന്നത്. അലക്സാണ്ടർ ബുസ്റ്റമാന്റെ ആയിരുന്നു ആദ്യ പ്രധാനമന്ത്രി. കരീബിയൻ കടലിൽ ഗ്രേറ്റർ ആന്റലീസ് മേഖലയിലുള്ള ദ്വീപ് രാജ്യമാണ് ജമൈക്ക. ആദ്യം സ്പാനിഷ് കോളനിയായിരുന്ന രാജ്യം പിന്നീട് ബ്രിട്ടന്റെ നിയന്ത്രണത്തിലാവുകയായിരുന്നു. 1831 ൽ ബാപ്റ്റിസ്റ്റ് യുദ്ധം എന്നറിയപ്പെട്ട കലാപം ആരംഭിച്ചു. ഇതിന്റെ ഫലമായി ബ്രിട്ടീഷ് പാർലമെന്റ് കോളനികളിലെ അടിമത്തം അവസാനിപ്പിച്ചു. പീപ്പിൾസ് നാഷണൽ പാർട്ടിയും, ജമൈക്ക ലേബർ പാർട്ടിയും നേതൃത്വം നൽകിയ സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായി 1944 ൽ സമ്പൂർണ്ണ വോട്ടവകാശം ലഭിച്ചു. തുടർന്ന് 1962 ൽ സ്വതന്ത്ര രാഷ്ട്രമായി.
രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിന്റെ പേര് മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് എന്ന് മാറ്റിയത് 2021 ആഗസ്റ്റ് ആറിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പേരുമാറ്റത്തിന്റെ വിവരം അറിയിച്ചത്. ഇന്ത്യയുടെ പരമോന്നത കായികപുരസ്കാരമാണ് ഖേൽരത്ന. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ മെഡൽ നേടിയതിനു പിന്നാലെയാണ് പുരസ്കാരത്തിന്റെ പേര് മാറ്റിയത്.
സുനീഷ വി എഫ്




